ഡോ. മാര്ട്ടിന് എന്‍. ആന്റണി ഒ.ഡി എം
‘പരിശുദ്ധ പിതാവേ, അങ്ങ് പേപ്പസിയുടെ പ്രതിച്ഛായ നശിപ്പിക്കുകയാണ്, കാരണം അങ്ങ് ജനങ്ങളും പാപ്പയും തമ്മിലുള്ള അകലം ഇല്ലാതാക്കി.’ ഫ്രാന്‍സിസ് പാപ്പായുടെ Life: My Story Through Historyഎന്ന ആത്മകഥയുടെ അവസാന അധ്യായത്തിലാണ് ഈയൊരു വാചകം നമുക്കു കാണാന്‍ സാധിക്കുന്നത്. ഏതോ ഒരു അതിഥിയാണ് ഒരു ചോദ്യം എന്നപോലെ പാപ്പയുടെ മുമ്പില്‍ അത് അവതരിപ്പിക്കുന്നത്. അപ്പോള്‍ ഒരു നിമിഷം പാപ്പ നിശബ്ദനാകുന്നുണ്ട്. എന്നിട്ടു പറയുന്നു; ”ഫ്രാന്‍സിസ് പേപ്പസിയെ നശിപ്പിക്കുകയാണ്’. ഞാനും കേട്ടിട്ടുണ്ട് ഇങ്ങനെയൊരു പ്രസ്താവന. എനിക്കെന്തു പറയാന്‍ സാധിക്കും? ഒരു പുരോഹിതനാകുക എന്നതാണ് എന്റെ ദൈവവിളി. എല്ലാത്തിനേക്കാളുപരി ഞാന്‍ ഒരു പുരോഹിതനാണ്. ഞാനൊരു ഇടയനാണ്. ഇടയന് ജനങ്ങളുടെ ഇടയിലായിരിക്കണം. അവരോട് സംസാരിക്കണം, സംവദിക്കണം, ശ്രവിക്കണം, സംരക്ഷിക്കണം, ശ്രദ്ധിക്കണം’. ഇനിയും എഴുതപ്പെടേണ്ട ചരിത്രം എന്നാണ് ആ അധ്യായത്തിന്റെ ശീര്‍ഷകം: A History yet to be written. അതെ ഇനിയും എഴുതപ്പെടേണ്ട ഒരു ചരിത്രം അവശേഷിപ്പിച്ചിട്ടാണ് കത്തോലിക്കാ സഭയുടെ വലിയ ഇടയന് നിത്യതയിലേക്ക് നടന്നുനീങ്ങിയത്.
2013 മാര്‍ച്ച് 13 മുതല്‍ 2025 ഏപ്രില്‍ 21 വരെയുള്ള കാലയളവ് കത്തോലിക്കാ സഭയുടെ ഫ്രാന്‍സിസ് കാലഘട്ടമാണ്. ഒരു വ്യാഴവട്ടം. ലളിതം അല്ലായിരുന്നു ഈ കാലഘട്ടം. കത്തോലിക്കാ സഭയുടെ തലവന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പാ ഒരേ നിമിഷം അംഗീകാരത്തിന്റെയും അവഹേളനത്തിന്റെയും നീരസത്തിന്റെയും പാത്രമായ കാലഘട്ടം കൂടിയായിരുന്നു അത്. ആധുനിക മാര്‍പാപ്പമാരില്‍ ആരെങ്കിലും ഇതുപോലെയുള്ള അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. കാരണം, ഫ്രാന്‍സിസിനു നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ പുറത്തുനിന്നല്ലായിരുന്നു, അകത്തുനിന്നുമായിരുന്നു.
മെത്രാനായും കത്തോലിക്കാ സഭയുടെ തലവനായും തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ ഒരു ചെവിട്ടോര്‍മ്മ എന്ന പോലെയാണ് ‘പാവങ്ങളെ മറക്കരുത്’ എന്ന് കര്‍ദ്ദിനാള്‍ ക്ലൗദിയോ ഹുമ്മെസ് ബര്ഗോളിയോട് മന്ത്രിച്ചത്. അതൊരു നിമിത്തം ആയിരുന്നു. നിസ്വനായ ഒരു വിശുദ്ധന്റെ നാമം സ്വീകരിക്കാനുള്ള ആത്മീയപ്രേരണ! അങ്ങനെ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ ഫ്രാന്‍സിസ് പാപ്പ എന്ന നാമം സ്വീകരിച്ചു. പിന്നീട് പാപ്പ പറയുന്നുണ്ട്, അസീസിയിലെ ഫ്രാന്‍സിസാണ് സഭയിലേയും രാഷ്ട്രിയത്തിലേയും ആഡംബരത്തിനും അഹങ്കാരത്തിനും പൊങ്ങച്ചത്തിനും എതിരായി ദാരിദ്ര്യം എന്ന ആശയം കൊണ്ടുവന്നതെന്ന്. അങ്ങനെയെങ്കില്‍ ഫ്രാന്‍സിസ് എന്ന നാമം വെറുമൊരു പേരല്ല, അതൊരു നിലപാടാണ്. ദരിദ്രര്‍ക്ക് വേണ്ടിയുള്ള വ്യക്തമായ ഒരു പക്ഷംചേരല്‍ കൂടിയാണത്. ആ പക്ഷംചേരലാണ് ഈ വ്യാഴവട്ടക്കാലത്തിന്റെ ലാവണ്യം.
2021 സെപ്റ്റംബര്‍ മാസം പന്ത്രണ്ടാം തീയതി സ്ലോവാക്യ അപ്പോസ്തലീക സന്ദര്‍ശന വേളയില്‍ പാപ്പാ ഒരു തമാശരൂപേണ പരസ്യമായി പറയുന്നുണ്ട് തന്റെ മരണം ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ടെന്ന്. അന്ന് അത് വലിയൊരു വിവാദമായിരുന്നു. പത്തു ദിവസത്തിനുശേഷം (23/09/2021) വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദ്ദിനാള്‍ പിയത്രോ പരൊളിന്‍ പറഞ്ഞത് അങ്ങനെയുള്ള എന്തെങ്കിലും അറിവുകള്‍ ചിലപ്പോള്‍ പാപ്പയ്ക്ക് കിട്ടിയിട്ടുണ്ടാകുമായിരിക്കുമെന്നാണ്. അതായത്, പാപ്പയുടെ വാക്കുകളെ കര്‍ദ്ദിനാള്‍ തള്ളിപ്പറയുന്നില്ല. സത്യമാണ,് ഫ്രാന്‍സിസ് പാപ്പയ്ക്ക് എതിരായി ഒരു കാറ്റ് സഭയുടെ ഉള്ളിലും പുറത്തുമായിട്ട് ആഞ്ഞു വീശിയിരുന്നു. ഈ വ്യാഴവട്ടകാലത്തെ പാപ്പയുടെ ശുശ്രൂഷാ കാലയളവ് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് ഒരു കാര്യം മനസ്സിലാകും വ്യവസ്ഥാപിതവും ക്രൂരവുമായ തരത്തിലുള്ള ഒരു ഇന്ക്വിസിഷന് തന്നെ പാപ്പയ്ക്കെതിരെ നടന്നിരുന്നു.
ഫ്രാന്‍സിസ് പാപ്പയ്ക്കെതിരെ ആദ്യ എതിര്‍പ്പുകള്‍ തുടങ്ങിയത് അമേരിക്കയിലെ തീവ്ര കത്തോലിക്കരില്‍ നിന്നും തിയോക്കോണുകള് (Teocon) എന്നറിയപ്പെടുന്ന മത-രാഷ്ട്രീയ ക്രൈസ്തവ യാഥാസ്ഥിതികരില്‍ നിന്നുമാണ്. ഈ തിയോക്കോണുകള് പൊതുവേ അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് പാരമ്പര്യത്തിലുള്ളവരാണ്. എങ്കിലും യാഥാസ്ഥിതിക നിലപാടുള്ള ക്രൈസ്തവര്‍ക്ക് വന്നുചേര്‍ന്നിട്ടുള്ള പുതിയൊരു വിശേഷണമാണ് തിയോക്കോണ്. അവരുടെ കാഴ്ചപ്പാടില്‍ പാപ്പ വത്തിക്കാന്‍ സുന്നഹദോസിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്. തീവ്ര സ്വാതന്ത്ര്യത്തിന്റെ ചിന്തകളാണ് അദ്ദേഹം സഭയില്‍ കൊണ്ടുവന്നത്. നോക്കുക, ഒരു കാലഘട്ടത്തില്‍ സഭയില്‍ സ്വാതന്ത്ര്യമില്ല എന്ന് വിലപിച്ചവരാണവര്. അങ്ങനെയുള്ളവരാണ് പിന്നീട് സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ പാപ്പ തുറന്നപ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയതും സഭയുടെ മാനുഷിക മുഖത്തിനെ അവഗണിച്ചതും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകളെ വിവാദമാക്കാനും അവയ്ക്ക് രാഷ്ട്രീയമാനം പകര്‍ന്നു കൊടുക്കാനുമൊക്കെ ശ്രമം നടത്തിക്കൊണ്ടിരുന്നത്. അതിന് ഏറ്റവും വലിയ തെളിവാണ് ഇല് ഫോളിയോ (Il Foglio) എന്ന ഇറ്റാലിയന്‍ ദിനപത്രവും മീഡിയസെറ്റ് (Mediaset) എന്ന വാര്‍ത്താ ചാനലും. ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ കാലഘട്ടത്തില്‍ വത്തിക്കാന്‍ അനുകൂലമായി നിന്നിരുന്ന ഇറ്റാലിയന്‍ മാധ്യമങ്ങളാണവ. ഫ്രാന്‍സിസിന്റെ കാലഘട്ടത്തില്‍ അവര്‍ തീര്‍ത്തും വത്തിക്കാന്‍ എതിരായി നിന്നു. പാശ്ചാത്യ ചിന്തകളുടെയും സംസ്കാരത്തിന്റെയും അപ്രമാദിത്വം ഫ്രാന്‍സിസ് പാപ്പ പതുക്കെ സഭയില്‍ നിന്നും ഒഴിവാക്കുന്നു എന്നതാണ് അവര്‍ പറഞ്ഞ ന്യായം. ശരിയാണ് ഒരു അപനിര്‍മ്മാണം പാപ്പ സഭയില്‍ സാധ്യമാക്കി. എല്ലാ തീരുമാനവും റോമില്‍ നിന്ന് എന്ന പാരമ്പര്യ ചിന്തയ്ക്ക് വിപരീതമായി അധികാരവികേന്ദ്രീകരണം അദ്ദേഹം സഭയില്‍ സാധ്യമാക്കി. അതിന്റെ ഏറ്റവും വലിയ തെളിവാണ് സിനഡാലിറ്റി എന്ന സങ്കല്പത്തിന്റെ തിരിച്ചുവരവ്. സഭ എന്നത് ഒന്നിച്ചുള്ള ഒരു തീര്‍ത്ഥാടനമാണെന്നും അതില്‍നിന്നും എടുത്തു മാറ്റേണ്ട പുഴുക്കുത്ത് പൗരോഹിത്യ അപ്രമാദിത്വം ആണെന്നും പാപ്പ വാദിക്കുന്നുണ്ട്.
സഭ എന്നത് അല്മായ-പൗരോഹിത്യ ഭേദമില്ലാതെ പരസ്പരം കണ്ടുമുട്ടാനും ശ്രവിക്കാനും പങ്കുവയ്ക്കാനുമുള്ള ഇടമാണെന്നും, ഒന്നിച്ചൊരു യാത്രയിലാണ് നമ്മളെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. മാത്രമല്ല ഔപചാരികതയെ ആത്മീയതയുടെ പര്യായത്തില്‍ നിന്നും എടുത്തു മാറ്റുകയും ചെയ്തു. അങ്ങനെ വന്നപ്പോള്‍ ഔപചാരികത ഒന്നുമില്ലാതെ ജീവിക്കുന്ന ഒരു പാപ്പയെ സങ്കല്പ്പിക്കാന് യാഥാസ്ഥിതികര്‍ ഒത്തിരി ബുദ്ധിമുട്ടി എന്നത് ഈ വ്യാഴവട്ടത്തിന്റെ പ്രത്യേകതയാണ്. തന്റെ മുന്‍ഗാമികള്‍ ഉപയോഗിച്ചിരുന്ന അപ്പോസ്തലിക കൊട്ടാരത്തില്‍ താമസിക്കുന്നതിന് പകരം ഫ്രാന്‍സിസ് പാപ്പാ ഡൊമൂസ് സാന്റേ മാര്‍ത്തേ (Domus Sanctae Marthae) എന്ന ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ തുടങ്ങിയതു പോലുള്ള പാരമ്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തികള്‍ യാഥാസ്ഥിതിക ക്രൈസ്തവരെ നല്ലതുപോലെ ചൊടിപ്പിച്ചു.
പാപ്പ സ്ഥാനം പ്രൗഢമായ അധികാരവും വിശുദ്ധിയുടെ ധൈഷണികതയുമാണെന്നാണ് പലരും കരുതിയിരുന്നത്. അതിനു വിപരീതമായി ലാളിത്യത്തിന്റെ ആത്മീയതയോടാണ് ഫ്രാന്‍സിസ് കൂട്ടുകൂടിയത്. അത് പലരെയും അസ്വസ്ഥതപ്പെടുത്തി എന്നത് സത്യമാണ്. ദാരിദ്ര്യത്തിന്റെ ആകര്‍ഷണീയമായ പ്രദര്‍ശനമാണ് പാപ്പ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് അവര്‍ അദ്ദേഹത്തിന്റെ മേല്‍ ആരോപിച്ച കുറ്റം. മാത്രമല്ല, ‘ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, പക്ഷേ ആ ദൈവം കത്തോലിക്കന് ആകണമെന്ന് നിര്‍ബന്ധമില്ല’, ‘ദരിദ്രരാണ് ക്രിസ്തുവിന്റെ ശരീരം’, ‘മതപരിവര്‍ത്തനം തികച്ചും അസംബന്ധമാണ്’ തുടങ്ങിയ ഫ്രാന്‍സിസ് പാപ്പയുടെ വാചകങ്ങള്‍ സാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റിയെടുത്തു, അത് സുവിശേഷത്തിന് വിരുദ്ധമാണ് എന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത് അവരാണ്. കരുണയ്ക്കും ക്ഷമയ്ക്കും ഇത്രയ്ക്കും പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്നും അവര്‍ വാദിച്ചു. സ്വവര്‍ഗ്ഗാനുരാഗികളോടും എല്‍ജിബിറ്റി കാരോടും അകലം പാലിക്കേണ്ടതിനു പകരം കരുണയുടെയും ചേര്‍ത്തുനിര്‍ത്തലിന്റെയും വാദങ്ങള്‍ എന്തിന് ഉന്നയിക്കണം എന്ന് പലരും പാപ്പയോട് ചോദിച്ചു. സഭാപാരമ്പര്യത്തിന് വിരുദ്ധമായ ഒരു മതം ഉണ്ടാക്കാനുള്ള ശ്രമമാണ് ഫ്രാന്‍സിസ് ചെയ്യുന്നത് എന്നു പോലും അവര്‍ ആരോപിച്ചു. അമിതമായി മാനുഷിക വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നതുകൊണ്ട്, പാപ്പാ അറിഞ്ഞോ അറിയാതെയോ പാഷണ്ഡതയുമായി അതിര്‍ത്തി പങ്കിടുകയാണ് എന്നൊക്കെയാണ് അവര്‍ നിരത്തിയ വാദങ്ങള്‍. അതുമാത്രമല്ല, പാപ്പാ ഒരു ഈശോസഭക്കാരനാണ് എന്ന കാരണത്താല്‍ പലരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നില്ല എന്നത് സത്യമാണ്. ഒരു ഈശോസഭക്കാരനെന്ന നിലയില്‍ ഇഗ്നീഷ്യന്‍ ആത്മീയതയുടെ സ്വാധീനം ശക്തമായി അദ്ദേഹത്തിനുണ്ടായിരുന്നു. ഈശോസഭക്കാരനായതുകൊണ്ട് കുഴപ്പക്കാരനാണെന്നും അസ്വസ്ഥതയുണ്ടാക്കുന്നവനാണെന്നും ആപേക്ഷികവാദിയാണെന്നും ആധുനിക ചിന്താഗതികാരനാണെന്നും ദരിദ്രനാണെന്നും മതവിരുദ്ധനാണെന്നും തുടങ്ങിയ വിശേഷണങ്ങളാല്‍ സമ്പന്നമായിരുന്നു ഇന്ന് അവസാനിപ്പിച്ച ഈ ഫ്രാന്‍സിസ്കന്‍ വ്യാഴവട്ടക്കാലം.
ഫ്രാന്‍സിസ് പാപ്പായുടെ ദൈവശാസ്ത്രപരമായ ചില കാഴ്ചപ്പാടുകള്‍ യാഥാസ്ഥിതിക മനസ്ഥിതിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളവയായിരുന്നു. 2016 ല്‍ ഇറങ്ങിയ അമോറിസ് ലെത്തിസിയ (Amoris Laetitia) എന്ന കുടുംബങ്ങളെ കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനത്തില്‍ പാപ്പ പറയുകയുണ്ടായി: വിവാഹമോചിതരായവരും സഭയുടെ ഭാഗമാണെന്നു കരുതണം. അവര്‍ക്ക് നല്‍കേണ്ട കൂദാശകളുടെ കാര്യത്തില്‍ അവരുടെ സാഹചര്യങ്ങളെ വ്യക്തമായി പഠിച്ചതിനുശേഷം കൈകാര്യം ചെയ്യണം, ആരും അവഗണിക്കപ്പെടുന്നതായി അനുഭവപ്പെടരുത്. പക്ഷേ, ഈ ചിന്ത വലിയൊരു ആശയകുഴപ്പമാണ് ദൈവശാസ്ത്രജ്ഞരിലും പുരോഹിതരിലും ഉണ്ടാക്കിയത്. അങ്ങനെ കൂദാശകളുടെ മൂല്യത്തെ ഇകഴ്ത്തി കാണിക്കുന്നു എന്ന കുറ്റം അവര്‍ പാപ്പയുടെ മേല്‍ ചുമത്തി.
2019 ഫെബ്രുവരി നാലാം തീയതി ഫ്രാന്‍സിസ് പാപ്പായും അബുദാബിയിലെ ഗ്രാന്‍ഡ് ഇമാമായ ശൈഖ് അഹമ്മദ് എല്‍-തയ്യിബുമായി ചേര്‍ന്നെഴുതിയ മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണത്തില്‍ ദൈവേഷ്ടമാണ് ഭൂമിയിലെ ബഹുസ്വരത (Plurality) എന്ന ചിന്ത പങ്കുവെക്കുന്നുണ്ട്. യാഥാസ്ഥിതികര്‍ക്ക് ആ ചിന്ത ദഹിച്ചില്ല എന്നതാണ് സത്യം. മറ്റു മതങ്ങളെയോ വര്‍ഗ്ഗത്തെയോ വര്‍ണ്ണത്തെയോ ഭാഷയെയോ അംഗീകരിക്കാന്‍ സാധിക്കാത്ത അവര്‍ക്ക് ബഹുസ്വരതയിലെ ദൈവീകമാനം പൂര്‍ണ്ണമായും എതിര്‍ത്തു.
2021 ജൂലൈ പതിനാറാം തീയതി ത്രദിസിയോനിസ് കുസ്തോദിസ് (Traditionis Custodis) എന്ന മോത്തു പ്രോപ്രിയോയിലൂടെ പരമ്പരാഗത ലത്തീന്‍ കുര്‍ബാനയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാരണം, ലത്തീന്‍ ഭാഷയില്‍ കുര്‍ബാന അര്പ്പിക്കുന്നവരുടെയും പ്രാദേശിക ഭാഷയില്‍ കുര്‍ബാന അര്പ്പിക്കുന്നുവരുടെയും ഇടയില്‍ സഭാത്മകമായ ഐക്യം നഷ്ടപ്പെടുന്നത് നിത്യസംഭവമായി. ലത്തീന്‍ ഭാഷയില്‍ കുര്‍ബാന അര്‍പ്പിക്കുന്നവരാണ് യഥാര്‍ത്ഥ ക്രൈസ്തവര്‍ എന്ന ചിന്ത ആളിപ്പടരാന്‍ തുടങ്ങി, പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും. അതുകൊണ്ട് പാപ്പ പറഞ്ഞു, ഓരോ രൂപതയിലെയും മെത്രാന്റെ അനുവാദത്തോടുകൂടി മാത്രമേ ഇനി മുതല്‍ ലത്തീന്‍ ഭാഷയില്‍ കുര്‍ബാന ചൊല്ലാന്‍ പാടുള്ളൂ എന്ന്. ഈയൊരു തീരുമാനം നല്ല ശതമാനം യാഥാസ്ഥിതികരെ, പ്രത്യേകിച്ച് ആരാധനക്രമം ഒരു ഭ്രമമായി കരുതുന്നവരെ, പാപ്പയ്ക്കെതിരേ തിരിയുവാന്‍ കാരണമാക്കി. (കേരളത്തില്‍ ഇത് നേര്‍വിപരീതമായ പരിണിതഫലമാണ് ഉണ്ടാക്കിയത്. യാഥാസ്ഥിതികതയ്ക്ക് എതിരായി കൊണ്ടുവന്ന പാപ്പയുടെ ഉത്തരവിനെ യാഥാസ്ഥിതികതയെ ഊട്ടി ഉറപ്പിക്കുന്നതിനായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. അങ്ങനെ ഐക്യത്തിനു പകരം അനൈക്യമാണ് ഇവിടെ സംഭവിച്ചത്.)
വത്തിക്കാന്‍ കൂരിയായിലെ ഭരണസമിതിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയതും, 2023 ഏപ്രില്‍ മാസത്തില്‍ നടന്ന ജനറല്‍ അസംബ്ലിയില്‍ 35 ഓളം സ്ത്രീകളെ ചേര്‍ത്തതും, ഫിടുച്ചാ സുപ്ലിക്കന്‍സ് എന്ന പ്രഖ്യാപനത്തിലൂടെ എല്ജിബിറ്റിക്കാര് കൗദാശികമല്ലാത്ത അനുഗ്രഹത്തിന് യോഗ്യരാണെന്ന അനുവാദം നല്കിയതും പല യാഥാസ്ഥിതികരെയും ചൊടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല 2013 ജൂലൈ മാസം ഭിന്നലൈംഗികതയുള്ളവരെ വിധിക്കാന്‍ ഞാന്‍ ആരാണ് എന്ന അദ്ദേഹത്തിന്റെ ചോദ്യം സകലമാധ്യമങ്ങളും ആഘോഷിച്ച ഒരു വിഷയമാണ്. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുവാന്‍ ശ്രമിച്ച മാനവികതയായിരുന്നു അവയെല്ലാം. സ്ത്രീകളുടെ സാന്നിധ്യം സഭയുടെ അധികാര ശ്രേണിയിലേക്കുള്ള കടന്നുകയറ്റമാണെന്നും എല്ജിബിറ്റിക്കാര് ശപിക്കപ്പെട്ടവരുടെ ഗണത്തിലാണെന്നുമുള്ള വാദമാണ് യാഥാസ്ഥിതികര്‍ പാപ്പയ്ക്കെതിരെ പിന്നീട് ഉന്നയിച്ചത്. ബാലപീഡനത്തിനും ലൈംഗിക കുറ്റങ്ങള്‍ക്കും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന അദ്ദേഹത്തിന്റെ നിലപാടില്‍ എവിടെ നിന്നും ഒരു എതിര്‍പ്പുമില്ലായിരുന്നു എന്നതാണ് ഏറ്റവും വലിയ അദ്ഭുതം.
2013 മാര്‍ച്ച് മാസം ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ സ്ഥാനമേറ്റെടുത്ത ദിനങ്ങളിലാണ് മിലാനില്‍ മത്തേയൊ സല്‍വീനി (Matteo Salvini) ലേഗ നോര്‍ദ് (Northern League) എന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാകുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ കാഴ്ചപ്പാടുകള്‍ക്ക് നേര്‍വിപരീതമാണ് മത്തേയൊ സല്‍വീനിയുടെ രാഷ്ട്രീയ നിലപാടുകള്‍. അഭയാര്‍ഥികളോടും ഇതര മതസ്ഥരോടും കരുണയോടെ പെരുമാറണമെന്ന പാപ്പായുടെ ആഹ്വാനത്തിന് വിരുദ്ധമായി അദ്ദേഹം ഒരു കൈയില്‍ ജപമാലയും മറു കയ്യില്‍ ബൈബിളും പിടിച്ചുകൊണ്ട് പച്ചയായി വര്‍ഗീയത പ്രസംഗിച്ചു. ആദ്യമൊക്കെ ഇറ്റലിക്കാര്‍ അദ്ദേഹത്തെ അവഗണിച്ചു. അപ്പോഴും ചെറിയൊരു കൂട്ടം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. അവര്‍ ക്രൈസ്തവികതയെ അപരവിദ്വേഷത്തിന്റെ രാഷ്ട്രീയ മാര്‍ഗ്ഗമാക്കി മാറ്റി. അഭയാര്‍ത്ഥികള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെ അവര്‍ വെറുപ്പിന്റെ ചിന്തകള്‍ പ്രചരിപ്പിച്ചു. ആര്‍ദ്രത പ്രഘോഷിക്കുന്ന ഫ്രാന്‍സിസ് പാപ്പയെ ആന്‍ഡി പോപ്പ് ആയി ചിത്രീകരിക്കുകയും ചെയ്തു. പലരും പരസ്യമായി പ്രഖ്യാപിച്ചു ഞങ്ങളുടെ പാപ്പ ഫ്രാന്‍സിസ് അല്ലെന്നും ബെനഡിക്റ്റ് പതിനാറാമന്‍ ആണെന്നും. അതിന്റെ അലയൊലികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തി. അതുകൊണ്ടുതന്നെ സഹജ വിദ്വേഷം പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ക്രൈസ്തവര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ഒരു കല്ലുകടിയായി. മലയാള മണ്ണിലെ കാസ പോലെയുള്ള സംഘടനകളും സഹജരെ ശത്രുവായി കരുതുന്നവരും ഫ്രാന്‍സിസ് പാപ്പയെ അംഗീകരിക്കുന്നില്ല എന്നത് അവരുടെ നിലപാടുകളിലൂടെ വ്യക്തമാണ്. കാരണം, വലതുപക്ഷ പോപ്പുലിസത്തെ ശക്തിയുക്തം എതിര്‍ത്ത വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. അദ്ദേഹത്തിന്റെ സുവിശേഷം ക്രിസ്തുവിന്റെ സുവിശേഷമായിരുന്നു. അത് ആര്‍ദ്രതയുടെ സുവിശേഷമാണ്.
ഏകദേശം 2013 കാലയളവില്‍ തന്നെ ഫ്രാന്‍സിസ് പാപ്പ തന്റെ പ്രഭാഷണങ്ങളിലൂടെ സഭയുടെ മുന്‍ഗണനകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യം യാഥാസ്ഥിതികര്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും പ്രാധാന്യം കൊടുക്കാതെ ദരിദ്രരെ സ്നേഹിക്കുന്നതിനെ കുറിച്ചും മാഫിയകള്‍ക്കെതിരെ പോരാടുന്നതിനെക്കുറിച്ചും ലോകത്ത് നീതിയും സമാധാനവും ഉണ്ടാകാന്‍ വേണ്ടിയുമൊക്കെയാണ് പാപ്പാ പ്രഘോഷിക്കുന്നത്. എവിടെ ദൈവശാസ്ത്രപരമായ പരിചിന്തനങ്ങള്‍ എന്നാണ് അവര്‍ ചോദിച്ചു കൊണ്ടിരുന്നത്. പൗരോഹിത്യ നിഷ്പക്ഷതയേയും മുതലാളിത്തത്തെയും ഉപഭോഗ സംസ്കാരത്തെയും ആധുനികതയുടെ പൊങ്ങച്ചത്തെയും പാപ്പ ശക്തിയുക്തം എതിര്‍ക്കുമ്പോഴും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയെ പോലെ ക്രിസ്തുവിനെക്കുറിച്ച് ആഴമായ ദൈവശാസ്ത്രം എന്തേ പ്രഘോഷിക്കുന്നില്ല എന്നൊക്കെ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. അവ കേള്‍ക്കുമ്പോള്‍ തോന്നും അത് ശരിയാണല്ലോ എന്ന്. പക്ഷേ പാപ്പ എഴുതിയ എവാഞ്ജലിയും ഗൗദിയും (Evangelium Gaudium) എന്ന ചാക്രിക ലേഖനം വായിച്ചാല്‍ ആരും ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുമെന്ന് തോന്നുന്നില്ല.
ആരൊക്കെയോ ഫ്രാന്‍സിസ് പാപ്പായുടെ മരണം ആഗ്രഹിച്ചിരുന്നു എന്നത് സത്യമാണ്. മരണം വാചികമായ ഒരു യഥാര്‍ത്ഥ്യം മാത്രമല്ല, അത് പ്രതീകാത്മകം കൂടിയാണ്. ക്രൈസ്തവ വിശ്വാസത്തെ വര്ഗീയവല്ക്കരിക്കുന്നവരും അതിനെ യാഥാസ്ഥിതികതയില്‍ തളച്ചിടാന്‍ ശ്രമിക്കുന്നവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഫ്രാന്‍സിസ് പാപ്പായുടെ മരണം ആഗ്രഹിച്ചവരാണ്. വിശ്വാസപരമായ ജ്ഞാനത്തിന്റെ നിറകുടങ്ങളാണ് തങ്ങളെന്നാണ് ഈ രണ്ടു കൂട്ടരുടെയും അവകാശവാദം. അവരുടെ തന്നെ മനസ്സാക്ഷിയുടെ വാതിലുകള്‍ അടച്ചുപൂട്ടി താക്കോല്‍ വലിച്ചെറിഞ്ഞതിനുശേഷം ക്രൈസ്തവികതയെ അതിരുകളില്‍ തളച്ചിടാന്‍ ശ്രമിക്കുകയാണവര്‍. കത്തോലിക്കാ തനിമയെ ഭയപ്പെടുത്തുന്ന ഒരു ആശയമായി ലോകത്തിനു മുന്നില്‍ അവര്‍ ഇനി പ്രദര്‍ശിപ്പിക്കും. സുവിശേഷത്തിന്റെ ആര്‍ദ്രതയെ ചങ്ങലയില്‍ തളച്ചിടും. അഹിംസയുടെ യുക്തിയെ കാറ്റില്പറത്തും. കാല്‍വരിയില്‍ ചൊരിഞ്ഞ നിഷ്കളങ്ക രക്തത്തിന് അക്രമംകൊണ്ട് വ്യാഖ്യാനം രചിക്കും. എന്തെന്നാല്‍ ആര്‍ദ്രതയുടെ കാത്തുസൂക്ഷിപ്പുകാരന്‍ തന്റെ താക്കോല്‍ കൈമാറി യാത്രയായി കഴിഞ്ഞിരിക്കുന്നു. ലോകം തീവ്ര വലതുപക്ഷത്തിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനെതിരെ പോരാടിയ അയാള്‍ തന്നെ വത്തിക്കാനിലെ എണ്ണമറ്റ ശവകുടീരങ്ങളിലെ ഒന്നാക്കി തന്നെ മാറ്റരുതെന്നും റോമിലെ മരിയ മജ്ജൊറെ ബസിലിക്കയില്‍ അടക്കം ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു നിസ്വാനായി വത്തിക്കാന്റെ പടവുകള്‍ ഇറങ്ങി കഴിഞ്ഞു. കൊവിഡ് കാലത്തില്‍ ഒരു കുരിശും വഹിച്ച് ഏകനായി ആ പടവുകള്‍ കയറിയവനാണ്. ആ തോളില്‍ അന്ന് ലോകത്തിന്റെ നൊമ്പരവും ഏകാന്തതയും നിറഞ്ഞു നിന്നിരുന്നു. പലരും ആ കാഴ്ച കണ്ട് വിങ്ങിക്കരഞ്ഞു. അതെ, ആര്‍ദ്രതയെ ആഘോഷമാക്കിയ, അനുകമ്പയെ ആചാരമാക്കിയ ഒരു വ്യാഴവട്ടക്കാലം അവസാനിച്ചിരിക്കുന്നു. വിശുദ്ധരുടെ ഗണത്തിലേക്ക് മറ്റൊരു ഫ്രാന്‍സിസ് കൂടി ചേക്കേറിയിരിക്കുന്നു.