പാരീസ്: ഫ്രാൻസിൽ ക്രൈസ്തവ വിശ്വാസം തഴച്ച് വളരുന്നതിന്റെ ശുഭ സൂചന നൽകി 16 ഡീക്കന്മാർ പൗരോഹിത്യം സ്വീകരിച്ചു. നോത്രെഡാം കത്തീഡ്രൽ പുനസ്ഥാപിച്ച ശേഷം നടന്ന ആദ്യ പൗരോഹിത്യ സ്വീകരണ ചടങ്ങിൽ 16 വൈദികർ അഭിഷിക്തരായി. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയിൽ പാരീസ് അതിരൂപതയിൽ ഇത്രയധികം ആളുകൾ ആദ്യമായാണ് ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കുന്നത്. 2024ൽ ആറ് പേരായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്.
നോത്രെഡാം കത്തീഡ്രലിൽ നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങിന് പാരീസ് ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ച് കാർമികത്വം വഹിച്ചു. ഏകദേശം 5,000 പേർ ചടങ്ങുകളിൽ പങ്കെടുത്തു. 27 നും 42 നും ഇടയിൽ പ്രായമുള്ള 16 പുതിയ വൈദികർ വ്യത്യസ്ത പ്രഫഷണൽ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. മുൻ സൈനിക ഡോക്ടർ, ഐടി വിധഗ്ധൻ, സ്പോർട്സ് പരിശീലകൻ എന്നിവർ നവവൈദികരിൽ ഉൾപ്പെടുന്നു. എട്ട് പേർ സന്യാസ സമൂഹങ്ങളിൽ നിന്നുള്ളവരാണ്.
ഫ്രാൻസിലുടനീളം 73 രൂപത വൈദികർ ഉൾപ്പെടെ 90 പേർ ഈ വർഷം പൗരോഹിത്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഈസ്റ്ററിന് 10,384 മുതിർന്ന വ്യക്തികൾ ഫ്രാൻസിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു.