കൊച്ചി: ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ക്രൈസ്തവ സന്യാസിനിമാരായ സി. വന്ദന ഫ്രാൻസിസും , സി. പ്രീതി മേരിയും മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായതിനെതിതിരെ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി പ്രതിഷേധം രേഖപ്പെടുത്തുന്നു.
അവിടെ പ്രവർത്തിച്ചിരുന്ന സന്യാസിനിമാർ സമൂഹസേവനത്തിനായി നിയമപരമായി തന്നെ അർഹരാണ് എന്ന് വ്യക്തമാണ്. മതപരമായ തെളിവില്ലാതെ അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങൾ ചുമത്തി, അവരെ അറസ്റ്റ് ചെയ്യുന്നത് മനുഷ്യത്വത്തെയും, മതസ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും മേൽ കയ്യേറ്റം നടത്തപ്പെടുന്നതാണ്.
അപകീർത്തികരമായ ആഹ്വാനങ്ങളും നിഗമനങ്ങളും ഉയർത്തി നിയമത്തിന്റെ ചുവടു പിടിച്ച് ക്രൈസ്തവ സമൂഹത്തിനെതിരെ നടപടികൾ കൈക്കൊള്ളുന്ന നീക്കങ്ങൾ ഏറെ ഗൗരവപൂർണവും ആശങ്കാജനകവുമാണ്.. തുടർക്കഥയായി കൊണ്ടിരിക്കുന്ന ക്രൈസ്തവർക്ക് നേരെ നിരന്തരമായി നടന്നുവരുന്ന ആക്രമണങ്ങളും ബുദ്ധിമുട്ടുകളും മതപരമായ അടിച്ചമർത്തലായും, ആസൂത്രിതമായ വംശീയവും രാഷ്ട്രീയവുമായ വേട്ടയാടലായും കണക്കാക്കുന്നു.
- അറസ്റ്റിലായ സന്യാസിനിമാരെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണം.
- അന്വേഷണത്തിൽ സുതാര്യതയും നിയമപരതയും ഉറപ്പാക്കണം.
- മതപരമായ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കുറ്റവാളിയാക്കുന്ന സമീപനം അവസാനിപ്പിക്കണം.
- മതസൗഹാർദ്ദം നിലനിൽക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്വം നിറവേറ്റണം.
കേരളത്തിലെ മുഴുവൻ കത്തോലിക്ക യുവജനങ്ങളും ഈ അനീതിക്കെതിരെ അതിശക്തമായ പ്രതികരിച്ചാണ് മുന്നോട്ടുവരുന്നത്.
മതസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ് ഈ പ്രതിഷേധം. ക്രൈസ്തവ വിശ്വാസികളെ നിരന്തരം അക്രമിക്കുകയും, സംശയത്തിന് മാത്രം അടിസ്ഥാനമാക്കി നിയമനടപടികൾ കയ്യാളുകയും ചെയ്യുന്ന ഇത്തരം പ്രവണതകൾ അടിയന്തിരമായി അവസാനിപ്പിക്കേണ്ടതാണ്. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ രൂപത സമിതികളെ ഏകോപിപ്പിച്ച് കേരളത്തിൻ്റെ വിവിധ ഇടങ്ങളിൽ പ്രസ്തുത വിഷയത്തിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുവാൻ ആഹ്വാനം നൽകിയിരിക്കുന്നു.
കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡൻറ് അധ്യക്ഷതവഹിച്ച യോഗം സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ കെ ആർ , സംസ്ഥാന ഭാരവാഹികളായ സിസ്റ്റർ മെൽന ഡിക്കോത്ത, അക്ഷയ് അലക്സ്, വിമിൻ വിൻസൻറ്, അലീന ജോർജ്, അനീഷ് എൽ. ആർ എന്നിവർ സംസാരിച്ചു.