ഒട്ടാവ: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഇന്ത്യന്‍ വംശജ അനിത ആനന്ദ് സത്യപ്രതിജ്ഞ ചെയ്തു. കാനഡയുടെ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ള പദവികളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അനിത ആനന്ദ്, മെലാനി ജോളിക്ക് പകരമായാണ് വിദേശകാര്യ മന്ത്രിയായത്. വിദേശകാര്യ മന്ത്രി ചുമതല നിര്‍വഹിച്ചിരുന്ന മെലാനി ജോളിയാണ് പുതിയ വ്യവസായ മന്ത്രി.
കാനഡയിലെ ലിബറല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ 58 കാരി ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്ഗീതയില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കാബിനറ്റ് നിയമനങ്ങളിലും അവര്‍ ഈ പാരമ്പര്യം തന്നെയാണ് പിന്തുടര്ന്നത്.
28 മന്ത്രിമാര്‍ ഉള്‍പ്പെടുന്ന പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബറല്‍ മന്ത്രിസഭയെയാണ് പ്രധാനമന്ത്രി കാര്‍ണി പുനഃസംഘടിപ്പിച്ചത്. സര്‍ക്കാരില്‍ പകുതിയും സ്ത്രീകളാണ്. കാനഡ-യുഎസ് ബന്ധത്തിലെ ഉലച്ചിലുകള്‍ക്കിടെ കനേഡിയന്മാര് ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ മാറ്റം കൊണ്ടുവരാന്‍ മന്ത്രിസഭയെ പുനഃസംഘടിപ്പിച്ചതായി മിസ്റ്റര്‍ കാര്‍ണി പറഞ്ഞു.
2019 മുതല്‍ 2025 വരെ ഹൗസ് ഓഫ് കോമണ്‍സില്‍ ഓക്ക്വില്ലെയെ തന്നെ പ്രതിനിധീകരിച്ച് പൊതുസേവനം, പ്രതിരോധം, ഗതാഗതം, ആഭ്യന്തര വ്യാപാരം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിപദവി വഹിച്ചിട്ടുണ്ട്.