അബൂജ: നൈജീരിയയിലെ ഔച്ചി കത്തോലിക്ക രൂപതയുടെ കീഴിലുള്ള സെമിനാരിയില്‍ നിന്ന് മൂന്നു വൈദിക വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. ജൂലൈ 10 വ്യാഴാഴ്ച രാത്രി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിൽ നടന്ന സായുധ ആക്രമണത്തിനു പിന്നാലെയാണ് മൂന്ന് സെമിനാരി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത്. അക്രമ സംഭവത്തിനിടെ സെമിനാരിയിലെ സുരക്ഷാ ജീവനക്കാരനായ ക്രിസ്റ്റഫർ അവെനെഗീം കൊല്ലപ്പെട്ടു.
എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് പ്രാദേശിക ഗവണ്മെന്റ് ഏരിയ (എൽജിഎ)യിലെ ഇവിയാനോക്പോഡിയിൽ സ്ഥിതി ചെയ്യുന്ന സെമിനാരിയ്ക്കു നേരെ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്.
നിരവധി തോക്കുധാരികൾ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്. മൂന്നു വൈദിക വിദ്യാര്‍ത്ഥികളെ ഘോരമായ വനപ്രദേശത്തേയ്ക്കാണ് തട്ടിക്കൊണ്ടുപോയതെന്നു എസിഐ ആഫ്രിക്കയുമായി പങ്കുവെച്ച പ്രസ്താവനയിൽ ഓച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ വ്യക്തമാക്കി.
സെമിനാരിക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികൾ കർശനമാക്കുന്നതുവരെ മറ്റ് ഒരു പ്രദേശത്തേക്ക് വൈദിക വിദ്യാര്‍ത്ഥികളെ മാറ്റിപ്പാർപ്പിച്ചതായി നൈജീരിയൻ കത്തോലിക്ക സഭാനേതൃത്വം വെളിപ്പെടുത്തി.
നിർഭാഗ്യവശാൽ, തട്ടിക്കൊണ്ടുപോയവരുമായി ഇതുവരെ ഒരു ആശയവിനിമയവും നടന്നിട്ടില്ലായെന്നും ഓച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പറയുന്നു. സെമിനാരി വിദ്യാർത്ഥികളുടെ വേഗത്തിലുള്ള മോചനത്തിനായി പ്രാർത്ഥനകൾ അഭ്യര്‍ത്ഥിച്ച് നൈജീരിയന്‍ മെത്രാന് സമിതിയും രംഗത്ത് വന്നിട്ടുണ്ട്.