പാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തിൽ എൻഎസ്എസ് ഭാരവാഹികൾ മതിലുകെട്ടിയ സംഭവത്തിൽ ഇടപെട്ട് നഗരസഭ.
സ്പോൺസർഷിപ്പോടുകൂടി പ്രവർത്തികൾ മുനിസിപ്പാലിറ്റി നടത്തുമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
ഷെഡ്ഡ് നിർമ്മിക്കാൻ മുനിസിപ്പാലിറ്റി നൽകിയ 20 സെന്റ് സ്ഥലത്ത് അനധികൃതമായി എൻഎസ്എസ് ഭാരവാഹികൾ ജാതി മതിൽ നിർമിച്ചതിനെ കുറിച്ചുള്ള വാർത്തയ്ക്ക് പിന്നാലെയാണ് ഇടപെടൽ. പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലമാണ് വലിയപാടം എൻഎസ്എസ് കരയോഗം ഭാരവാഹികൾ മതിൽകെട്ടി തിരിച്ചത്.
നീക്കത്തിന് പിന്നിൽ നഗരസഭയാണെന്ന് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത ആരോപിച്ചിരുന്നു. ‘ജാതിയുടെ അടയാളങ്ങളോ വേർതിരിവുകളോ ഇല്ലാത്ത പൊതുശ്മശാനമാണ്. അവിടെയാണ് വിവിധ ജാതി മതവിഭാഗങ്ങൾക്ക് സ്ഥലം മാർക്ക് ചെയ്തുകൊടുത്തത്. സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാനാണ് ശ്രമം’, എന്നായിരുന്നു ആരോപണം.
എന്നാൽ ശ്മശാനത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യമാണെന്നും ഇതിനുള്ളിൽ ഷെഡ് കെട്ടണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടതോടെ കൗൺസിൽ അനുവദിച്ചു നൽകുകയായിരുന്നുവെന്നുമാണ് ചെയർപേഴ്സൺ ഉരുണ്ടുകളിച്ചത് . ഏത് സംഘടന വന്നാലും അനുമതി കൊടുക്കുംമെന്നും അവർ പറഞ്ഞു .ജാതി പ്രശ്നമേയല്ല. എല്ലാവർക്കും വേണ്ടിയാണ് തങ്ങൾ ഷെഡ് കെട്ടുന്നതെന്ന് എൻഎസ്എസ് അറിയിച്ചതുകൊണ്ടാണ് സ്ഥലം അനുവദിച്ചതെന്നും ചെയർപേഴ്സൺ പ്രതികരിച്ചു.