ജെയിംസ് അഗസ്റ്റിന്
വിശുദ്ധസ്മൃതിയിലേക്കു പ്രവേ ശിച്ച പരിശുദ്ധ പിതാവ് ഫ്രാന്‍സിസിന്റെ ചിന്തകളും പ്രാര്‍ഥനകളും പ്രസംഗശകലങ്ങളും സംഗീതവും സമന്വയിപ്പിക്കുന്ന ഒരു ആല്‍ബ മാണ് ‘വേക്ക് അപ്’. വത്തിക്കാന്‍ റേഡിയോയുടെ ശേഖരത്തില്‍ നിന്നും തിരഞ്ഞെടുത്ത 11 പ്രഭാഷണങ്ങളുടെ പ്രസക്തഭാഗങ്ങളാണ് ആല്‍ബത്തില്‍ ചേര്‍ത്തിട്ടുള്ളത്. സമാധാനം, സ്നേഹം, പ്രത്യാശ, ദാരിദ്ര്യം, പ്രകൃതി, വിശ്വാസം, കുടുംബം, സാഹോദര്യം എന്നിവയെല്ലാം ആല്‍ബത്തില്‍ വിഷയങ്ങളായി വരുന്നുണ്ട്. ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ ഫ്രാന്‍സിസ് പാപ്പായുടെ സ്വരം കേള്‍ക്കാം.
പരിശുദ്ധ പിതാവിന്റെ സ്വരത്തോടൊപ്പം പ്രശസ്തരായ സംഗീതജ്ഞരുടെ ഈണവും ചേര്‍ത്താണ് ഓരോ ട്രാക്കുകളും ഒരുക്കിയിട്ടുള്ളത്.
പാപ്പാ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യപ്രസംഗമാണ് ഈ ആല്‍ബത്തിലെ ഒന്നാമത്തെ ട്രാക്ക്. 2013 മാര്‍ച്ച് 13 ലെ പ്രസംഗത്തിലൂടെ പാപ്പായ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും നിങ്ങളുടെ അനുഗ്രഹം എനിക്ക് വേണമെന്ന അഭ്യര്‍ത്ഥനയും ലോകത്തിനു മുന്നില്‍ പോപ്പ് ഫ്രാന്‍സിസ് ആവശ്യപ്പെടുന്നുണ്ട്.
ഇരുപത്തി എട്ടാമത് ലോക യുവജനസംഗമം നടന്നത് 2013 ജൂലൈയില്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ്. ഫ്രാന്‍സിസ് പാപ്പാ സഭാതലവനായ ശേഷമുള്ള ആദ്യത്തെ സംഗമത്തില്‍ 30 ലക്ഷം യുവജനങ്ങള്‍ പങ്കെടുത്തു. ഈ സംഗമത്തിലും അതേവര്‍ഷം സെപ്റ്റംബറില്‍ ഇറ്റലിയിലെ (കാഗിലാരി) പരിശുദ്ധ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലും ഫ്രാന്‍സിസ് പാപ്പാ പരിശുദ്ധ മറിയത്തെക്കുറിച്ചു പറഞ്ഞതും ചേര്‍ത്തൊരു മരിയന്‍ കീര്‍ത്തനം രണ്ടാമത്തെ ട്രാക്ക് ആയി നമുക്കു കേള്‍ക്കാം.
ദാരിദ്ര്യവും വിശപ്പും മുഖ്യ വിഷയമായി 2014 നവംബറില്‍ റോമില്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളാണ് മൂന്നാമത്തെ ട്രാക്കില്‍ നാം കേള്‍ക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രി ക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര സമ്മേളനത്തിലാണ് പട്ടിണിയും ദാരിദ്ര്യവും ലോക ത്തിന്റെ മറ്റൊരു മുഖമാണെന്നു പാപ്പാ ഓര്‍മ്മിപ്പിച്ചത്.
കുഞ്ഞുങ്ങളെന്തിനു സഹിക്കണം എന്നു നാം ചിന്തിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹനം അനുഭവിക്കുന്ന കുഞ്ഞുങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ഓര്‍ത്തു നാം കരയണം. ക്രിസ്തുവിനു കുഞ്ഞുങ്ങളോടും പാവപ്പെട്ടവരോടും കരുതലുണ്ടായിരുന്നു. നമുക്കും ആ കരുതല്‍ വേണമെന്ന് ആഹ്വാനം ചെയ്യുന്നത് നാലാമത്തെ ട്രാക്ക്. ഫിലിപ്പൈന്‍സില്‍ മനിലയില്‍ 2014 ജനുവരി 18നു നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്.
യുവതയെ നോക്കി പാപ്പാ പറയുന്നു; ‘നിങ്ങള്‍ നിങ്ങളെത്തന്നെ കൊള്ളയടിക്കരുത്, ആരാണ് നിങ്ങളെ പ്രത്യാശയെ ഇല്ലാതാക്കുന്നത്? ദരിദ്രനായ യേശു, സ്വയം ദരിദ്രനാക്കിയ യേശു നിങ്ങള്‍ക്ക് മാര്‍ഗ്ഗദീപമാകണം. ഞങ്ങള്‍ നിങ്ങളില്‍ പ്രതീക്ഷ വിതയ്ക്കുന്നു. വിശക്കുന്ന കുട്ടികളില്‍ ദരിദ്രനായ യേശുവിന്റെ മുഖം നിങ്ങള്‍ ദര്‍ശിക്കണം.’
2013ല്‍ ഇറ്റലിയിലെയും അല്‍ബേനിയയിലെയും വിദ്യാര്ത്ഥിപ്രതിനിധികളോട് പാപ്പാ ചെയ്ത പ്രസംഗമാണ് അഞ്ചാമത്തെ ട്രാക്കില്‍ ചേര്‍ത്തിട്ടുള്ളത്.
2013 ജൂലൈ 25നു ലോകയുവജന സംഗമവേദിയില്‍ അര്‍ജന്റീനയിലെ യുവപ്രതിനിധികളോട് പാപ്പാ പറഞ്ഞതാണ് ആറാമത്തെ ട്രാക്കില്‍ നമുക്ക് കേള്‍ക്കാനാകുന്നത്. നിങ്ങള്‍ ലോകത്തിന്റെ സ്വരമാകു മെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.നിങ്ങളുടെ രൂപതകളില്‍ നിങ്ങള്‍ സ്വരമാകണമെന്നു ആഗ്രഹിക്കുന്നു, നിങ്ങളുടെ ശബ്ദം പുറത്തുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളോടൊപ്പം സഭ യും പുറത്തേക്കിറങ്ങാന്‍ ഞാന്‍ അതിയായി കൊതിക്കുന്നു. തെരുവുകളിലേക്കിറങ്ങുക.’
ഏഴാമത്തെ ട്രാക്ക്. ഉണരുക!’ – ഈ വാക്ക് ഒരു ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കുന്നു. കര്‍ത്താവ് നിങ്ങള്‍ക്ക് തരുന്ന മുന്നറിയിപ്പാണ്. ജാഗ്രത പുലര്‍ത്തുക. സമ്മര്‍ദ്ദങ്ങളും പ്രലോഭ നങ്ങളും ഉണ്ടാകാം. ‘സന്തോഷവാനായിരിക്കാന്‍ ‘ അവിടുന്നു നമ്മെ നിരന്തരം ക്ഷണിക്കുന്നു. സന്തോഷത്തോടെ പാടുക ‘. നിങ്ങളിലൂടെ ലോകത്തിനു കരുണ ലഭിക്കട്ടെ. ‘ഇപ്പോള്‍ ദൈവത്തിന്റെ കരുണ ലഭിച്ചേക്കാം’ (റോമ . 11:31). ആറാമത് ഏഷ്യന്‍ യുവജനസംഗമം 2017 ഓഗസ്റ്റ് 17നു സൗത്ത് കൊറിയയില്‍ നടന്നപ്പോള്‍ നല്കിയ സന്ദേശമാണ് ഈ ഭാഗത്തിന് നിദാനമായത്.
യേശുക്രിസ്തുവിലുള്ള വിശ്വാസം ഒരു തമാശയല്ല. ക്രൂശിന്റെ പാതയാണ് യേശുവിന്റെ പാത. കുരി ശിന്റെ പാതകള്‍ ഒഴിവാക്കി സഞ്ചരിക്കാതെ നിര്‍ഭയം മുന്നോട്ടു പോകാന്‍ യുവജനങ്ങളെ പാപ്പാ ചുമതലപ്പെടുത്തുകയാണിവിടെ.
ലോക യുവജനസംഗമത്തിനായി ബ്രസീലില്‍ എത്തിയ പാപ്പാ അവിടത്തെ പ്രാദേശിക സംഗമത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും എട്ടാമത്തെ ട്രാക്ക് ഒരുക്കിയിരിക്കുന്നു. ശത്രുത നമ്മെ ഇരുട്ടിലേക്കു നയിക്കും.എത്ര ജീവന് തകര്‍ത്തു? എത്ര പ്രതീക്ഷകളാണ് സംസ്കരിച്ചത് ? ഇപ്പോള്‍, കര്‍ത്താവേ, ഞങ്ങളുടെ സഹായത്തിനായി വരൂ!ഞങ്ങള്‍ക്ക് സമാധാനം നല്‍കുക, ഞങ്ങളെ പഠിപ്പിക്കുക. സമാധാനം; സമാധാനത്തിന്റെ വഴിയില്‍ ഞങ്ങളുടെ ചുവടുകള്‍ നയിക്കുക. ഇനി ഒരിക്കലും യുദ്ധം ചെയ്യരുത്!’; എന്ന് പറയാന്‍ ഞങ്ങളെ പഠിപ്പിക്കുക.
‘യുദ്ധത്തോടെ എല്ലാം നഷ്ടപ്പെട്ടു’. യുദ്ധത്തിനെതിരെ മനസ്സ് തുറക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു 2014 ജൂണ്‍ 8നു വത്തിക്കാനില്‍ ലോകരാഷ്ട്രത്തലവന്മാര് പങ്കെടുത്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും എടുത്ത ഒന്‍പതാമത്തെ ട്രാക്ക്.
കുടുംബമാണ് പത്താമത്തെ ട്രാക്കിന്റെ വിഷയം.യേശു, മറിയം, ജോസഫ്, നിങ്ങളില്‍ ഞങ്ങള്‍ യഥാര്‍ത്ഥ സ്നേഹത്തിന്റെ മഹത്വം കാണുന്നു. നിങ്ങളോടൊപ്പം വിശ്വാസത്തെ തേടുന്നു. നസ്രത്തിലെ വിശുദ്ധ കുടുംബമേ, ഞങ്ങളുടെ കുടുംബങ്ങള്‍ക്കും സ്നേഹത്തിന്റെ പുതപ്പ് നല്‍കുക. കൂട്ടായ്മയുടെയും പ്രാര്‍ത്ഥനയുടെയും സ്ഥലമായിരിക്കട്ടെ ഞങ്ങളുടെ ഗേഹം. സുവിശേ ഷത്തിന്റെ ആധികാരിക സ്കൂളാവട്ടെ വീടുകള്‍. കുടുംബങ്ങള്‍ ചെറിയ പള്ളികളായി മാറട്ടെ. കുടുംബ ദിനമായ 2013 ഒക്ടോബര്‍ 27 നു വത്തിക്കാനില്‍ നടത്തിയ പ്രഭാഷണമാണ് ഇതിനാധാരമായത്.
2013 ലെ മരിയന്‍ മാസാചരണ സമാപന ദിനമായ മെയ് 31നു വത്തിക്കാനില്‍ പോപ്പ് ഫ്രാന് സിസ് നടത്തിയ പ്രസംഗത്തില്‍ നിന്നും ഈ ആല്‍ബത്തിലെ അവസാന ഗീതം കേള്‍ക്കാം. അവന് നിങ്ങളോട് പറയുന്നതെന്തും ‘(യോഹ 2: 5). അതെ, അമ്മേ, യേശു ഞങ്ങളോട് പറയുന്നതെന്തും ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണ് ഞങ്ങള്‍. പ്രത്യാശയോടെ അത് ചെയ്യും, ദൈവത്തിന്റെ ആശ്ചര്യങ്ങളില്‍ ആശ്രയിക്കുന്നു, സന്തോഷത്തോടെ. ഞങ്ങള്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തികളിലും, പ്രത്യേകിച്ച് ദരിദ്രരില്‍ യേശുവിനെ കാണാന്‍ അമ്മേ, ഞങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കുക. നിന്റെ പുത്രനായ യേശുവിന്റെ വാക്ക് സ്വീകരിക്കാനുള്ള ധൈര്യം ഞങ്ങള്‍ക്ക് നല്‍കുക.
2015 നവംബര്‍ 27നു ഫ്രാന്‍സിസ് പാപ്പ തന്നെയാണ് ഈ ആല്‍ബം പ്രകാശനം ചെയ്യുന്നത്. ഇപ്പോഴും ഇതിന്റെ കോപ്പികള്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാണ്. യൂട്യുബിലും കേള്‍ക്കാം. സംഗീതത്തെ സ്നേഹിച്ചിരുന്ന, സംഗീതശേഖരമുണ്ടായിരുന്ന പാപ്പായുടെ റോക്ക് ആല്‍ബമായാണ് ‘വേക്ക് അപ്’ അറിയപ്പെടുന്നത്. അനേകരെ, പ്രത്യകിച്ചും യുവജനങ്ങളെ ഉണര്‍ത്താനായി ഈ ശബ്ദവീചികള്‍ ഇവിടെ അലയടിച്ചു കൊണ്ടേയിരിക്കും.