ന്യൂഡൽഹി: ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി , കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി , മറ്റ് എംപിമാർ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
കള്ളവോട്ട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം . പാർലമെൻ്റിൽ നിന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് അനുമതിയില്ലാതെ മാർച്ച് നടത്തിയെന്നു പറഞ്ഞാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ശിവസേന (യുബിടി) എംപി സഞ്ജയ് റൗട്ട്, ടിഎംസി എംപി സാഗരിക ഘോഷ്, മറ്റ് എംപിമാർ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതിപക്ഷത്തിൻ്റെ പോരാട്ടം രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണെന്നും പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി വ്യക്തമാക്കി.
കേന്ദ്രം തങ്ങളെ ഭയപ്പെടുന്നുവെന്നും സർക്കാർ ഭീരുവാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
‘വോട്ട് ചോരി’ ആരോപണത്തിൽ 25 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 300 എംപിമാരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷൽ ഇൻറ്റെൻസീവ് റിവിഷനും മുൻനിർത്തിയാണു പ്രതിഷേധം.