കൊച്ചി: തെരുവുനായ്ക്കൾക്കായി വാദിക്കുന്നവർ അവയെ ഏറ്റെടുക്കാൻ തയാറാണോ എന്ന് ഹൈക്കോടതി. കേരളത്തിലെ തെരുവുനായ ആക്രമണങ്ങളിൽ കർശന പ്രതികരണവുമായി ഹൈക്കോടതി.
നായ കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകുവാൻ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മാതൃകയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവായി . ഒരുവർഷത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റതെന്നും, 16 പേരാണ് മരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമർശം .
നായ്ക്കളുടെ കടിയേറ്റവർക്കേ അതിന്റെ വേദനയും പ്രയാസവും മനസിലാകൂയെന്ന് ജസ്റ്റിസ് സിഎസ് ഡയസ് പറഞ്ഞു. തെരുവുനായ ആക്രമണം മൂലം ഉറ്റവരെ നഷ്ടപ്പെമായവരുണ്ട്. ആളുകൾക്ക് രാവിലെ നടക്കാൻ പോകാൻ പോലും കഴിയുന്നില്ല. ഇതിനൊരു പരിഹാരം ഉണ്ടായേ മതിയാവൂ. മനുഷ്യരും മൃഗങ്ങളും സഹവർത്തിക്കുന്നുണ്ടെങ്കിലും മനുഷ്യരുടെ അവകാശങ്ങൾക്ക് പ്രാമുഖ്യം കൊടുത്തേ മതിയാകൂ. വാക്സിൻ എടുത്ത കുട്ടികൾ പോലും മരിക്കുന്നു എന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കോടതി പറഞ്ഞു .