മുംബൈ: മുംബൈയിൽ കാലവർഷം വന്നതോടെ രാത്രി വൈകിയും പുലർച്ചെയും പെയ്ത കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി. കുർള, സയൺ, മാട്ടുംഗ, അന്ധേരി അടക്കം നഗരത്തിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിലായി.
റോഡ്, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിമാന യാത്രക്കാരും ബുദ്ധിമുട്ടിലായി. അടുത്ത മൂന്ന് മുതൽ നാല് മണിക്കൂർ വരെ മുംബൈയിലെ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും, കാറ്റും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു .
പതിവ് പോലെ ഇക്കുറിയും ബിഎംസി ഡ്രെയിനേജ് ലൈനുകൾ തകർന്നു. റെയില്‍വേ ട്രാക്കുകളിൽ വെള്ളം കയറിയ പ്രശ്നം പരിഹരിക്കാന്‍ ബിഎംസി കോര്‍പറേഷനുമായി സഹകരിച്ച് റെയില്‍വേ അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ബൈക്കുള്ള – സി.എസ്.എം.ടി. ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാല്‍, ലോക്കല്‍ ട്രെയിനുകള്‍ കുർള, ദാദര്‍, പരേല്‍ സ്റ്റേഷനുകളില്‍ ടെർമിനറ്റ് ചെയ്ത് തിരിച്ചയച്ചു.തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്രയിൽ എത്തിയതോടെ, 35 വർഷത്തിനിടെ സംസ്ഥാനത്ത് ആദ്യമായാണ് മഴ നേരത്തെ ലഭിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മുംബൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് മൺസൂൺ എത്തുമെന്നാണ് പ്രതീക്ഷ.
ജൂൺ 1 നാണ് മഹാരാഷ്ട്രയിൽ സാധാരണയായി മഴ ആരംഭിക്കുന്നത്. എന്നാൽ ഇക്കുറി ഏകദേശം ഒരു ആഴ്ച മുമ്പാണ് മഴയെത്തിയത്. അതേസമയം, സൗത്ത് മുംബൈയിൽ റോഡിന്റെ ഒരു ഭാഗം തകർന്നു. ഇതോടെ ഈ മേഖലയിലെ ഗതാഗതം നിരോധിച്ചു. ദക്ഷിണ മുംബൈയിലെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണതിനെത്തുടർന്ന് ഗതാഗതം വഴിതിരിച്ചു വിട്ടു. ഞായറാഴ്ച രാത്രി ആരംഭിച്ച് ഇപ്പോഴും തുടരുന്ന മുംബൈയിലെ നിർത്താതെയുള്ള മഴയുടെ ഫലമാണിത്. കനത്ത മഴയെത്തുടർന്ന് നിരവധി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെയ്ത കനത്ത മഴയിൽ കെംപ്സ് കോർണർ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ബ്രീച്ച് കാൻഡി, വാർഡൻ റോഡ്, പെഡർ റോഡ്, നേപ്പിയൻ സീ റോഡ് എന്നീ മേഖകളോട് ചേർന്ന് കിടക്കുന്ന സൗത്ത് മുംബൈയിലെ ഒരു ആഡംബര മേഖലയാണ് കെംപ്സ് കോർണർ. കെംപ്സ് കോർണറിൽ നിന്ന് മുകേഷ് ചൗക്കിലേക്ക് വരുന്ന എല്ലാ വാഹനങ്ങൾക്കും വാർഡൻ കളക്ഷന്‍ സമീപമുള്ള റോഡ് അടച്ചിട്ടതോടെ നിയന്ത്രണമായി.