ഫാ. സേവ്യര്‍ കുടിയാംശ്ശേരി
തീരദേശവാസികളുടെ പൊതുവായ ജീവസന്ധാരണ മാര്‍ഗ്ഗം മീന്പിടുത്തമാണ്. ആദ്യ കാലത്ത് ചെറുവഞ്ചികളില്‍ പോയാണു മീന്‍പിടിച്ചിരുന്നത്. ഏറ്റവും കൂടിയാല്‍ 12 ആളുകള്‍ പോകുന്ന വഞ്ചികളായിരുന്നു അന്ന്. ആദ്യകാലത്ത് എന്ജിന് വച്ചോടുന്ന വഞ്ചികളല്ലായിരുന്നു. കൈകൊണ്ടു തുഴയുന്ന വഞ്ചികളായിരുന്നു. ആദ്യമായി വഞ്ചികളില്‍ എന്ജിന് ഫിറ്റുചെയ്തോടുന്ന സംവിധാനം തീരത്തു കൊണ്ടുവന്നത് ജോര്‍ജ് മെയ്ജോയാണ്. യമഹാ എന്‍ജിനുകളാണ് അന്നു പ്രയോജനപ്പെടുത്തിയത്. തുടക്കത്തില്‍ ഇത്തരം മെക്കനൈസ്ഡ് മീന്പിടുത്തത്തിനെതരെ ചിലരെങ്കിലും സംസാരിച്ചിരുന്നു. എന്നാല്‍ എന്‍ജിനുപയോഗിച്ച് എത്ര ദൂരം വേണമെങ്കിലും പോയി മീന്‍പിടിക്കാം. തണ്ടുവലിച്ചു പോയിരുന്നവര്‍ക്ക് യാത്ര ആയാസരഹിതമായി മാറി. വേഗത്തില്‍ പോയിവരാം എന്നതൊക്കെകൊണ്ട് വളരെപ്പെട്ടെന്ന് ഈ സംവിധാനം വ്യാപിച്ചു.
പിന്നീട് എന്‍ജിനില്ലാത്ത മീന്‍പിടുത്തം അസാധ്യമായിത്തീര്‍ന്നു. മാത്രമല്ല എന്ജിന് വന്നതോടുകൂടി വഞ്ചികള്‍ വലുതാക്കിത്തുടങ്ങി. ഇരുപതും ഇരുപത്തി രണ്ടും പേരൊക്കെ കയറിപ്പൊകുന്ന വഞ്ചികള്‍ നിലവില്‍വന്നു. അതു വീണ്ടും വലുതായി. വലിയ മെയിന്‍ വഞ്ചികള്‍ക്കൊപ്പം ചെറിയ കാരിയര്‍ വഞ്ചികള്കൂടി പ്രയോജനപ്പെടുത്തിത്തുടങ്ങി. അപ്പോഴും ആളുകളുടെ എണ്ണംകൂടി. അങ്ങനെ ഇരുപത്തഞ്ചാളുകള്വരെ പണിയെടുക്കുന്ന വലിയ പ്രസ്ഥാനങ്ങളായി.
എവിടെവേണമെങ്കിലും പോയി മീന്പിടിക്കാമെന്നു വന്നു. ധാരാളം മീനും കിട്ടിത്തുടങ്ങി. അങ്ങനെ കിട്ടുന്ന മീന്‍ കയറ്റി അയക്കുന്ന വമ്പന്‍ സംരംഭങ്ങളുമുണ്ടായി. മത്സ്യബന്ധന മേഖല വളര്‍ന്നു. പക്ഷേ അതിനു ചില പ്രതിസന്ധികളും പ്രശ്നങ്ങളുമുണ്ടായി. പുതിയ സാഹചര്യത്തില്‍ വലിയ മുടക്കുമുതലുള്ള ഒന്നായി മാറി മീന്‍പിടുത്തം. മുമ്പ് കാര്യമായ ചെലവില്ലാതെ മത്സ്യബന്ധനം നടത്തിയിരുന്ന സാഹചര്യത്തില്‍ കോടിക്കണക്കിനു രൂപാ ചെലവിട്ടാലെ മത്സ്യബന്ധന സംരംഭം തുടങ്ങാനാവു എന്ന നിലവന്നു. മാത്രമല്ല നിത്യവും മണ്ണെണ്ണ, പെട്രോള്‍ എന്നിങ്ങനെയുള്ളവയ്ക്കുവേണ്ടി ചെലവുകള്‍ക്കായി വലിയ തുകകള്‍ കരുതണമെന്നുവന്നു.
അതോടെ സാധാരണ മത്സ്യത്തൊഴിലാളി നടത്തിയിരുന്ന മത്സ്യബന്ധന മേഖലയിലേക്ക് പണമിറക്കാന്‍ സാധിക്കുന്ന സമ്പന്നരായ ഇടനിലക്കാരുണ്ടായി. അങ്ങനെയുള്ളവര്‍ക്കു വലിയ ലാഭമുണ്ടായിത്തുടങ്ങി. അതോടെ സാധാരണ തൊഴിലാളിക്ക് കാര്യമായി ഒന്നും കിട്ടാതായി. മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയെ നേരിടാന്‍ തുടങ്ങി. അസാധ്യമായ മുതല്‍മുടക്ക്, പത്തിരുപത്തഞ്ചുപേരുണ്ടെങ്കിലേ വഞ്ചിയിറക്കാനാവു എന്ന സാഹചര്യം. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. മെക്കനൈസേഷന്റെ ഉല്പ്പന്നമായിത്തീര്ന്ന തരകു സമ്പ്രദായവുമായെത്തിയ ഇടനിലക്കാര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍. മത്സ്യവുമായി കരയിലെത്തുന്ന മത്സ്യത്തൊഴിലാളി ഇടനിലക്കാരന് പറയുന്ന വിലയ്ക്കു വില്ക്കാന് നിര്‍ബന്ധിതരായി.
ഇങ്ങനെ നിരവധിയായ പ്രശ്നങ്ങള്‍ ഈ മേഖലയെ വലിഞ്ഞു മുറുക്കിയപ്പോഴാണ് സാധാരണ മീന്പിടുത്തക്കാരന് പിന്നിലേക്കു തിരിച്ചു പോയാലോ എന്നു ചിന്തിച്ചു തുടങ്ങിയത്. കാരിയര്‍ വള്ളങ്ങള്‍ ഉപേക്ഷിച്ചു തുടങ്ങി. ചെറിയ വള്ളങ്ങളില്‍ കുറച്ചു പേരുമായി പോയി മീന്പിടിച്ചുതുടങ്ങി. അതിന്റെ പരിണിത ഫലമായി രൂപംകൊണ്ടതാണ് പൊന്തു വഞ്ചികളിലുള്ള മീന്‍പിടുത്തം. പൊന്തു വഞ്ചികള്‍ക്കു കാര്യമായ മുതല്‍ മുടക്കില്ല.
എന്‍ജിനില്ല. തുഴഞ്ഞാണു പോകുക. ഒറ്റയ്ക്കൊരാള്‍ക്ക് പോയി മീന്‍പിടിക്കാം. ഏതാണ്ട് ഒരു മണിക്കൂര്‍ നേരത്തെ പണിയേയുള്ളു. 500 രൂപാ മുതല്‍ 1500 രൂപാവരെ കിട്ടും. ഫ്യുവലിന്റെ പോള്ളൂഷനില്ല സൗണ്ടു പൊള്ളൂഷനുമില്ല. ഇടനിലക്കാരില്ല. കിട്ടുന്ന മീന്‍ തൊഴിലാളിതന്നെ വില്‍ക്കുന്നു. ആലപ്പുഴയില്‍മാത്രം ഏതാണ്ട് 4000 ത്തോളം പൊന്തുവഞ്ചികള് മീന്‍പിടിക്കാന്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും വ്യാപകമാക്കേണ്ടതുമായ ഒരു പുതിയ മത്സ്യ ബന്ധന സമ്പ്രദായം.
അതാണിപ്പോള്‍ നിരോധിക്കണമെന്നും പറഞ്ഞ് കോസ്റ്റു ഗാര്‍ഡു രംഗത്തിറങ്ങിയിരിക്കുന്നത്. കാരണമായി പറയുന്നത് വളരെ വിചിത്രമായ ചില ആരോപണങ്ങളും.
(1) പൊന്തുവഞ്ചികള് വഴി ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവത്രേ.
(2) പൊന്തു വഞ്ചികള്‍ വഴി ലഹരി കടത്തുന്നു.
(3) പൊന്തുവഞ്ചികള് സുരക്ഷിതമല്ല.
(4) പൊന്തുവഞ്ചികള്ക്കു രജിസ്റ്റ്രേഷനുമില്ല ലൈസന്‍സുമില്ല.
1. മീന്‍പിടുത്തക്കാര്‍ ഇന്നേവരെ ഒരു ദേശവിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. മാത്രമല്ല ഒറ്റയ്ക്കൊരാള്‍ എന്തു ദേശവിരുദ്ധ പ്രവര്‍ത്തനം നടത്താനാണ്? പൊന്തുവഞ്ചിക്കാര് തീരത്തോടടുത്താണു മീന്‍പിടിക്കുന്നത്. ആഴക്കടലിലേക്കു പോകുന്നതേയില്ല. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ആരെങ്കിലും പൊന്തുവഞ്ചി ഉപയോഗിക്കുന്നെങ്കില്‍ അവരെ കണ്ടെത്തി ശിക്ഷിക്കുകയാണു വേണ്ടത്. ദേശവിരുദ്ധ പ്രവര്‍ത്തനം മീന്‍പിടുത്തക്കാര്‍ നടത്തുന്നുവെന്നത് അടിസ്ഥാനമില്ലാത്ത, വെറുതേ കെട്ടിച്ചമച്ച ആരോപണങ്ങള്‍ മാത്രമാണ്. തെറ്റിധരിപ്പിക്കുക എന്നതു മാത്രമണിതിനു പിന്നില്‍.
2. പൊന്തുവഞ്ചിയില്നിന്ന് ഇന്നേവരെ ലഹരിപദാര്‍ത്ഥങ്ങള്‍ പിടിച്ചടുത്തിട്ടില്ല. കരയോടടുത്ത പ്രദേശത്തു മീന്‍പിടിക്കുന്ന പൊന്തുവഞ്ചിക്കാര് ഇന്നുവരെ അത്തരത്തില്‍ ഒരു കാര്യത്തിനും ബന്ധപ്പെട്ടതായി കേട്ടുകേള്‍വിപോലുമില്ല. കപ്പലില്‍ കൊണ്ടുവന്നു വില്ക്കുന്നതു പിടിച്ചെടുത്തിട്ടുണ്ടല്ലോ. അങ്ങനെയുള്ള കപ്പലുകളാണു നിരോധിക്കേണ്ടത്. പൊന്തുവഞ്ചികളല്ല.
3. പൊന്തുവഞ്ചികള് സുരക്ഷിതമല്ലെന്നു പറയുന്നവര്‍ കാര്യങ്ങള്‍ പഠിക്കാതിരുന്നിട്ടാണ്. പൊന്തുവഞ്ചികളാണു സുരക്ഷിതം. എങ്ങാനും മറിഞ്ഞാല്‍പ്പോലും അതിന്റെ പുറത്തു കയറി ഇരുന്ന് തുഴഞ്ഞുപോരാം. പൊന്തുവഞ്ചികള് അങ്ങനെ അപകടത്തില്‍പ്പെട്ടിട്ടില്ല. മറ്റു വഞ്ചികള്‍ മറിഞ്ഞാല്‍ രക്ഷപെടാന്പാടാണ്. പൊന്തുവഞ്ചകളില് പോയിട്ട് ചിലര്‍ മരിച്ചിട്ടുണ്ട്. അവയെല്ലാം ഹാര്ട്ട്അറ്റാക്കു വന്നിട്ടാണ്. അല്ലാതെ അപകടത്തില്പ്പെട്ടിട്ടല്ല. പൊന്തുവഞ്ചികളാണ് ഏറ്റവും സുരക്ഷിതം.
4. രജിസ്റ്റ്രേഷനും ലൈസന്‍സും നല്‍കേണ്ടത് ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റും സര്‍ക്കാരുമാണ്. സര്‍ക്കാര്‍ ഈ പുതിയ സമ്പ്രദായം സ്വതന്ത്രമായി പഠിച്ച് രജിസ്റ്റ്രേഷനും ലൈസന്‍സും നല്‍കേണ്ടതാണ്. സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കേണ്ട ഒരു മത്സ്യബന്ധന സമ്പ്രദായമാണിത്.
യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഈ പ്രശ്നം ഉയര്‍ത്തുന്നത് കോസ്റ്റു ഗാര്‍ഡല്ല. തീരത്ത് ടൂറിസം നടപ്പാക്കാനുള്ള കുത്തകകളുടേയും മാഫിയാകളുടേയും കളിയാണ്. കോസ്റ്റു ഗാര്ഡിനെക്കൊണ്ടു പറയിപ്പിക്കുകയാണ്. ഭരണകക്ഷികള്‍ ഇത്തരം ഗൂഡതന്ത്രങ്ങളുമായി മുന്നോട്ടു പോകരുത്. അതു ദേശവിരുദ്ധവും ജനദ്രോഹപരവുമാണ്. ജാക്സണ് പൊള്ളയിലിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന് ഇക്കാര്യത്തില്‍ സമരവുമായി രംഗത്തുണ്ട്. ഒപ്പം ഒറ്റക്കെട്ടായി തീരവാസികളും.