ന്യൂ ഡൽഹി: തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും, മക്കൾ നീതി മൈയം പ്രസിഡന്റുമായ കമൽ ഹാസൻ രാജ്യസഭാ എം. പിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിൽ ആയിരുന്നു സത്യപ്രതിജ്ഞ. അദ്ദേഹത്തിൻ്റെ ഈ വരവ് മറ്റ് രാഷ്ട്രിയ അംഗങ്ങൾ എതിരില്ലാതെ അംഗീകരിച്ചു.
രാഷ്ട്രീയ ജീവിതത്തിലേക്കുള്ള ഈ നിമിഷം വളരെ അഭിമാനകരമാണെന്ന് അദ്ദേഹം അറിയിച്ചു. ഒരു ഇന്ത്യൻ എന്ന നിലയിൽ തനിക്കുള്ള എല്ലാ കടമകളും നിറവേറ്റും എന്നും അദ്ദേഹം പറഞ്ഞിരുന്നു. “എനിക്ക് വളരെ അഭിമാനവും ബഹുമാനവും തോന്നുന്നു.” എന്ന് സത്യപ്രതിജ്ഞക്ക് മുമ്പായി അദ്ദേഹം പങ്കുവെച്ചു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡി. എം. കെ, കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2025 ജൂണിൽ ഒഴിവുവരുന്ന സീറ്റ് നൽകാം എന്നായിരുന്നു വാഗ്ദാനം.
തമിഴ് നടനായ കമൽ ഹാസൻ, തമിഴിന് പുറമെ മലയാളം ഹിന്ദി സിനിമകളിലും അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്കും ഇദ്ദേഹം അർഹനായിട്ടുണ്ട്.