കൊച്ചി: 1503-ൽ പോർച്ചുഗീസുകാർ നിർമ്മിച്ചതും പിന്നീട് ഡച്ച്, ബ്രിട്ടീഷ് ഭരണസമയത്ത് തകർക്കപ്പെട്ടതുമായ കൊച്ചിയുടെ ചരിത്രപൈതൃകം പേറുന്ന ഫോർട്ട് കൊച്ചി ഇമ്മാനുവൽ കോട്ടയുടെ കടലിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെണമെന്നും കൂടുതൽ ഭാഗത്ത് ഗവേഷണം നടത്തി അതിൻറെ പൂർണമായ ഭാഗങ്ങൾ കണ്ടെത്തി പുനർ നിർമിച്ച് വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവു വരും വിധത്തിൽ അവ സംരക്ഷിക്കപ്പെടുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്നും കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇതിനുമുമ്പും ഇതേ ആവശ്യത്തിനായി നല്കിയ നിവേദനങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ അസോസിയേഷൻ ശക്തമായ അമർഷം രേഖപ്പെടുത്തി. ഇത്തരം ചരിത്ര തിരുശേഷിപ്പുകൾ യുനെസ്കോ യുടെ ലോക ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമാക്കി വിശദമായ രൂപരേഖ തയ്യാറാക്കി സംരക്ഷിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, കൊച്ചിയുടെ പൂർവകാല ചരിത്രം രേഖപ്പെടുത്തുന്ന വിവരണങ്ങളും ബോർഡുകളും ചിത്രങ്ങൾ സഹിതം ബീച്ചിലും പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിച്ച് വിനോദസഞ്ചാരികളെ ആകർഷിച്ച് ചരിത്രാവബോധമുണ്ടാക്കുവാൻ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ചാൾസ് ഡയസ് എക്സ് എം പി, ജനറൽ സെക്രട്ടറി ഡോ. ഗ്രിഗറി പോൾ എന്നിവർ ആവശ്യപ്പെട്ടു
. ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എറണാകുളം എം.പി. ഹൈബി ഈഡൻ, എറണാകുളം-കൊച്ചി മേഖലയിലെ എംഎൽഎമാർ, കൊച്ചി മേയർ, ജില്ലാഭരണാധികാരികൾ, കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പധികാരികൾ തുടങ്ങിയവർക്ക് നിവേദനം സമർപ്പിക്കുമെന്നും, കൊച്ചിയുടെ പൈതൃകം സംരക്ഷിക്കുന്നതിന് സമാന സ്വഭാവമുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.