തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന് തലസ്ഥാനം അന്തിമോപചാരം അർപ്പിക്കുന്നു. വി എസിന്റെ മൃതദേഹം ഒരുനോക്കു കാണാനും, അന്ത്യാഞ്ജലി അർപ്പിക്കാനും അണമുറിയാതെ ജനസഹസ്രങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വിഎസിന്റെ ജീവിതം പകർന്ന അനുഭവങ്ങളുടെ ഊർജം ഏറ്റുവാങ്ങി, തങ്ങളുടെ സമരസൂര്യന് സഖാവിന് മുദ്രാവാക്യം വിളിച്ച് പാർട്ടി പ്രവർത്തകരും അനുയായികളും അന്ത്യാഭിവാദ്യം അർപ്പിക്കുകയാണ് .
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാർ, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മറ്റു രാഷ്ട്രീയ നേതാക്കൾ, മത-സാമുദായിക- സാമൂഹ്യ-സാംസ്കാരിക പ്രമുഖർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേരാണ് വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി ദർബാർ ഹാളിൽ എത്തിച്ചെർന്നത് . തലസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ വിലാപയാത്രയായി വിഎസിന്റെ ജന്മദേശമായ ആലപ്പുഴ പുമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
ബുധനാഴ്ച സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ വിഎസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും സമരനായകനെ ഒരുനോക്കു കാണാനായി വിഎസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിൽ മൃതദേഹം സംസ്കരിക്കും.