പുസ്തകം/ഷാജി ജോര്‍ജ്
‘ചെറുപ്പക്കാരുടെ മരണം എന്നെ ഓര്‍മിപ്പിക്കുന്നത് വെള്ളപ്പാച്ചിലില്‍ കെട്ടുപോകുന്ന ഒരു തിരിനാളത്തെയാണ്. എന്നാല്‍ വാര്‍ദ്ധക്യമെത്തി മരിക്കുന്നത് ഒരു പരപ്രേരണയുമില്ലാതെ ഒരു തിരി താനേ എണ്ണവറ്റി കെട്ടുപോകുന്ന പോലെയുമാണ്. പച്ചയായിരിക്കുമ്പോള്‍ ആപ്പിളുകള്‍ ബലംപ്രയോഗിച്ചു പറിച്ചെടുക്കേണ്ടിവരുന്നു; എന്നാല്‍ മൂത്തുപഴുത്തുകഴിഞ്ഞാല്‍ അവ താനേ കൊഴിഞ്ഞുവീഴുന്നു. അതുപോലെ, യുവാക്കളെ മരണം സമീപിക്കുന്നത് ഹിംസാത്മകമായിട്ടാണ്; പ്രായമായവരെ പാകമായിട്ടും’.
ലിയോ ടോള്‍സ്റ്റോയിയുടെ അവസാന കാലത്തെ പ്രധാന രചനകളിലൊന്നാണ് എ കലണ്ടര്‍ ഓഫ് വിസ്ഡം. പലരുടെയും ചിന്താശകലങ്ങള്‍ സമാഹരിച്ചിട്ടുള്ള ഈ പുസ്തകം 15 വര്‍ഷങ്ങള്‍ കൊണ്ടാണ് ടോള്‍സ്റ്റോയി സമാഹരിച്ചത്. ഇതിനു സമാനമായ ഒരു പുസ്തകം ഇപ്പോള്‍ മലയാളത്തിലുണ്ട്. ദിനേന: ചിന്താശകലങ്ങളുടെ പുസ്തകം. വി. രവികുമാര്‍ സമാഹരണവും വിവര്‍ത്തനവും നിര്‍വഹിച്ചിരിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് ഐറീസ് ബുക്സാണ്.
രവികുമാര്‍ പുസ്തകത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.
365 ചിന്താശകലങ്ങള്‍ സമാഹരിച്ചത് ഓരോ ദിവസവും വായിച്ചുനോക്കാം; അതില്‍നിന്നു പിന്നെ സാന്ത്വനമാര്ജ്ജിക്കാം, അല്ലെങ്കില്‍ പ്രകോപനം കൊള്ളാം. മാര്‍ക്കസ് അറിലിയസും സെനെക്കയും പോലുള്ള ക്ലാസ്സിക്കല്‍ ചിന്തകരും ബാല്‍ത്തസാര്‍ ഗ്രേഷ്യനെപ്പോലുള്ള പ്രയോജനവാദികളും ഫ്രീഡ്രിക് നിച്ചയും എമില്‍ ചൊറാനും പോലുള്ള അരാജകവാദികളും മാത്രമല്ല, റില്‍കെയും കമ്യുവും പോലുള്ള എഴുത്തുകാരും യോഷിദ കെന്‍കോ, ഇഷ്യു തുടങ്ങിയ സെന്‍ ദാര്ശനികരുമുണ്ട് ഈ ചിന്താസഞ്ചയത്തില്.
ദിനേനയില് സമാഹരിച്ചിട്ടുള്ള ഉദ്ധരണികള്‍ 365 എഴുത്തുകാരുടേതാണ്. പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യന്‍ ചിന്തകനായ ചാദയേവിന്റെ ലേഖനത്തില്‍ നിന്ന് അടര്‍ത്തിയെടുത്തിട്ടുള്ള ഒരു ഭാഗം ഉദാഹരണമായി ഉദ്ധരിക്കട്ടെ: നമ്മുടെ ജീവിതങ്ങളെ നശിപ്പിക്കുകയും വികൃതമാക്കുകയും ചെയ്യുന്ന ക്ഷുദ്രമായ ജിജ്ഞാസയില്‍ നിന്ന് നാം സ്വയം മോചിപ്പിച്ചെടുക്കണം.
ഒന്നാമതായി വേണ്ടത് പുതിയതെന്തെങ്കിലും കണ്ടാല്‍ ഉത്തേജിതരാകാനും അന്നന്നു നടക്കുന്നതിന്റെ പിന്നാലെ പോകാനും നാളെ എന്തു നടക്കും എന്നു കാണാന്‍ വ്യഗ്രതയോടെ കാത്തിരിക്കാനുമുള്ള പിടിവിടാത്ത പ്രവണതയുടെ വേരറുക്കുക എന്നതാണ്.
അതല്ലെങ്കില്‍ ആശാഭംഗമോ വിരക്തിയോ അല്ലാതെ മനഃസമാധാനമോ സ്വസ്ഥതയോ നിങ്ങള്‍ക്കു കിട്ടാന്‍ പോകുന്നില്ല. നിങ്ങളുടെ സ്വസ്ഥമായ പാര്‍പ്പിടത്തിന്റെ പടിവാതില്‍ കടന്നുവരുന്നതിനും മുമ്പ് ലോകത്തിന്റെ ദുഷ്ടത തകര്ന്നുപോകണമെന്നു നിങ്ങള്‍ക്കാഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍, ലോകത്തു നടക്കുന്ന കാര്യങ്ങള്‍ ഉണര്‍ത്തിവിടുന്ന അശാന്തമായ ആ വികാരാവേശങ്ങളെല്ലാം, ചൂടാറാത്ത ആ വാര്‍ത്താശകലങ്ങളെല്ലാം നിങ്ങളുടെ ആത്മാവില്‍ നിന്നു നിഷ്കാസനം ചെയ്യുക. എല്ലാ ആരവങ്ങള്‍ക്കും നേരെ, പുറത്തു നടക്കുന്നതിന്റെ മാറ്റൊലികള്ക്കെല്ലാം നേരെ നിങ്ങളുടെ വാതില്‍ കൊട്ടിയടയ്ക്കുക.
പുസ്തകത്തെ കുറിച്ച് വന്ന പ്രതികരണങ്ങള്‍ നിരവധിയാണ്. അതില്‍ എഴുത്തുകാരന് അജയ് പി. മങ്ങാട്ടിന്റേത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയാണ്:
പ്രാചീന റോമാക്കാരനായ സെനക്ക എഴുതുന്നു: ”പ്രകൃതിയോടു നിരക്കുന്നതെല്ലാം നല്ലതായി കണക്കാക്കണം;
പ്രായമെത്തിയവര്‍ മരിക്കണം എന്നതിനെക്കാള്‍ ആ പ്രകൃതിനിയമത്തോടു നിരക്കുന്നതായി മറ്റൊന്നുമില്ലതാനും. അതേ വിധി ചിലപ്പോഴൊക്കെ ഒരു ചെറുപ്പക്കാരനെ വന്നാക്രമിക്കുന്നുണ്ടെങ്കില്‍ പ്രകൃതി അവിടെ ഇടഞ്ഞുനില്‍ക്കുകയാണ്: ചെറുപ്പക്കാരുടെ മരണം എന്നെ ഓര്‍മിപ്പിക്കുന്നത് വെള്ളപ്പാച്ചിലില്‍ കെട്ടുപോകുന്ന ഒരു തിരിനാളത്തെയാണ്. എന്നാല്‍ വാര്‍ദ്ധക്യമെത്തി മരിക്കുന്നത് ഒരു പരപ്രേരണയുമില്ലാതെ ഒരു തിരി താനേ എണ്ണവറ്റി കെട്ടുപോകുന്ന പോലെയുമാണ്.
പച്ചയായിരിക്കുമ്പോള്‍ ആപ്പിളുകള്‍ ബലംപ്രയോഗിച്ചു പറിച്ചെടുക്കേണ്ടിവരുന്നു; എന്നാല്‍ മൂത്തുപഴുത്തുകഴിഞ്ഞാല്‍ അവ താനേ കൊഴിഞ്ഞുവീഴുന്നു. അതുപോലെ, യുവാക്കളെ മരണം സമീപിക്കുന്നത് ഹിംസാത്മകമായിട്ടാണ്; പ്രായമായവരെ പാകമായിട്ടും. ഈ പാകമെത്തല്‍ എന്ന ചിന്ത എന്നെ വല്ലാതെ വശീകരിക്കുന്നു: മരണം ആസന്നമാകുമ്പോള്‍ ഞാന്‍ സ്വയം കാണുന്നത് ഒരു ദീര്‍ഘയാത്ര കഴിഞ്ഞ് തുറമുഖത്തേക്കടുത്തുകൊണ്ടിരിക്കുന്ന ഒരു കപ്പല്‍യാത്രക്കാരനെപ്പോലെയാണ്: എനിക്കു കരകാണാമെന്നായിരിക്കുന്നു.”
ഇത്തരത്തില്‍, പലകാലങ്ങളിലെ വായനകളില്‍നിന്ന് എടുത്തുവച്ച ഉദ്ധരണികളുടെ പുസ്തകം എഴുതുന്നതായി ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. ആ മോഹം ഉണ്ടായത് ഒരിക്കല്‍ ഡബ്യു.എച്ച് ഓഡന്റെ എ സേര്ട്ടന് വേള്‍ഡ് എന്ന പുസ്തകം വായിച്ചപ്പോഴാണ്. ദീര്‍ഘമായ ഉദ്ധരണികളുടെ പുസ്തകം;അതൊരു ആത്മകഥയാണെന്നാണു ഓഡന്‍ പറഞ്ഞത്.
ഇപ്പോള്‍ വി. രവികുമാര്‍ സമാഹരിച്ചു വിവര്‍ത്തനം ചെയ്ത ചിന്താശകലങ്ങളുടെ പുസ്തകം ‘ദിനേന’കയ്യിലിരിക്കുന്നു. ദിവസവും ഒരെണ്ണം വച്ചു വായിച്ചാല്‍ ഒരു വര്‍ഷം മുഴുവനും വായിക്കാനുള്ളത്.
ചക്രവര്‍ത്തിയും തത്വചിന്തകനുമായ മാര്‍കസ് ഒറീലീയസ് മുതല്‍ വിയറ്റ്നാമീസ് സെന്‍ ഗുരു, തിക് നാട്ട് ഹാന്‍ വരെ; ജര്‍മന്‍ തത്വചിന്തകനായ നീത്ഷേ മുതല്‍ ഇറ്റാലിയന്‍ നോവലിസ്റ്റായ ഉംബര്‍ട്ടോ എക്കോ വരെ; സെനക്ക മുതല്‍ ആല്‍ഡസ് ഹക്സ്ലി വരെ; റൂമി മുതല്‍ റില്‍ക്കെ വരെ, ഇങ്ങനെ നീളുന്ന വിഭിന്നരായ പ്രതിഭകളുടെ ദാര്‍ശനിക റിപ്പബ്ലിക് ആണീ പുസ്തകം.
365 എഴുത്തുകാരുടെ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള പേരുകള്‍ സൂചികയായി പുസ്തകത്തിന്റെ അവസാനം ചേര്‍ത്തിട്ടുണ്ട്. അത് ആ സാഹിത്യകാരന്മാരെ കുറിച്ചുളള നമ്മുടെ തുടര്‍ അന്വേഷണങ്ങള്‍ക്ക് സഹായകരമാകും. നിശ്ചയമായും നമ്മുടെ പുസ്തകഷെല്‍ഫില്‍ ഈ പുസ്തകത്തിന് ഇടം നല്‍കണം. ‘ദിനേന’ ആ പേരു പോലും എത്ര സുന്ദരം.