കൊച്ചി : ജനഹൃദയങ്ങളിൽ അതുല്യസ്ഥാനം കരസ്ഥമാക്കിയ ജനകീയ നേതാവായിരുന്നു വി.എസ്. എന്ന് കെആർഎൽസിസി അനുസ്മരിച്ചു. മൂല്യാധിഷ്ഠിത ജീവിതം നയിച്ച രാഷ്ട്രീയക്കാരിലെ അവസാന കണ്ണികളിലൊരാളാണ് കാലയവനികയിൽ മറയുന്നത്.
തൊഴിലാളികൾ ഉൾപ്പടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനത്തിനായി ലവലേശം വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ എന്നും വി.എസ്. നിലകൊണ്ടു. തൻ്റെ ബോദ്ധ്യങ്ങൾക്കും കാഴ്ചപ്പാടുകൾക്കും തടസ്സമായിട്ടുള്ള ഏത് നിയന്ത്രണങ്ങളെയും ചോദ്യം ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനും ഭൂമാഫിയകൾക്കും കോർപ്പറേറ്റുകൾക്കും എതിരെ വി.എസ്. എടുത്ത നിലപാടുകൾ ചരിത്രത്തിൻ്റെ ഭാഗമാണ്. പാർട്ടി നേതൃത്വത്തിൻ്റെ താത്പര്യങ്ങളെ തിരുത്തി കുറിച്ചു കൊണ്ട് ജനകീയ താത്പര്യപ്രകാരമായിരുന്നു വി.എസ്. എം.എൽ.എ. യും മുഖ്യമന്ത്രിയുമൊക്കെ ആയത്. കേരളത്തിൻ്റെ സാമൂഹിക മുന്നേറ്റ ചരിത്ര രഥ്യയിൽ അവ സ്മരണീയനായി വി.എസ്. തുടരുമെന്നും കെആർഎൽസിസി വ്യക്തമാക്കി.