കോഴിക്കോട്: നിർമ്മാണത്തിലെ കെടുകാര്യസ്ഥതയെ തുടർന്ന് മലപ്പുറം ജില്ലയിലെ കൂരിയാട്ട് ദേശീയപാത ഇടിഞ്ഞുണ്ടായ അപകടത്തിനു പിന്നാലെ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ രൂപപ്പെട്ടു.
ദേശീയപാത നിർമ്മാണത്തിൽ അശാസ്ത്രീയതയില്ലെന്ന് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പറഞ്ഞു.
മഴ വെള്ളം നിറഞ്ഞതുമൂലം അടിത്തറയിലുണ്ടായ സമ്മർദ്ദമാണ് കാരണം. സമ്മർദ്ദം മൂലം വയൽ വികസിച്ച് വിള്ളലുണ്ടായി മണ്ണ് തെന്നിമാറി. നാട്ടുകാരുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ അൻഷുൾ ശർമ്മ പറഞ്ഞു. ദേശീയപാത തകർന്നതിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട് – ശർമ്മ പറഞ്ഞു. .ഈ വിചിത്ര വാദം നാട്ടുകാർ പുശ്ചിച്ചുതള്ളുകയാണ് .
കൂരിയാടിന് സമീപം തലപ്പാറയിലും കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുമാണ് റോഡിൽ വിള്ളലുണ്ടായത്. കാസർകോട് ചെമ്മട്ടം വലയിലും ദേശീയപാതയിൽ വിള്ളലുണ്ടായിട്ടുണ്ട്.
തലപ്പാറയിൽ ദേശീയപാതയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടത്. ചെറിയ തോതിൽ വിള്ളൽ കണ്ടെങ്കിലും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. എന്നാൽ വിള്ളൽ കൂടിയതോടെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. സമീപത്തെ സർവീസ് റോഡു വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. സർവീസ് റോഡിന്റെ സംരക്ഷണഭിത്തിക്കും വിള്ളലുണ്ട്.
കാസർകോട്ടെ കാഞ്ഞങ്ങാട് മാവുങ്കാലിനു സമീപം കല്യാൺ റോഡ് ഭാഗത്തെ നിർമാണം പൂർത്തിയായ സർവീസ് റോഡ് ഇടിഞ്ഞു താണു. മീറ്ററുകളോളം ആഴത്തിൽ വലിയ കുഴി രൂപപ്പെട്ടു. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ്. ഇതേത്തുടർന്നാണ് റോഡ് ഇടിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. സർവീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.റോഡ് തകർന്ന സംഭവം അന്വേഷിക്കുന്നതിനായി ദേശീയപാത അതോറിറ്റി തന്നെ മൂന്നംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, ഇവർ ഇന്ന് സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ് പറഞ്ഞു.
ദീർഘദൂര യാത്രക്കാർക്ക് റോഡ് ഇടിഞ്ഞതുമൂലമുള്ള ഗതാഗത തടസ്സം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാൽ വഴിതിരിച്ചുവിടുന്ന റൂട്ടുകളിൽ പാർക്കിങ് ഒഴിവാക്കി യാത്ര സുഗമമാക്കാൻ പരിശ്രമിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.