”യേശു ചെയ്തപോലെ എല്ലാക്കൊല്ലവും പെസഹായ്ക്ക് കാലുകള്‍ കഴുകുവാന്‍ ഞാന്‍ തടവറയാണ് തിരഞ്ഞെടുക്കാറുള്ളത്. ഇക്കൊല്ലം എനിക്ക് കാലുകള്‍ കഴുകാനാവില്ല, എന്നാല്‍ നിങ്ങളുടെ അടുക്കലായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു,” വത്തിക്കാനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ട്രസ്റ്റെവെരെയിലെ റെജീനാ ചേളി ജയിലില്‍ എഴുപതോളം തടവുകാരുമായി നേരിട്ട് സംവദിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
റോം: പെസഹാ വ്യാഴാഴ്ച ഒരു മുന്നറിയിപ്പുമില്ലാതെ ഫ്രാന്‍സിസ് പാപ്പാ റോമിലെ റെജീനാ ചേളി ജയില്‍ സന്ദര്‍ശിച്ച് അരമണിക്കൂറോളം തടവുകാരോടും ജീവനക്കാരോടുമൊപ്പം ചെലവഴിച്ചു. അര്‍ജന്റീനയിലെ ബൂനോസ് ഐറിസില്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കാലം മുതല്‍ വിശുദ്ധവാരത്തിലെ ഏറ്റവും പവിത്രമായ ‘പാസ്കല്‍ ത്രിദൂവും’ (പാസ്കല്‍ ത്രിദിന) ആചരണത്തിന് തടവുകാരുടെ കാലുകള്‍ കഴുകി പെസഹാ ശുശ്രൂഷ ആരംഭിക്കുന്ന പതിവ് റോമിലെ മെത്രാന് എന്ന നിലയിലും തുടര്‍ന്നുവന്ന ഫ്രാന്‍സിസ് പാപ്പാ, ഇത്തവണ ഗുരുതരമായ ശ്വാസകോശരോഗബാധയെ തുടര്‍ന്ന് അഞ്ചാഴ്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷം വത്തിക്കാനില്‍ തുടര്‍ചികിത്സയിലും വിശ്രമത്തിലും കഴിയുന്നതിനിടെയാണ് വത്തിക്കാനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ട്രസ്റ്റെവെരെയിലെ ഒരു പുരാതന ആശ്രമത്തില്‍ നിന്നു രൂപാന്തരപ്പെട്ട ജയിലില്‍ തടവുപുള്ളികളെ തന്റെ സാമീപ്യം അറിയിക്കാനെത്തിയത്.
ശ്വസനത്തിനു സഹായകമായ സപ്ലിമെന്റല്‍ ഓക്സിജന്റെ കന്യൂല ട്യൂബില്ലാതെയാണ് പാപ്പാ ഈ സന്ദര്‍ശനത്തിന് എത്തിയത്.
”യേശു ചെയ്തപോലെ എല്ലാ കൊല്ലവും പെസഹാ വ്യാഴത്തില്‍ കാലുകള്‍ കഴുകുവാന്‍ ഞാന്‍ തടവറയാണ് തിരഞ്ഞെടുക്കാറുള്ളത്. ഇക്കൊല്ലം എനിക്ക് കാലുകള്‍ കഴുകാനാവില്ല, എന്നാല്‍ നിങ്ങളുടെ അടുക്കലായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു,” ജയിലിലെ കത്തോലിക്കാ ചാപ്ലിന്റെ ശുശ്രൂഷയില്‍ പതിവായി പങ്കെടുക്കാറുള്ള എഴുപതോളം തടവുകാരെ ജയിലിലെ ‘റോട്ടന്‍ഡ’ എന്ന വൃത്താകൃതിയിലുള്ള ആരാധനസ്ഥലത്തു വച്ച് നേരിട്ടുകണ്ട പാപ്പാ പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും വിവിധ പ്രായക്കാരുമായ തടവുപുള്ളികള്‍ ആഹ്ലാദാരവങ്ങളോട പാപ്പായെ വരവേറ്റു. ‘ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണേ,’ ‘ഞങ്ങള്‍ അങ്ങയ്ക്കൊപ്പമുണ്ട്,’ ‘സ്വാതന്ത്ര്യം,’ ‘പലസ്തീനുവേണ്ടി പ്രാര്‍ഥിക്കുക’ എന്നിങ്ങനെ ചിലര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. പാപ്പാ കൈകള്‍ ചെറുതായി വീശിയും പെരുവിരല്‍ ഉയര്‍ത്തിക്കാട്ടിയും മറ്റും അതിനോടു പ്രതികരിച്ചു. ‘എനിക്കുവേണ്ടി പ്രാര്‍ഥിക്കുക’ എന്നും അദ്ദേഹം പറഞ്ഞു.
തടവുകാര്‍ക്ക് പാപ്പാ ജപമാലയും സുവിശേഷഗ്രന്ഥത്തിന്റെ ചെറിയ പതിപ്പും സമ്മാനിച്ചു. ചിലര്‍ മുട്ടുകുത്തി പരിശുദ്ധ പിതാവിന്റെ കരം ചുംബിക്കാനും പാപ്പായുടെ വസ്ത്രത്തില്‍ തൊടാനും ശ്രമിച്ചു. ഒരു ചെറുപ്പക്കാരന്, ജയില്‍ മോചിതനാകുമ്പോള്‍ തന്റെ സഹോദരിക്കു നല്‍കാനായി സുവിശേഷത്തിന്റെ ഒരു കോപ്പി കൂടി വേണമെന്ന് അഭ്യര്‍ഥിച്ചു. മത്തെയോ എന്ന ഇരുപത്താറുകാരന് തന്റെ സുവിശേഷത്തില്‍ പാപ്പായുടെ കൈയൊപ്പിനുവേണ്ടി അപേക്ഷിച്ചു. തന്റെ ജീവിതപങ്കാളിയെ ആക്രമണത്തില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍, സത്യവിരുദ്ധമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് താന്‍ ജയിലിലായതെന്ന് അവന് പാപ്പായോടു പറഞ്ഞു.
”കര്‍ത്താവിന്റെ പ്രകാശം എന്റെയും എന്റെ കുടുംബത്തിന്റെയും ജീവിതത്തെ പ്രകാശദീപ്തമാക്കട്ടെ. പരിശുദ്ധ പിതാവേ, നന്ദി, അങ്ങയുടെ സാന്നിധ്യത്തിന്,” എന്ന് ഒരു കടലാസില്‍ കുറിച്ചു നല്കിയ ഫെര്ദിനാന്തോ എന്ന തടവുകാരന്റെ അടുക്കല്‍ നിന്ന് പാപ്പാ അയാളുടെ കുടുംബത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞു, തന്റെ പ്രാര്‍ഥനകള്‍ അയാള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു.
കഴിഞ്ഞകൊല്ലം പാപ്പാ റോമിലെ റെബിബിയ ജയിലില്‍ 12 വനിതാ തടവുകാരികളുടെ പാദങ്ങള്‍ കഴുകിയെന്ന വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന്, ഇക്കൊല്ലം പാപ്പാ തങ്ങളുടെ അടുക്കല്‍ വരണമെന്ന് റെജീനാ ചേളിയില്‍ നിന്ന് ചില തടവുകാര്‍ പരിശുദ്ധ പിതാവിന് കത്തെഴുതിയിരുന്നു. ”ഞങ്ങള്‍ പ്രാര്‍ഥിച്ചു, അദ്ദേഹം വന്നു,” റെജീനാ ചേളി റോട്ടന്ഡയില് വച്ച് ഒരു തടവുകാരന് നിറകണ്ണുകളോടെ പറഞ്ഞു.
‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാര്‍ഥനയ്ക്കുശേഷം എല്ലാവരെയും ആശീര്‍വദിച്ചുകൊണ്ട് ജയിലിനു പുറത്തെത്തിയ പാപ്പാ തന്റെ സന്ദര്ശനത്തെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തരോടു പറഞ്ഞു: ”ഇത്തരം ഇടങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഞാന്‍ സ്വയം ചോദിക്കാറുണ്ട്: എന്തുകൊണ്ടാണ് അവര്‍ ഇവിടെ, എന്തുകൊണ്ട് ഞാനല്ല?”
ഈസ്റ്റര്‍ എങ്ങനെയാകും ചെലവഴിക്കുക എന്ന ചോദ്യത്തിന്, ”എനിക്കു പറ്റുന്ന തരത്തില്‍” എന്നായിരുന്നു മറുപടി.
”ഏറ്റവും വിഷമാവസ്ഥയില്‍ കഴിയുന്നവരുടെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള കരുതലിന്റെ ഒരടയാളമാണ് പരിശുദ്ധ പിതാവിന്റെ ഈ അവസ്ഥയിലുള്ള സന്ദര്‍ശനം. ജയിലില്‍ കഴിയുന്നവരെ മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്നവരെയും ഈ ജയില്‍ സംവിധാനം ബാധിക്കുന്നുണ്ട്,” ജയിലിലെ ചാപ്ലിന് ഫാ. വിത്തോറിയോ ട്രാനി പ്രതികരിച്ചു.
2013-ല്‍ റോമിലെ പരിശുദ്ധ സിംഹാസനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട്, 15 ദിവസം കഴിഞ്ഞപ്പോഴാണ് പെസഹാ ശുശ്രൂഷയ്ക്കായി ഫ്രാന്‍സിസ് പാപ്പാ, ചെറുപ്പക്കാരായ കുറ്റവാളികളെ തടവില്‍ പാര്‍പ്പിക്കുന്ന കാസല്‍ ദെല്‍ മാര്മോയിലെത്തി രണ്ടു പെണ്‍കുട്ടികളും മുസ് ലിംകളും ഉള്‍പ്പെടെയുള്ള കൗമാരപ്രായക്കാരായ തടവുകാരുടെ പാദങ്ങള്‍ കഴുകിയത്.
2018-ല്‍ പാപ്പാ റെജീനാ ചേളിയിലെ തടവുകാരുടെ പാദങ്ങള്‍ കഴുകി. കഴിഞ്ഞ വര്‍ഷം റെബിബിയ ജയിലില്‍ ആദ്യമായി പാദപ്രക്ഷാളനത്തിന് 12 പേരും വനിതകളായിരുന്നു എന്ന പ്രത്യേകതയുണ്ടായിരുന്നു. വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് പാപ്പാ അവരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചത്. വിവിധ പ്രായക്കാരായ ആ തടവുകാരികളില്‍ പലരും കണ്ണീര് പൊഴിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 23 വരെ റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ തന്നെ പരിചരിച്ചവരും തുടര്‍ന്ന് വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ തന്റെ തുടര്‍ചികിത്സയ്ക്ക് സഹായിക്കുന്നവരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിന്റെ ഉപശാലയില്‍ ഫ്രാന്‍സിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചു.
ജെമെല്ലി പോളിക്ലിനിക്, അഗൊസ്തീനോ ജെമെല്ലി കത്തോലിക്കാ യൂണിവേഴ്സിറ്റി, വത്തിക്കാനിലെ ആരോഗ്യ, ശുചിത്വവിഭാഗം എന്നിവിടങ്ങളില്‍ നിന്നുള്ള എഴുപതോളം പേര് ഇതില്‍ പങ്കെടുത്തു. തനിക്കു നല്കിയ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ പാപ്പാ, ഏവര്‍ക്കും തന്റെ പ്രാര്‍ഥനകള്‍ ഉറപ്പുനല്‍കി. ജെമെല്ലി ആശുപത്രിയിലെ ചികിത്സകള്‍ മികവുറ്റതായിരുന്നുവെന്ന് അനുസ്മരിച്ച പാപ്പാ, ഈ സേവനം തുടരാന്‍ ആഹ്വാനം ചെയ്തു. കത്തോലിക്കാ യൂണിവേഴ്സിറ്റി റെക്ടര്‍ എലേന ബെക്കാല്ലി ഉള്‍പ്പെടെ ഏവരെയും പാപ്പാ വ്യക്തിപരമായി അഭിസംബോധന ചെയ്ത് നന്ദി പറഞ്ഞു. ജെമെല്ലി സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡാനിയേലെ ഫ്രാങ്കോ പാപ്പായ്ക്ക് ഈസ്റ്റര്‍ മംഗളങ്ങളും സൗഖ്യവും ആശംസിച്ചു.
ഈജിപ്തിലെ അടിമത്തത്തില്‍ നിന്നുള്ള ഇസ്രയേല്‍ ജനതയുടെ കടന്നുപോകലിനെ അനുസ്മരിച്ചുകൊണ്ടുള്ള യഹൂദരുടെ പെസഹാ ആഘോഷത്തിന്റെയും, ക്രിസ്തുവിന്റെ തിരുവുത്ഥാനം അനുസ്മരിച്ചുകൊണ്ടുള്ള ഈസ്റ്റര്‍ ആഘോഷത്തിന്റെയും ആശംസകള്‍ പരസ്പരം നേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പായും, റോമിലെ മുഖ്യ റബ്ബി റിക്കാര്‍ദോ ഡി സെഞ്ഞിയും കത്തുകള്‍ കൈമാറി.
”പെസഹാ തിരുനാള്‍ അടുക്കുമ്പോള്‍, നിങ്ങള്‍ക്കും റോമിലെ ജൂതസമൂഹത്തിനും എന്റെ ഏറ്റവും ഹൃദയംഗമവും സാഹോദര്യപരവുമായ ആശംസകള്‍ നേരുന്നു. കരുണയുടെ ദൈവം തന്റെ അനുഗ്രഹത്താല്‍ നിങ്ങളെ അനുഗമിക്കുകയും നിങ്ങള്‍ക്ക് സമാധാനവും ഐക്യവും നല്‍കുകയും ചെയ്യട്ടെ. ഈ സന്തോഷകരമായ അവസരത്തില്‍ നമ്മുടെ സമൂഹത്തിലെ ഏറ്റവും ദരിദ്രരോടുള്ള സൗഹൃദത്തിന്റെയും പ്രതിബദ്ധതയുടെയും ബന്ധങ്ങള്‍ പുതുക്കുമ്പോള്‍, നിങ്ങളെ ഞാന്‍ പ്രത്യേകം അനുസ്മരിക്കുകയും, എനിക്കു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ഇനിയും തുടരണമേ എന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു,” ഫ്രാന്‍സിസ് പാപ്പാ എഴുതി. തിരുനാള്‍ ആശംസകള്‍ ഹീബ്രു ഭാഷയില്‍ നേര്‍ന്നുകൊണ്ടാണ് പാപ്പാ തന്റെ എഴുത്ത് ഉപസംഹരിക്കുന്നത്.
”ഉത്ഥാന തിരുനാള്‍ വേളയില്‍, അങ്ങയുടെ ആരോഗ്യത്തിനു വേണ്ടിയുള്ള ചിന്തകളോടെ, അവയുടെ പുരോഗതിക്കുവേണ്ടിയും എല്ലാവിധ ആശംസകളും പ്രത്യേകമായി നേരുന്നു. ദൈവം നമ്മുടെ സമൂഹങ്ങളെ ആശീര്‍വദിക്കുകയും, നാം കടന്നുപോകുന്ന ദുഷ്കരമായ കാലഘട്ടത്തില്‍ നമ്മുടെ സൗഹൃദത്തെ ത്വരിതപ്പെടുത്തുകയും ചെയ്യട്ടെ,” റബ്ബി തന്റെ കത്തില്‍ കുറിച്ചു.