കൊച്ചി : കെ.സി.വൈ.എം. കൊച്ചി രൂപതയുടെ സുവർണ്ണ ജൂബിലി വർഷം വിളംബരം ചെയ്തുകൊണ്ട് യുവജന റാലിയും, 50 വർഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് 50 പതാകകൾ ഉയർത്തുകയും ചെയ്തു. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മട്ടാഞ്ചേരി കൂനൻ കുരിശ് പള്ളിയിൽ നിന്ന് തുടങ്ങിയ യുവജന റാലി കെ.സി.വൈ.എം. കൊച്ചി രൂപത മുൻ ഡയറക്ടർ ഫാ. ടോമി മണക്കാട് ഫ്ലാഗ് ഓഫ് ചെയ്ത്, കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണിക്ക് പതാക കൈമാറി. ഫോർട്ട്കൊച്ചി ബിഷപ്പ് ജോസഫ് കുരീത്തറ നഗറിൽ യുവജനറാലി എത്തിച്ചേരുകയും കെ.സി.വൈ.എം അറ്റ് 50; ചരിത്രത്തിലൂടെ എന്ന പരിപാടി കെ.സി.ബി.സി, കെ.ആർ.എൽ.സി.ബി.സി യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ക്രിസ്തുദാസ് ആർ. ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
1975ൽ കൊച്ചി രൂപതയിൽ സ്ഥാപിതമായ യുവജനപ്രസ്ഥാനം ഒട്ടേറെ ജനകീയ മൂന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു എന്നും, ക്രിസ്തുവിന്റെ ആദർശങ്ങളിൽ അടിസ്ഥാനമിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.സി.വൈ.എം. കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി.
കെ.സി.വൈ.എം കൊച്ചി രൂപതയുടെ മുൻ രൂപത പ്രസിഡന്റ്മാർ, ജനറൽ സെക്രട്ടറിമാർ, സംസ്ഥാന നേതാക്കൾ എന്നിവരുൾപ്പെടെ 50 കെ.സി.വൈ.എം പതാകകൾ ഉയർത്തുകയും ചെയ്തു.
കെ.ആർ. എൽ.സി. ബി.സി. യുവജന കമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് ആന്റൺ OSJ, കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആൻ്റണി കുരീത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുവർണ്ണ ജൂബിലി ജനറൽ കൺവീനർ കാസി പൂപ്പന, ജനറൽ സെക്രട്ടറി ഹെസ്ലിൻ ഇമ്മാനുവൽ,
ആനിമേറ്റർ സി. കൊച്ചുത്രേസ്യ മിനി, രൂപതാ ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കെ.സി.വൈ.എം കൊച്ചി രൂപത പ്രഥമ പ്രസിഡൻ്റ് എം. എം ഫ്രാൻസിസ്, കെ.എൽ. സി.എ രൂപതാ ഡയറക്ടർ ഫാ. ആൻ്റണി കുഴുവേലിൽ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അന്ന സിൽഫ സെബാസ്റ്റ്യൻ, സംസ്ഥാന സെനറ്റംഗം ആൻ്റണി നിതീഷ്, രൂപതാ സെക്രട്ടറി സനൂപ് ദാസ് എന്നിവർ പ്രസംഗിച്ചു.