വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു . സമ്മർ ക്യാംപിലുണ്ടായിരുന്ന 27 പെൺകുട്ടികളും ജീവനക്കാരിയുമുൾപ്പെടെ 28 പേരും മരിച്ചു .
10 പെൺകുട്ടികളെയും ക്യാംപ് കൗൺസിലറെയും കാണാതായിട്ടുണ്ട് . ഗ്വാഡലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മാത്രം 84 പേരാണ് മരിച്ചത്. ഇവരിൽ 22 മുതിർന്നവരുടെയും 10 കുട്ടികളുടെയും മൃതദേഹം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.ജൂലൈ നാല് വെളളിയാഴ്ച്ചയാണ് ടെക്സസിൽ മിന്നൽ പ്രളയമുണ്ടായത്.
ഗ്വാഡലൂപ്പെ നദീതീരത്ത് ഹെലികോപ്റ്ററുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഡൊണാൾഡ് ട്രമ്പ് അധികാരത്തിൽ വന്നതിന് ശേഷം ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടൽ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെയും പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചിട്ടുണ്ടെന്ന വിമർശനമുയർന്നുകഴിഞ്ഞു . പ്രകൃതിദുരന്തങ്ങൾ അതത് സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യണമെന്നാണ് ട്രംപിന്റെ നയം. ഈ നയത്തിനെതിരെയും വിമർശനമുണ്ട്.