ന്യൂഡല്‍ഹി:കേന്ദ്ര സർക്കാരിന് തിരിച്ചടിയായി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. ചില രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഒരാഴ്ച സമയം വേണമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത് .ഇതോടെ കേന്ദ്രത്തിന് മറുപടി നല്കാന് ഒരാഴ്ച സമയം അനുവദിച്ചു. വഖഫ് ബോര്‍ഡുകളില്‍ നിയമനം പാടില്ലെന്നും വഖഫ് സ്വത്തുക്കളില്‍ തത്സ്ഥിതി
തുടരണമെന്നും സുപ്രീംകോടതി അറിയിച്ചു. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉപയോഗം വഴി വഖഫ് ആയ വസ്തുക്കള്‍ക്ക് ഡി നോട്ടിഫൈ ചെയ്യരുത്. വിശദവാദത്തിന് നോഡല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
നിയമഭേദഗതി സ്റ്റേ ചെയ്താല്‍ അത് അപൂര്‍വ്വം നടപടിയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമ്പോള്‍ ചരിത്രം കൂടി പരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഗ്രാമങ്ങളിലെ ഭൂമിയെല്ലാം വഖഫ് ആക്കി മാറ്റുകയാണ്. ഇത്രയും പരുഷമായ നിലപാട് കോടതി സ്വീകരിക്കരുതെന്നും വിശദമായ മറുപടി നല്കാന് ഒരാഴ്ചത്തെ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.തുടര്‍ന്ന് നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമത്തില്‍ അന്തിമ തീരുമാനമെടുക്കാനല്ല ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. നിയമനിര്‍മ്മാണം മൂലം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകരുത്. പുതിയ നിയമം അനുസരിച്ച് വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തുടര്‍ന്ന് അമുസ്ലീങ്ങളെ നല്‍ക്കാലം നിയമിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അഞ്ച് ഹര്‍ജികള്‍ ഒഴികെയുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കിയാതായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി. അഞ്ച് റിട്ട് ഹര്‍ജികള്‍ മാത്രമെ പരിഗണിക്കൂ. നൂറും നൂറ്റി ഇരുപതും ഹര്‍ജികള്‍ പരിഗണിക്കാന്‍ സാധിക്കില്ല. ഏതൊക്കെ ഹര്‍ജികള്‍ പരിഗണിക്കണം എന്നത് ഹര്‍ജിക്കാര്‍ തന്നെ തീരുമാനിക്കണമെന്ന് കോടതി പറഞ്ഞു. കേസ് പരിഗണിക്കാന്‍ മെയ് അഞ്ചിലേക്ക് മാറ്റി.