കെ ജെ സാബു
ജനാധിപത്യം പുതിയപുതിയ രീതിശാസ്ത്രങ്ങൾ കൈവരിക്കുകയാണ് .സ്ഥലം എം പി ആണ്ടും കൊല്ലവുമെത്തി മണ്ഡലത്തിൽ എത്തുമ്പോൾ പാർട്ടിക്കാർ കൊടുക്കുന്ന വൻ സ്വീകരണമാണ് പുതിയ ഇനം .വയനാട് മണ്ഡലത്തിൽ കോൺഗ്രസ്സുകാർ തുടങ്ങിവച്ചതാണ് ഈ ഇടപാട് .സിപിഎമ്മുകാർ കൊലക്കേസ് പ്രതികൾക്കാണ് ഇങ്ങനെ സ്വീകരണം ഒരുക്കാറുള്ളത് . കള്ളവോട്ടർപ്പട്ടിക വിവാദങ്ങൾക്കിടെ തൃശൂരിലെ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി ഇന്ന് ജില്ലയിലെത്തുമ്പോൾ അതൊരു മഹാസംഭവമാക്കാനാണ് ബിജെപി ശ്രമിക്കുന്നത് .
ഡൽഹിയിൽ നിന്ന് പുലർച്ചെ രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം വന്ദേഭാരത് ട്രെയിനിൽ തൃശൂരിലേക്ക് പുറപ്പെട്ട് രാവിലെ 9.30ഓടെ തൃശൂരിലെത്തുമെന്നാണ് മോദിമീഡിയ വാർത്തകൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് . സുരേഷ് ഗോപിക്ക് ബിജെപി പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
വോട്ടർപ്പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച അദ്ദേഹത്തിൻ്റെ ചേരൂരിലുള്ള ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
ഈ സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിലേക്ക് വഴിമാറി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് ബിജെപി പ്രവർത്തകർ നടത്തുന്ന മാർച്ചിൽ സുരേഷ് ഗോപി പങ്കെടുക്കുമെന്നാണ് വിവരം.
സുരേഷ് ഗോപി തൃശൂരിൽ എത്തുന്നത് ഈ സാഹചര്യത്തിൽ കൂടുതൽ രാഷ്ട്രീയ ഏറ്റമുട്ടലുകൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്. ആര് വിരുന്നു വന്നാലും കോഴിക്കാണ് തലപോകുന്നത് എന്ന പറയുന്നപോലെ പോലീസിനാണ് പെടാപ്പാട് ! ചാനലുകൾക്ക് ഇന്നത്തെ ദിവസവും സുരേഷ് ഗോപിയുടെ നമ്പറുകൾക്ക് പിന്നാലെ കൂടി നേരം കൊല്ലാം.കേരളത്തിലെ ചാനലുകൾക്ക് ആകെയുള്ള വാർത്ത നാലാംകിട രാഷ്ട്രീയവിവാദങ്ങളുടെ വാലിൽതൂങ്ങലാണ് .
കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപിക്കെതിരായ വ്യാജ വോട്ട് പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് . കോൺഗ്രസ്സിലെ ടിഎൻ പ്രതാപൻ്റെ പരാതിയിൽ തൃശൂർ എസിപിയാണ് അന്വേഷണം നടത്തുന്നത് .
ക്രിമിനൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റമാണ് ഇരട്ട വോട്ട്. അത്തരമൊരു ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തയാളാണ് സുരേഷ് ഗോപി എന്നും ഗൂഢാലോചനയിൽ സംഘപരിവാറിൻ്റെ ആളുകളെയും കുടുംബാംഗങ്ങളെയും സുരേഷ് ഗോപി ഉൾപ്പെടുത്തിയെന്നും ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. കള്ളവോട്ടും ഇരട്ടവോട്ടും ഗൗരവമുള്ള വിഷയമാണ് . ഈ വിഷയത്തിൽ നിന്നും ജനശ്രദ്ധ തിരിക്കുക എന്നതിനപ്പുറം ഇന്നത്തെ സ്വീകരണത്തിന് ഒരു പ്രസക്തിയുമില്ല .