കൊച്ചി: വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് 16 രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റിനുമുന്നിൽ ധർണ്ണ നടത്തും. അതിന് മുന്നോടിയായി മുൻസിപ്പൽ ഓഫീസിനു മുന്നിൽനിന്ന് കളക്ടറേറ്റിൻ്റെ തെക്കേ ഗേറ്റിലേക്ക് റാലി നടക്കും.
വരാപ്പുഴ, കോട്ടപ്പുറം,,രൂപതകളിലെ അല്മായ നേതാക്കളും എസ്എൻഡിപി, കുടുംബി, വേട്ടുവ, അരയ തുടങ്ങിയ സമുദായങ്ങളുടെ നേതൃനിരയും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും.
മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സമാധാനപരമായ നടക്കുന്ന റാലിയിലും ധർണയിലും വൈദികരും, കെആർഎൽസിസി, കെഎൽസിഎ, കെസിവൈഎം, , സിഎസ്എസ് കെഎൽസിഡബ്ല്യുഎ , കെഎൽഎം തുടങ്ങിയ സംഘടനകളുടെ നേതാക്കളും മറ്റു സാമുദായ നേതാക്കളും പങ്കുചേരും.
നൂറ്റാണ്ടുകളായി മുനമ്പം കടൽത്തീരത്ത് മത്സ്യബന്ധനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബങ്ങൾ, 36 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ, 35 വർഷങ്ങൾക്കു മുമ്പ് ഫറൂഖ് കോളേജിൽനിന്ന് ഭൂമി വാങ്ങി കേരള രജിസ്ട്രേഷൻ വകുപ്പിന്റെ മാർഗനിർദേശപ്രകാരം കരമടച്ച് പോക്കുവരവ് നേടി സ്വത്തവകാശം സംരക്ഷിച്ചുവരികയായിരുന്നു. എന്നാൽ, 2022-ൽ വഖഫ് ബോർഡിന്റെ അവകാശവാദത്തെ തുടർന്ന് സർക്കാർ ഈ കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ നിഷേധിച്ചു.
മുനമ്പം തീരദേശവാസികൾക്ക് നീതി ഉറപ്പാക്കുന്നതിന് സർക്കാർ സത്വരം ഇടപെടുന്നതിനാണ് ധർണ.