പാലക്കാട്: പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് കാർ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്നു മക്കൾക്കും പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. സ്വകാര്യ ആശുപത്രിയിലെ നഴ്സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എൽസി മാർട്ടിൻ (40), മക്കളായ അലീന (10), ആൽഫിൻ (ആറ്), എമി (നാല്) എന്നിവർക്കാണ് പൊള്ളൽ ഏറ്റത്.
ആൽഫിന്റെയും എമിയുടെയും നില ഗുരുതരമാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു . എൽസി കുട്ടികളെയും കൂട്ടി കാറിൽ പുറത്തേക്ക് പോകാനിരിക്കെയാണ് അപകടം.
എല്ലാവരും കാറിൽ കയറി. എൽസി വാഹനം സ്റ്റാർട്ട് ചെയ്തതും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നു . ആർക്കും പുറത്തിറങ്ങാനായില്ല. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്. കാറിനുള്ളിലെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്നും പറയുന്നു.