തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപിക്കെതിരായ വ്യാജ വോട്ട് പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിലെ ടിഎൻ പ്രതാപൻ്റെ പരാതിയില്‍ തൃശൂർ എസിപിയാണ് അന്വേഷണം നടത്തുക .
വിഷയത്തിൽ നിയമപദേശം അടക്കം തേടുമെന്നും തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ സഹോദരനുള്ളത് ഇരട്ട വോട്ടാണെന്നും ഇത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും പരാതിയില്‍ പറയുന്നു .
ക്രിമിനൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റമാണ് ഇരട്ട വോട്ട്. അത്തരമൊരു ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തയാളാണ് സുരേഷ് ഗോപി എന്നും ഗൂഢാലോചനയിൽ സംഘപരിവാറിൻ്റെ ആളുകളെയും കുടുംബാംഗങ്ങളെയും സുരേഷ് ഗോപി ഉൾപ്പെടുത്തിയെന്നും ടിഎൻ പ്രതാപൻ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ക്രമക്കേടുകൾക്കെതിരെ കോടതിയിലും ഇലക്ഷൻ കമ്മിഷനിലും നിയമനടപടികളുമായി മുന്നോട്ടുപോകും പ്രതാപൻ പറഞ്ഞു .