ന്യൂഡൽഹി: സംസ്ഥാനത്ത് ദേശീയപാത 66 തകർന്ന സംഭവം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കാക്കി കോൺഗ്രസ്. മോദി സർക്കാരിന്റെ അഴിമതിയുടെ തെളിവാണ് ദേശീയ പാതയുടെ തകർച്ചയെന്ന് കോൺഗ്രസ് ആരോപണം
. ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലാണ് കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിർമിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ വൻ അഴിമതിക്ക് വഴിതുറന്നു. ക്രമക്കേടിന്റെ വ്യാപ്തി ഊഹിക്കാമോയെന്ന ചോദ്യവും കോൺഗ്രസ് ഉയർത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരെ നേരിട്ട് കടന്നാക്രമിച്ചാണ് കോൺഗ്രസ് ദേശീയ പാത തകർച്ച ഉയർത്തുന്നത് .
കോഴിക്കോട് അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗം റോഡ് നിർമിക്കാനുള്ള കരാർ അദാനി എന്റർപ്രൈസസിനാണ്. 1838.1 കോടി രൂപയുടേതാണ് കരാർ.
ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാർ പ്രകാരം നിർമാണച്ചെലവ്. ഈ കരാർ 971 കോടി രൂപയ്ക്ക് അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാപ്രോജക്റ്റ്സിന് മറിച്ചുനൽകി. ഒരു കിലോമീറ്റർ റോഡ് വാഗഡ് ഇൻഫ്രാപ്രോജക്റ്റ് നിർമിക്കുന്നത് 23.7 കോടി രൂപയ്ക്കാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
അതെ സമയം ഈ വിഷയം കേരളത്തിൽ പിണറായി സർക്കാരിനെതിരെ ആയുധമാക്കുയാണ് കെ പി സി സി .