ഗാസ : നീണ്ടു പോകുന്ന യുദ്ധക്കെടുതികളിൽ തകർന്നു തരിപ്പണമായ പ്രദേശങ്ങളിലേക്ക് കൂടുതൽ സഹായം എത്തിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ വിഭാഗം തലവൻ ടോം ഫ്ലെച്ചർ.
ഗാസ പൂർണ്ണമായും ഉപരോധിച്ച 11 ആഴ്ചകൾക്ക് ശേഷം ഇസ്രായേൽ അധികൃതർ പരിമിതമായ സഹായം മാത്രമേ പലസ്തീൻ പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ. യുഎസ്, കാനഡ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഈ നീക്കം.
കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ വഹിച്ചുകൊണ്ട് അഞ്ച് ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗാസയിലേക്ക് പ്രവേശിച്ചതെന്ന് യുഎൻ മാനുഷിക മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. ഇസ്രായേൽ ആഴ്ചകളായി നടത്തിയ പൂർണ്ണ ഉപരോധത്തിന് ശേഷം ഇത് “സമുദ്രത്തിലെ ഒരു തുള്ളി” മാത്രമാണ്. സഹായം ആവശ്യമുള്ള സമൂഹങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം കാരണം കഴിഞ്ഞ 11 ആഴ്ചയായി ഗസ്സയിൽ പട്ടിണി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഉപരോധം കാരണം ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ കുറവ് പ്രദേശത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കണക്കനുസരിച്ച് ഗസ്സയിൽ അഞ്ചിൽ ഒരാൾ പട്ടിണി കിടക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 71,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണ്. ഉപരോധം ലഘൂകരിക്കാൻ ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദ്ദം അടുത്തിടെ ശക്തമായിരുന്നു. സഹായത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുകയും ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഇസ്രായേൽ ‘ശക്തമായ നടപടികൾ’ നേരിടേണ്ടി വരുമെന്ന് യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ തിങ്കളാഴ്ച പറഞ്ഞു.
‘നയതന്ത്രപരമായ കാരണങ്ങളാൽ’ ഗസ്സയിൽ പട്ടിണി പ്രതിസന്ധിയുണ്ടാവുന്നത് തടയേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച രാത്രി 11 ആഴ്ച നീണ്ടുനിന്ന വിനാശകരമായ സഹായ ഉപരോധത്തിൽ ഇളവ് വരുത്താൻ നിർബന്ധിതനായി. അതേസമയം, ഗസ്സയിലുടനീളം ഇസ്രായേലി വ്യോമാക്രമണങ്ങൾ ശക്തമാക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി മാത്രം ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 60 പേർ കൊല്ലപ്പെട്ടു. അതിൽ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 300ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയായുള്ള ഇസ്രായേൽ ആക്രമണങ്ങൾ തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലുള്ള ഗസ്സ യൂറോപ്യൻ ആശുപത്രിയും വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയും പ്രവർത്തനരഹിതമാക്കുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്തു.