അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . വിജയ് രൂപാണിയുടെ മൃതദേഹം അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലേക്ക് കൊണ്ടുപോകുകയും രാജ്കോട്ടിൽ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്യും.
ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്വിയാണ് മുന്‍ മുഖ്യമന്ത്രിയെ തിരിച്ചറിഞ്ഞതായി അറിയിച്ചത്.
മുൻ മുഖ്യമന്ത്രിയുടേതടക്കം 31 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത് . ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് ബിജെ മെഡിക്കൽ കോളജ് പ്രൊഫ. ഡോ. രജനീഷ് പട്ടേൽ പറഞ്ഞു.
12 പേരുടെ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങളെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്.
മൂന്ന് ദിവസം മുമ്പ്, അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് വിമാനം മിനിറ്റുകൾക്കുള്ളിൽ സമീപത്തുള്ള ബിജെ മെഡിക്കൽ കോളജിന് മുകളിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത് . സംഭവത്തിൽ രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളും ഉൾപ്പെടെ 241 പേർ മരിച്ചു. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍ പെട്ടു. അപകടത്തിൽ നിന്ന് ഒരു യാത്രക്കാരൻ മാത്രമാണ് രക്ഷപ്പെട്ടത്.