ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കുന്നതിലെ വിലക്ക് നീട്ടി. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഓഗസ്റ്റ് 24വരെ നീട്ടിയതായി പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിപ്പിൽ പറയുന്നു .
ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്കാണ് നീട്ടിയത് . ഇന്ത്യൻ എയർലൈനുകളുടെ മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും.
സൈനിക വിമാനങ്ങൾക്കും നിരോധനം ബാധകമാണ്. ഇന്ത്യയെ ഞെട്ടിച്ച പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നൽകിയ കനത്ത സൈനിക തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്നതിന് പാകിസ്താൻ വിലക്കേർപ്പെടുത്തിയത്.