വത്തിക്കാൻ :നമ്മുടെ വീടുകളിലും ദൈനദിന പതിവു ചര്യകളിലും നിന്ന് നമ്മെ മാറ്റിനിർത്തിക്കൊണ്ട് ദൈവവുമായി കൂടുതൽ ആഴമേറിയ തലത്തിൽ കണ്ടുമുട്ടുമുന്നതിന് സമയവും ഇടവും നല്കുന്ന തീർത്ഥാടനം നമ്മുടെ വിശ്വാസ ജീവിതത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നുവെന്ന് ലിയൊ പതിനാലാമൻ പാപ്പാ ഉദ്ബോധിപ്പിച്ചു.
ഡെന്മാർക്ക്, അയർലണ്ട്, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലണ്ട് എന്നിവിടങ്ങളിൽ നിന്നെത്തിയ കത്തോലിക്കാ വിദ്യാലയങ്ങളിലെ അദ്ധ്യാപകരും കോപെൻഹാഗെൻ രൂപതയിൽ നിന്നുള്ള യുവജനങ്ങളും അടങ്ങിയ തീർത്ഥാടകസംഘത്തെ ജൂലൈ 5-ന് ശനിയാഴ്ച രാവിലെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ .
ദൈവിക പുണ്യമായ പ്രത്യാശയിൽ കേന്ദ്രീകൃതമായ ജൂബിലി വത്സരത്തിലാണ് അവരുടെ ഈ തീർത്ഥാടനം എന്നത് പ്രത്യേകം പാപ്പാ അനുസ്മരിച്ചു .“നിത്യ നഗരം” ആയ റോമിലേക്കുള്ള തീർത്ഥാടനം നൂറ്റാണ്ടുകളായി തുടരുകയാണെന്നും ആ അസംഖ്യം തീർത്ഥാടകരുടെ കാലടികൾ പിൻചെന്നാണ് ഇവർ ഇപ്പോൾ എത്തിയിരിക്കുന്നതെന്നും പറഞ്ഞു.
യേശുവിനോടുള്ള സ്നേഹത്തിന് അപ്പോസ്തലന്മാരായ പത്രോസും പൗലോസും അവരുടെ ജീവൻ നല്കി സാക്ഷ്യമേകിയ ഇടമായ റോമാ നഗരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സവിശേഷമായൊരു ഭവനമാണെന്ന് പാപ്പാ പറഞ്ഞു.
യുവജനത്തെ പ്രത്യേകം അഭിവാദ്യം ചെയ്യവെ പാപ്പാ, ദൈവം അവരെ ഓരുരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത് ഈ ജിവിതത്തിൽ ഒരു ലക്ഷ്യവും ദൗത്യവും നല്കിക്കൊണ്ടാണെന്ന് ഓർമ്മിപ്പിച്ചു.