തോപ്പുംപടി (കൊച്ചി): വൻകിട കമ്പനികളുടെ യാനങ്ങൾ ആഴക്കടലിൽനിന്ന് മീൻ പിടിക്കാൻ വരുന്നു. കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയായി, വ്യാവസായികാടിസ്ഥാനത്തിൽ ആഴക്കടലിലെ മത്സ്യസമ്പത്ത് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ഇതിനു മുന്നോടിയായി ഈ രംഗത്തെ സംരംഭകരുടെ യോഗം കഴിഞ്ഞദിവസം കേന്ദ്ര ഫിഷറീസ് മന്ത്രാലയം വിളിച്ചുചേർത്തിരുന്നു. ആഴക്കടലിലെ മത്സ്യശേഖരം വേണ്ടത്ര പിടിച്ചെടുക്കാൻ ഇപ്പോൾ കഴിയുന്നില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
രാജ്യത്തെ തന്നെ വലിയ കമ്പനികൾക്ക് ഇതിനുള്ള അവസരം നൽകാനാണ് തീരുമാനം. 50 മീറ്റർ വരെ നീളമുള്ള യാനങ്ങൾ ഇതിനായി ഉപയോഗിക്കാമെന്നാണ് നിർദേശം. ഇപ്പോൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന യാനങ്ങൾക്കെല്ലാം 24 മീറ്ററിൽ താഴെയാണ് നീളം. പുതിയ സാഹചര്യത്തിൽ മീൻപിടിത്തത്തിന് കപ്പലുകൾ ഉപയോഗിക്കാനാകും. ഈ ആവശ്യത്തിനുവേണ്ടി യാനങ്ങൾ നിർമിക്കുന്നതിന് 50 ശതമാനം വരെ സബ്സിഡി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വൻകിട കമ്പനികൾ മീൻപിടിത്ത മേഖലയിലേക്ക് കടന്നുവരുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ചെറുകിട ബോട്ടുകൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്. കടലിൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള മേഖലകളിൽ മീൻ പിടിക്കാനാണ് കമ്പനികളെ അനുവദിക്കുന്നത്. അതേ ഇടങ്ങളിൽ തന്നെയാണ് നിലവിൽ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള ചെറുകിട ബോട്ടുകൾ മീൻപിടിക്കുന്നത്.
ഒൻപത് ഇനം ട്യൂണകൾ, മോത, ഓലക്കൊടി, മുറപ്പടവൻ, ഗിൽഫിഷ്, ടെയ്ൽ ഫിഷ് തുടങ്ങി കയറ്റുമതി പ്രാധാന്യമുള്ള മീനുകൾ ചെറുകിട ബോട്ടുകൾ പിടിക്കുന്നത് ഈ മേഖലയിൽനിന്നാണ്. തുത്തൂർ സ്വദേശികളായ തൊഴിലാളികൾ ഈ തൊഴിലിൽ പ്രാവീണ്യമുള്ളവരാണ്. കൊച്ചി കേന്ദ്രീകരിച്ചാണ് അവർ പ്രവർത്തിക്കുന്നത്.