കൊച്ചി: എട്ട് മാറ്റങ്ങളോടെ റീ എഡിറ്റ് ചെയ്ത ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദർശനാനുമതി.പതിപ്പ് സെൻസർ ബോർഡ് അംഗീകരിച്ചെന്നും അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ടൈറ്റിലിൽ നടി അനുപമയുടെ കഥാപാത്രത്തിൻറെ പേര് ജാനകി വി എന്നാക്കും. സിനിമയുടെ പേര് മാറ്റാൻ തയാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നതനുസരിച്ച് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലേക്ക് സിനിമ മാറ്റി.
സിനിമയിലെ കോടതി രംഗങ്ങളും എഡിറ്റ് ചെയ്തു. വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തിൽ മ്യൂട്ട് ചെയ്തത് .
ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിൻറെ പേര് ജാനകിയെന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിൻറെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചവിചിത്ര വാദം .
പീഡനത്തിനിരയായി ഗർഭിണിയായ യുവതിയായാണ് അനുപമ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് പ്രശനം.
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നും സെൻസർ ബോർഡിൻറെ സത്യവാംങ്മൂലത്തിൽ പറയുന്നു.