കോട്ടപ്പുറം : കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ വിശുദ്ധ തോമ ശ്ലീഹയാൽ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ വിശുദ്ധ തോമസിൻ്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും നാളെ (ജൂലൈ 3) നടക്കും.
വൈകീട്ട് 4.30ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് എൽപി സ്കൂളിൽ നിന്ന് കോട്ടപ്പുറം മുസിരിസ് സെൻ്റ് തോമസ് കപ്പേളയിലേക്ക് നടക്കുന്ന പ്രവേശന പ്രദക്ഷിണത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം രൂപത, ഇടവക, സന്യസ്ത പ്രതിനിധികളും രൂപതയിലെ വൈദീകരും അണിനിരക്കും. തുടർന്ന് സെൻ്റ് തോമസ് കപ്പേളയിൽ ബിഷപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നടക്കും. രൂപത വാർഷിക പദ്ധതിയുടെയും ക്രിസ്ബാൻ്റിൻ്റെ കവർ സോങ്ങിൻ്റെയും പ്രകാശനവും ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും നടക്കും. തുടർന്ന് ഊട്ടുനേർച്ചയുമുണ്ടാകും.
തിരുനാളിൻ്റെ രണ്ടാം ദിനത്തിൽ ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. രൂപത ഫിനാൻഷ്യൽ അഡ്മിസ്ട്രേറ്റർ ഫാ.ജോബി കാട്ടാശ്ശേരി പ്രസംഗിച്ചു. സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ സഹവികാരി ഫാ. ആൽഫിൻ ജൂഡ്സൻ സഹകാർമ്മികനായിരുന്നു. പ്രദക്ഷിണവും നടന്നു.
1987 ജൂലൈ മൂന്നിന് തോമശ്ലീഹയുടെ രക്തസാക്ഷിത്വതിരുനാൾ ദിനത്തിലാണ് ‘ക്വോ ആപ്തിയൂസ് ‘ എന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുവെഴുത്തു വഴി കോട്ടപ്പുറം രൂപത സ്ഥാപിതമാകുന്നതും ‘റൊമാനി എത്ത് പൊന്തിഫിച്ചിസ്’ എന്ന അപ്പസ്തോലിക എഴുത്തു വഴി മോൺ. ഫ്രാൻസിസ് കല്ലറക്കൽ രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനാകുന്നതും. കോട്ടപ്പുറം രൂപതയുടെ മദ്ധ്യസ്ഥൻ വിശുദ്ധ തോമസ് അപ്പോസ്തലനാണ്.