റോം: യുവത്വത്തിന്റെ പ്രസരിപ്പും വിശ്വാസത്തിന്റെ സാക്ഷ്യവും എല്ലാവർക്കും പകർന്നുനൽകി മെച്ചപ്പെട്ട ലോകത്തിനായി പരിശ്രമിക്കാൻ ലിയോ പതിനാലാമൻ മാർപാപ്പ യുവജനതയോട് അഭ്യർഥിച്ചു. സൗഹൃദത്തിനു ലോകത്തെ മാറ്റാനാവും. സൗഹൃദമാണ് സമാധാനത്തിന്റെ പാത. സുവിശേഷത്തിന്റെ സന്ദേശവാഹകരായി നീതിയുടെയും സമാധാനത്തിന്റെയും സാക്ഷികളാകുന്ന മിഷനറിമാരെയാണ് ഇന്ന് ലോകത്തിന് ആവശ്യം മഹാജൂബിലി വർഷം ചരണത്തിന്റെ ഭാഗമായുള്ള യുവജന സമ്മേളന സമാപന സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
ഗാസയിലും യുക്രെയ്നിലും യുദ്ധം തുടരുന്നതിനെ മാർപാപ്പ അപലപിച്ചു. ഏഴായിരം വൈദികരും 450 മെത്രാന്മാരും സമ്മേളനത്തിൽ പങ്കെടുത്തു. റോമിനു പുറത്തെ ടോർ വെർഗാത്ത മൈതാനത്തായിരുന്നു സമ്മേളനം. 2000ത്തിൽ ജോൺ പോൾ രണ്ടാ ‘മൻ മാർപാപ്പ ഉദ്ഘാടനം ചെയ്ത ലോക യുവജനസമ്മേളനം നടന്നതും ഇവിടെയാണ്. ഒട്ടേറെ ഭാഷകൾ അറിയാവുന്ന മാർപാപ്പ സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയൻ തുടങ്ങി വിവിധ ഭാഷകളിൽ യുവജനങ്ങളുമായി ആശയവിനിമയം നടത്തി.
“ഗാസയിലെയും, ഉക്രൈനിലേയും യുവജനങ്ങളോടൊപ്പമാണ് നാം എല്ലാവരും” പ്രോത്സാഹനത്തിന്റെയും ആവേശത്തിന്റെയും, ഒപ്പം കൂട്ടായ്മയുടെയും ഈ വാക്കുകളോടെയാണ്, യുവജനങ്ങൾക്കായുള്ള ജൂബിലി കുർബാനയുടെ അവസാനം, ഒരുമിച്ചുകൂടിയ ഒരു ദശലക്ഷം യുവജനങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ മധ്യാഹ്ന പ്രാർത്ഥന ചൊല്ലുകയും, ഹ്രസ്വസന്ദേശം നൽകുകയും ചെയ്തു.
ലോകത്തിനു വേണ്ടിയുള്ള നമ്മുടെ സമാധാനവും പ്രത്യാശയുമായ ക്രിസ്തുവുമായുള്ള കൂട്ടായ്മയിൽ, മനുഷ്യർ മൂലമുണ്ടാകുന്ന ഏറ്റവും ഗുരുതരമായ തിന്മകൾ അനുഭവിക്കുന്ന യുവാക്കളോട് നാം ഏറെ അടുപ്പം പുലർത്തണമെന്നു പാപ്പാ പറഞ്ഞു. രക്തരൂക്ഷിതമായ യുദ്ധങ്ങളാൽ വേദനയനുഭവിക്കുന്ന യുവാക്കൾക്ക് സമീപസ്ഥരാകുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
“എന്റെ യുവ സഹോദരീ സഹോദരന്മാരേ, വ്യത്യസ്തമായ ഒരു ലോകം സാധ്യമാണെന്നതിന്റെ അടയാളമാണ് നിങ്ങൾ: ആയുധങ്ങൾ കൊണ്ടല്ല, സംഭാഷണത്തിലൂടെ സംഘർഷങ്ങൾ പരിഹരിക്കപ്പെടുന്ന സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുവാൻ ക്രിസ്തുവിനൊപ്പം നമുക്ക് സാധിക്കുമെന്നും” പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.
ശാഖകൾ മുന്തിരിവള്ളിയോട് എന്നപോലെ യേശുവിനോട് ഐക്യപ്പെട്ടാൽ നിങ്ങൾ ധാരാളം ഫലം കായ്ക്കും; നിങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ വെളിച്ചവുമാകും; എല്ലായിടത്തും നിങ്ങൾ പ്രത്യാശയുടെ വിത്തുകളായിരിക്കും: നിങ്ങളുടെ കുടുംബത്തിൽ, സുഹൃത്തുക്കളോടൊപ്പം, വിദ്യാലയത്തിൽ , ജോലിസ്ഥലത്ത്, കായിക വിനോദങ്ങളിൽ, എന്നിങ്ങനെ എല്ലായിടത്തും നമ്മുടെ പ്രത്യാശയായ ക്രിസ്തുവിനൊപ്പം പ്രത്യാശയുടെ വിത്തുകൾ വിതയ്ക്കുവാൻ സാധിക്കട്ടെയെന്ന ആശംസയും പാപ്പാ നൽകി.