മാവേലിക്കര: അജപാലനത്തിന്റെ ശ്രേഷ്ഠതയിൽ മാവേലിക്കര മലങ്കര കത്തോലിക്കാസഭാ മെത്രാൻ പദവിയിലേക്ക് ഡോ. മാത്യൂസ് മാർ പൊളിക്കാർപ്പോസ് അവരോധിതനായി.
മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തിഡ്രലിൽ വെച്ചായിരുന്നു സ്ഥാനരോഹണം. മലങ്കര മേജർ ആർച്ച് ബിഷപ്പ് ബസ്സെലിയുസ് ക്ലിമ്മീസ് മുഖ്യ കാർമികത്വം വഹിച്ചു. സ്ഥാനമൊഴിയുന്ന ബിഷപ്പ് ജോഷ്വ ഇഗ്നത്യുസിന് വിശ്വാസി സമൂഹം സ്നേഹപൂർവ്വം യാത്രാ മംഗളമേകി.
വിവിധ സഭാ ബിഷപ്പുമാരും രാഷ്ട്രീയ സാമൂഹിക നേതാക്കളും ചടങ്ങുകൾക്ക് സാക്ഷികളായി.
തിരുവല്ല അതിരൂപത അധ്യക്ഷൻ ബിഷപ്പ് തോമസ് കൂറിലോസ് വചന പ്രഘോഷണം നടത്തി. മെത്രാപോലീത്തയായി നിയമിച്ചുകൊണ്ടുള്ള ക്ലിമ്മീസ് ബാവയുടെ കല്പന മലങ്കര കത്തോലിക്കാ സഭാ കൂരിയ ബിഷപ്പ് ആന്റണി സിൽവാനൊസ് വായിച്ചു. വചന പാരായണത്തിന് ശേഷം ‘ഞാൻ നല്ലയിടയനാകുന്നു’ എന്ന സുവിശേഷ ഭാഗം ഭദ്രസന അധ്യക്ഷന്റെ സിംഹാസനത്തിൽ ഇരുന്നു കൊണ്ട് മാത്യൂസ് മാർ പൊളിക്കാർപ്പോസ് വായിച്ചു.
പുതിയ മെത്രാനെ ഇരുത്തുയ സിംഹാസനം വൈദീകർ എടുത്തുയർത്തിയപ്പോൾ ‘ഒക്സിയോസ് ‘ (ഇവൻ യോഗ്യൻ) എന്ന് വിശ്വാസി സമൂഹം മൂന്നു വട്ടം ഏറ്റുചൊല്ലി. ആ സിംഹസനത്തിൽ ഇരുന്നു കൊണ്ട് ബിഷപ്പ് മാത്യൂസ് മാർ പൊളിക്കാർപ്പോസ് വിശ്വാസികളെ ആശീർവദിച്ചു.