തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.
പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം . മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട് . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള 7 ഡോക്ടർമാരെയാണ് ഇതിനായി നിയോഗിച്ചത്. കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, ക്രിട്ടിക്കൽ കെയർ, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘത്തെയാണ് സർക്കാർ വിഎസിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി നിയോഗിച്ചത്.
ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 23-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്.