തിരുവനന്തപുരം: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇന്ന് രാവിലെ കേരളത്തിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മൃതദേഹം രഞ്ജിതയുടെ ജന്മനാടായ പുല്ലാട്ടേക്ക് കൊണ്ടുപോയി.
മന്ത്രിമാരും പൊതുപ്രവർത്തകരും വിമാനത്താവളത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു . ഉച്ചയ്ക്ക് രണ്ടരവരെ ശ്രീ വിവേകാനന്ദ സ്കൂളിൽ പൊതുദർശനമുണ്ടാകും. ശേഷം സംസ്കാരം വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിലാണ് . ഇന്നലെ അമ്മയുടെ ഡിഎൻഎ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.
സർക്കാർ ജോലിയിൽ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് അതിന്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു.