ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തെ ജൂറി അവഹേളിച്ചെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി : ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ കേരളത്തെ അപകീർത്തിപ്പെടുത്തിയ ചലച്ചിത്രമായ ‘കേരള സ്റ്റോറി’ക്ക് ലഭിച്ച അംഗീകാരങ്ങൾക്കെതിരെ വ്യാപക വിമർശം . ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, കേരളത്തെ അപകീർത്തിപ്പെടുത്തുന്ന സിനിമയ്ക്ക് അവാർഡ് നൽകിയതിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
പുരസ്കാരങ്ങൾ വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെന്നിന് മികച്ച സംവിധായകനുള്ള അവാർഡ് അടക്കം നൽകിയതിനെതിരേയാണ് പിണറായി വിജയൻ പ്രതിഷേധവുമായി എത്തിയത്. എന്നാൽ, വാർത്താക്കുറിപ്പിൽ എവിടെയും കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ പേര് പരാമർശിച്ചിട്ടില്ല.
അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കേരളത്തിലെ ഇടത് -കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കേരളത്തിൻ്റെ മൂല്യത്തിന് കോട്ടം വരുന്ന രീതിയിലുള്ള അപകീർത്തികൾ അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് എംപി വേണുഗോപാൽ, മന്ത്രി പി എ മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി, സാംസ്കാരിക മന്ത്രി സജി ചെറിയാൻ എന്നിവർ പ്രസ്താവിച്ചു .
ബിജെപി മതവിദ്വേഷം എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ‘ദി കേരള സ്റ്റോറി’ക്ക് ദേശീയ അവാർഡ് ലഭിച്ചത് കോൺഗ്രസ് എംപി വേണുഗോപാൽ പറഞ്ഞു. ചിത്രം ചവറ്റു കൊട്ടയിൽ ഇടണമെന്നും അദ്ദേഹം വിമർശിച്ചു.
സിനിമയ്ക്ക് ദേശീയ അവാർഡ് നൽകിയതിനെതിരെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ രംഗത്ത്. കേരളത്തെ അപകീർത്തിപ്പെടുത്താനും മത വിദ്വേഷം വളർത്താനും ഉദ്ദേശിച്ചുള്ള ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ നൽകിയത് അക്ഷന്തവ്യമായ തെറ്റാണ്. മതനിരപേക്ഷതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തിന് ഇത് അപമാനമാണ്-മന്ത്രി വ്യക്തമാക്കി .
കേരള സ്റ്റോറിക്കുള്ള ദേശീയ അവാർഡ് കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിൻ്റെ ‘കൂലി’യെന്ന വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ അങ്ങേയറ്റം കൊടൂരമായി വർഗീയ വിദ്വേഷം പടർത്താനുള്ള സംഘപരിവാർ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൻ്റെ ഫലമാണ് “ദി കേരള സ്റ്റോറി”ക്കുള്ള പുരസ്കാരം-മന്ത്രി അഭിപ്രായപ്പെട്ടു .
കേരളത്തിൻ്റെ മൂല്യത്തിന് തന്നെ കോട്ടം വരുന്ന രീതിയാലാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രതികരിച്ചു.
മറ്റ് പുരസ്കാരങ്ങളുടെ മൂല്യവും ഇതിനോടൊപ്പം മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമാണ്-അദ്ദേഹം കൂട്ടിച്ചേർത്തു.