ബിജോ സിൽവേരി
അഡോളസെയര് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് അഡോളസെന്‍സ് എന്നവാക്ക് രൂപപ്പെടുന്നത്. ഈ വാക്കിന്റെ അര്‍ത്ഥം വളരുക, പക്വതയാര്‍ജ്ജിക്കുക, വികസിക്കുക എന്നൊക്കെയാണ്. കൗമാരം അഥവാ അഡോളസന്‍സ് നാനാവിധ പരിവര്‍ത്തനങ്ങളുടെ ഘട്ടമാണെന്ന് വൈദ്യശാസ്ത്ര വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. പ്രത്യക്ഷമായി കാണുന്ന ശാരീരിക വളര്‍ച്ചക്കപ്പുറം മാനസികവും സാംസ്കാരികവും ലൈംഗീകമായ വളര്‍ച്ചയും അതിശക്തമായി സംഭവിക്കുന്ന കാലഘട്ടമാണ് കൗമാരകാലം. അവര്‍ വളരുന്ന സാഹചര്യമനുസരിച്ച് മികച്ച സന്മാര്ഗിക രീതിയിലോ വികലമായ രീതിയിലോ അവരുടെ വ്യക്തിത്വങ്ങള്‍ വികസിക്കുന്നു. കൗമാരകാലത്തെയും അവരുടെ രക്ഷിതാക്കളുടേയും സമൂഹത്തെ തന്നെയും ബാധിക്കുന്ന ചില പ്രശ്നങ്ങള്‍ വിഷയമാക്കിയ സീരിയലാണ് നെറ്റ്ഫ്ളക്സില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ‘അഡോളസന്‍സ്’. നെറ്റ്ഫ്ളിക്സ് പ്രേക്ഷകരുടെ പട്ടികയെടുത്താല്‍ ഇന്ത്യയുള്‍പ്പെടെ 71 രാജ്യങ്ങളില്‍ തകര്‍പ്പന്‍ ഹിറ്റാണ് ‘അഡോളസന്‍സ്’. കൗമാരത്തെക്കുറിച്ച് നമുക്കറിയാമെന്ന് നമ്മള് കരുതുന്ന എല്ലാറ്റിന്റെയും ഒരു പൊളിച്ചെഴുത്താണ് ഈ സീരിയല്‍. സ്ഥലകാല ഭേദമില്ലാതെ ഈ കൗമാരകാലം എങ്ങനെയാണ് കേരളത്തിനും ബാധകമാവുന്നത്?
പ്രധാനാധ്യാപകനായ ഒരു സുഹൃത്തുണ്ട്. അധ്യാപനം അത്രമേല്‍ ഇഷ്ടപ്പെട്ടാണ് അദ്ദേഹം ആ വഴി തിരഞ്ഞെടുത്തത്. അടുത്തിടെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഇത്രമേല്‍ സമ്മര്‍ദ്ദമുള്ള മറ്റൊരു ജോലിയില്ലെന്നാണ്. റിട്ടയര്‍ ചെയ്യാനുള്ള ദിവസവും എണ്ണി കാത്തിരിക്കുകയാണ്. സ്കൂളില്‍ എല്ലാ ദിവസവും പ്രശ്നമാണ്. അടുത്തിടെ 10 വയസ്സുളള ഒരു പെണ്‍കുട്ടി സ്കൂളിന്റെ ഏറ്റവും ഉയര്‍ന്ന നിലയുടെ നെറുകയിലേക്ക് പിടിച്ചുകയറി ആത്മഹത്യാഭീഷണി മുഴക്കി. പൊലീസും ഫയര്‍ഫോഴ്സും വന്നാണ് കുട്ടിയെ ഒരു കണക്കിന് താഴെയിറക്കിയത്. സ്നേഹിച്ച പയ്യന് ‘തേച്ചിട്ട് ‘ പോയതാണ് ആത്മഹത്യചെയ്യണമെന്ന തീരുമാനത്തിലെത്തിച്ചതെന്ന് പിന്നീടവള്‍ പറഞ്ഞു. അവളുടെ മാതാപിതാക്കളും നാട്ടുകാരും കുറ്റപ്പെടുത്തുന്നത് സ്കൂളിനേയും അധ്യാപകരേയുമാണ്. മറ്റൊരു ദിവസം കുറച്ചുകുട്ടികള് കൂടി മറ്റൊരുവനെ മര്‍ദിച്ച് അവശനാക്കി. മര്ദനമേറ്റവന്റെ താടിയെല്ല് തകര്‍ന്നു. മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുവരരുതെന്നാണ് നിയമമെങ്കിലും ദിവസേന നിരവധി പേരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടുന്നു. അതിനുള്ളിലെ ‘കാഴ്ചകള്‍’ കണ്ടാല്‍ ഞെട്ടിപ്പോകും. സഹപാഠികളുടെ തന്നെ ചിത്രങ്ങളും വീഡിയോകളുമാണ് ഹൈലൈറ്റ്. എങ്ങിനെയാണ് ഇതെല്ലാം നിയന്ത്രിക്കേണ്ടതെന്നും ആരോടാണ് പരാതി പരാതി പറയേണ്ടതെന്നും അറിയുന്നില്ല. കര്‍ശനമായ നടപടികള്‍ സ്വീകരിച്ച രണ്ട് അധ്യാപകര്‍ സസ്പെന്‍ഷനിലാണ്…. അദ്ദേഹത്തിന്റെ പരാതികള്‍ നീളുന്നു.
‘അഡോളസന്‍സ്’ സീരിയല്‍ സംഭവിക്കുന്നത് ഇംഗ്ലണ്ടിലാണ്. പക്ഷേ അതിലെ പ്രതിപാദ്യത്തിന് സ്ഥലകാലഭേദമില്ല. ഇത്രയും പരിഷ്കരിച്ച രാജ്യങ്ങളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ, കുടുംബബന്ധങ്ങള്‍ക്ക് വളരെ പ്രധാന്യം നല്കുന്ന നമ്മുടെ നാട്ടില്‍ ഇതൊക്കെ ഉണ്ടാകുമോ എന്ന ചോദ്യങ്ങളൊന്നും ആരും ഉന്നയിക്കാന്‍ സാധ്യതയില്ല. കാരണം, മാധ്യമങ്ങളില്‍ ദിവസേന വരുന്ന വാര്‍ത്തകള്‍ പലതും സങ്കല്പത്തേക്കാള് ഭയാനകമാണ്.
കൗമാരനിഷ്കളങ്കത
ഭര്‍ത്താവും ഭാര്യയും രണ്ടു കുട്ടികളും ഉള്‍പ്പെടുന്ന ഒരു വീട്ടിലെ (മില്ലര്‍ കുടുംബം – അച്ഛന് എഡ്ഡി (ഗ്രഹാം), അമ്മ മാന്‍ഡ (ക്രിസ്റ്റിന് ട്രെമാര്‍ക്കോ), മൂത്ത സഹോദരി ലിസ (അമേലി പീസ്) ജെയ്മി (പുതുമുഖം ഓവന് കൂപ്പര്‍)) വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുന്ന ആയുധധാരികളായ പൊലീസുകാരെയാണ് സീരിയലിന്റെ ആദ്യഭാഗത്തിന്റെ തുടക്കത്തില്‍ തന്നെ കാണുന്നത്. വീടുമുഴുവന്‍ കീഴ് മേല്‍ മറിച്ച് തിരച്ചില്‍ നടത്തുന്ന പൊലീസ്, ഏതോ ഭീകരനെ പിടിക്കാനെന്നവണ്ണം തോക്കുകളുമായി വീടുമുഴുവന്‍ അരിച്ചുപെറുക്കുന്നു. കിടക്കപ്പായില്‍ നിന്ന് പതിമൂന്നു വയസുകാരനായ ജെയ്മി എന്ന പയ്യനെയാണ് അവര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നതെന്നു കാണുമ്പോള്‍ ജെയ്മിയുടെ മാതാപിതാക്കളെ പോലെ പ്രേക്ഷകരും ഞെട്ടിപ്പോകും. ‘എന്നെ എന്തിനാണ് കൊണ്ടുപോകുന്നത്? ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന്’ ഈ കൊച്ചുപയ്യന് വിലപിക്കുമ്പോള്‍ നമ്മുടെ ഹൃദയവും തേങ്ങിപ്പോകും. പൊലീസുകാരുടെ കണ്ണില്‍ച്ചോരയില്ലാത്ത പ്രവര്‍ത്തികളെ വിമര്‍ശിക്കും. നിരപരാധികളെ, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരു കിളുന്തു പയ്യനെ മാതാപിതാക്കളുടെ കണ്മുന്നില് വെച്ച് പിടിച്ചുകൊണ്ടുപോകുന്ന അധികാരദുര്‍വിനിയോഗം ആരേയും കോപാകുലരാക്കും.
ഈ കൊച്ചുപയ്യനെ പിടിക്കാനാണോ അഞ്ചു പോലീസ് കാറുകളും ഒരു വാനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ആയുധങ്ങളുമായി വന്നതെന്ന് നാം അന്തിച്ചുപോകും. ആദ്യ എപ്പിസോഡില്‍ ഈ ചോദ്യം ജെയ്മിയോടുള്ള ഒരു പ്രതിരോധമായും സഹതാപമായും പ്രേക്ഷകര്‍ക്കിടയില്‍ തങ്ങി നില്ക്കും. ജെയ്മിയെ പൊലീസുകാര്‍ പിന്നീട് ചോദ്യം ചെയ്യുകയാണ്. അതിന്റെ വിശദാംശങ്ങളിലേക്കാണ് ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചിട്ടുള്ള കാഴ്ച കടക്കുന്നത്. ജെയ്മിയുടെ ഒരു കൂട്ടുകാരി കൊല്ലപ്പെട്ട കേസിലാണ് അവനെ പൊലീസ് പിടികൂടിയിരിക്കുന്നതെന്ന് നമുക്കപ്പോള്‍ മനസിലാകുന്നു. ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ ബാസ്കോംബെ (ആഷ്ലി വാള്‍ട്ടേഴ്സ്) ഡിറ്റക്റ്റീവ് സര്‍ജന്റ് മിഷ ഫ്രാങ്ക് (ഫായി മാര്‍സെ) എന്നിവര്‍ ചോദ്യം ചെയ്യലില്‍ ഏര്‍പ്പെടുമ്പോഴും കുറ്റകൃത്യത്തിന്റെ ക്രൂരതയും കൊച്ചു പ്രതിയുടെ ഒറ്റപ്പെടലും അവരേയും വിഷമിപ്പിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനു മുമ്പായി ഒരു വക്കീലിനെ ജെയ്മിക്കായി പൊലീസ് നിയോഗിക്കുന്നുണ്ട്. തന്റെ ഡാഡി കൂടി തന്റെ സമീപത്ത് വേണമെന്നാണ് നിസഹായനായ ജെയ്മിയുടെ ആവശ്യം. പൊലീസ് അതംഗീകരിക്കുന്നു. ഭാവിയില്‍ കേസിന് പ്രതികൂലമായേക്കാവുന്ന ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്’ എന്നു പറയാനാണ് വക്കീലിന്റെ നിര്‍ദേശം.
‘നോ കമന്റ്’
പൊലീസിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുമ്പോള്‍ ജെയ്മിക്ക് ‘നോ കമന്റ്’ ധാരാളം ഉപയോഗിക്കേണ്ടി വരുന്നു. താന്‍ നിരപരാധിയാണെന്നും താനൊന്നും ചെയ്തിട്ടില്ലെന്നും ജെയ്മി കണ്ണീരോടെ ആവര്‍ത്തിക്കുന്നുണ്ട്. അപ്പോള്‍ അവന്റെ പിതാവിനെ പോലെ പ്രേക്ഷകനും ആശങ്കയിലാകും. പിന്നീട് സിസി ടിവി ദൃശ്യങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ പൊലീസുകാര്‍ കാണിക്കുമ്പോള്‍ ആ പിതാവ് തകര്‍ന്നു പോകുന്നു. അച്ഛന് എഡ്ഡിയുടെ നിശബ്ദമായ വേദനയും അടക്കിപ്പിടിച്ച രോഷവും നിങ്ങള്‍ക്കപ്പോള്‍ കാണാം, കേള്‍ക്കാം; കൂട്ടുകാരിയെ കത്തിക്കൊണ്ട് ഏഴു തവണ കുത്തി, കൊലപ്പെടുത്തിയത് ജെയ്മിയാണെന്ന് ഒരു ഞെട്ടലോടെ നാം മനസിലാക്കുന്നു. നമ്മുടെ നാട്ടില്‍ നടന്ന-നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് കൗമാരകൂതുഹലങ്ങള് നാമപ്പോള് ഓര്‍ക്കുന്നു. റാഗിങ്ങിന്റെ പേരിലും വേര്‍പിരിയല്‍ പാര്‍ട്ടികളുടെ പേരിലും നടന്ന കൂട്ടസംഘട്ടനങ്ങളും അതിക്രമങ്ങളും അതില്‍ ജീവന് പൊലിഞ്ഞവരേയും ആത്മഹത്യചെയ്തവരേയും നമുക്കപ്പോള്‍ സ്വാഭാവികമായും ഓര്‍മവരും.
എപ്പിസോഡിന്റെ രണ്ടാം ഭാഗത്തില്‍ ജെയ്മിയുടെ ചെയ്തിക്ക് കാരണമന്വേഷിച്ച് അവന്റെ സ്കൂളില്‍ പൊലീസ് എത്തുന്നുണ്ട്. മികച്ച കെട്ടിടം, കളിസ്ഥലം, അന്തരീക്ഷം, വേഷം, ഭക്ഷണം എന്നിവയിലെല്ലാം മികച്ചു നില്ക്കുന്ന സ്കൂള്‍. പക്ഷേ പൊലീസുകാര്‍ അവിടെ എത്തുമ്പോഴാണ് സ്നേഹിതനായ പ്രധാനാധ്യാപകന് പറഞ്ഞ പല കാര്യങ്ങളും ഓര്‍മയിലേക്ക് തികട്ടി വന്നത്. ആരേയും ബഹുമാനിക്കാത്ത, അനുസരിക്കാത്ത കുട്ടികള്‍. തങ്ങളുടെ സ്കൂളിലെ ഒരു കുട്ടി കൊല്ലപ്പെട്ട കേസ്, അതും കൊലപാതകി സ്കൂളിലെ തന്നെ വിദ്യാര്‍ഥി ആണെന്നറിഞ്ഞിട്ടും പൊലീസിനെ പോലും ഭയക്കാതെ അവരെ പരിഹസിക്കുകയാണ് അവര്‍. അന്വേഷണവുമായി സഹകരിക്കാന്‍ ആരും തയ്യാറാകുന്നില്ല. കൊല്ലപ്പെട്ട കുട്ടിയുടെ ഏറ്റവുമടുത്ത കൂട്ടുകാരി പോലും.
അവരെന്താണ് പറയുന്നത്?
വീടുകളില്‍ സ്നേഹവും കരുതലും ലഭിക്കാത്ത കുട്ടികളാണ് വഴി തെറ്റിപ്പോകുന്നതെന്ന മനഃശാസ്ത്രപരമായ നിര്‍വചനങ്ങള്‍ ഈ കാലഘട്ടത്തില്‍ ചേര്ന്നുപോകുന്നില്ലെന്ന സത്യം ‘അഡോളസന്‍സ്’ വ്യക്തമാക്കുന്നു. സമൂഹത്തിന്റെ നടപ്പുരീതികളോട് സമരസപ്പെടാന്‍ കൗമാരം വിഷമിക്കുകയാണ്. അവരുടെ ലൈംഗീകചിന്തകള്‍, സൗഹൃദങ്ങള്‍, ആംഗ്യങ്ങളും വാക്കുകളും പോലും മുതിര്‍ന്നവര്‍ക്ക് പിടിതരുന്നില്ല. ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ ബാസ്കോംബെയുടെ മകന് ആഡം, ജെയ്മിയുടെ ക്ലാസ് മേറ്റാണ്. അവന് അച്ഛനെ സഹായിക്കാന്‍ ചില വിവരങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ സ്വന്തം മകന് പറയുന്ന വാക്കുകളോ സംജ്ഞകളോ അയാള്‍ക്കു മനസിലാകുന്നതേയില്ല. ‘എന്താണ് നീ ഉദ്ദേശിക്കുന്നതെന്ന്’ അയാള്‍ക്ക് പലപ്പോഴും ചോദിക്കേണ്ടി വരുന്നുണ്ട്. നമ്മുടെ കൗമാരക്കാരോട് സംവദിക്കുമ്പോള്‍ ആ ആശയക്കുഴപ്പം-അവരുടെ വാക്കുകളും പ്രയോഗങ്ങളും അറിയാത്തതിന്റെ അമ്പരപ്പ് നാമും അനുഭവിക്കുന്നതാണല്ലോ എന്നും ഓര്‍ത്തുപോകും.
സീരീയലിന്റെ രചന നിര്‍വഹിച്ച ബ്രിട്ടിഷ് നടന് സ്റ്റീഫന്‍ ഗ്രഹാം പറയുന്നുണ്ട് – ‘പുതിയ തലമുറയുടെ ലോകം അതിവിചിത്രമാണ്. അതില്‍ അച്ഛനും അമ്മയും കുടുംബവും എന്നതിനേക്കാള്‍, സമൂഹമാധ്യമങ്ങളും, സ്കൂളും, കൂട്ടുകെട്ടുകളുമുള്പ്പെടെ പലതിന്റെയും സ്വാധീനമുണ്ട്. അത്തരമൊരു തലമുറയുടെ പ്രതിനിധിയായാണ് ഞങ്ങള്‍ ജെയ്മിയുടെ കഥാപാത്രത്തെ ഉള്‍ക്കൊണ്ടത്’. ഈ സീരിയലിലെ കുട്ടികളുടെ യാഥാര്‍ത്ഥ്യം നമ്മുടെ സ്വന്തം കുട്ടികളുടെ പൊതുവായ യാഥാര്‍ത്ഥ്യമാണെന്ന ഭയാനകമായ സത്യം ഓരോ രക്ഷിതാവിന്റേയും പേടിസ്വപ്നമാകും.
വീടുകളിലേക്ക് തിരിഞ്ഞുനോക്കാം
ജെയ്മി അവന്റെ വീട്ടുകാര്‍ക്ക് ഒരു നല്ല കുട്ടിയായിരുന്നു, നിഷ്കളങ്കനായിരുന്നു. പൊലീസ് പലപ്പോഴും പറയുന്നതുപോലെ മിടുക്കനായ കുട്ടിയായിരുന്നു, പഠിക്കാന്‍ മിടുക്കനായിരുന്നു. എന്നിട്ടും അവന് മറ്റൊരാളായി തികച്ചും അപരിചിതനായ ഒരു കൊലയാളിയായി മാറിയ കാഴ്ച പലപ്പോഴും മാതാപിതാക്കളുടെ ചിന്തകള്‍ക്ക് പിടിതരാത്ത കാര്യമാണ്. തങ്ങളുടെ കുട്ടിയെ അറിയാമെന്ന് നിരന്തരം സത്യം ചെയ്യുന്ന അവരുടെ നല്ലവരും സ്നേഹമുള്ളവരുമായ മാതാപിതാക്കള്‍ പലപ്പോഴും വളരെ വൈകുന്നതുവരെ അത് സംഭവിക്കുന്നത് കാണുന്നില്ല. നമ്മള് ശ്രദ്ധിക്കാന്‍ തുടങ്ങിയില്ലെങ്കില്‍, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പൂര്‍ണ്ണമായി ബോധ്യമുള്ള മറ്റൊരു ജെയ്മി നമ്മുടെ വീടുകളിലും ഉണ്ടായിവരാനുള്ള സാധ്യതയുണ്ട്.
ആദ്യ ദിവസം മുതല്‍ മാസങ്ങള്‍ക്കുശേഷം അവസാനിക്കുന്ന ഈ കഥയിലെ ഓരോ എപ്പിസോഡും ഒരു കുറ്റകൃത്യം കൗമാരക്കാരനെയും കുടുംബത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാധാരണ സിനിമകളിലോ സീരിയലുകളിലോ കാണുന്നതു പോലെ ഇരയ്ക്ക് വേണ്ടി കൂടുതല്‍ സമയമൊന്നും ഇവിടെ ചെലവഴിക്കുന്നില്ല. പ്രേക്ഷകര്‍ ഇരയുടെ കുടുംബത്തെ കണ്ടുമുട്ടുന്നില്ല. കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്നവന്റെ കുടുംബത്തിന്റെ നാണക്കേടും ഭീതിയും, കൗമാരക്കാരുടെ നിര്‍ഭാഗ്യരായ അധ്യാപകരുടെ നിസാഹായതയുമെല്ലാം സൂക്ഷ്മമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. ജെയ്മിയെ കൗണ്‍സില്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ട എറിന് ഡോഹെര്ട്ടിയെന്ന മനഃശാസ്ത്രജ്ഞയും ജെയ്മിയുമായി എപ്പിസോഡ് 3 ല്‍ ദീര്‍ഘമായ ആശയവിനിമയമാണ് നടത്തുന്നത്. സീരിയലിലെ ഏറ്റവും അസ്വസ്ഥവും സമര്‍ത്ഥമായി അവതരിപ്പിച്ചതുമായ രംഗങ്ങളിലൊന്നാണിത്.
ഇത്തരം സിനിമകളില്‍ നിന്നോ സീരിയലുകളില്നിന്നോ മുറിവുകളില്ലാതെ നമുക്ക് രക്ഷപ്പെടാനാവില്ല. കാരണം, അത് നമ്മുടെ വീടുകളിലെ അകത്തളങ്ങളിലാണ് സംഭവിക്കുന്നത്. കഥാപാത്രങ്ങളുടെ അതേ ഇടങ്ങളില്‍ നമ്മളും കുടുങ്ങിക്കിടക്കുന്നു, അവരുടെ ഭയം, ആശയക്കുഴപ്പം, നിരാശ എന്നിവ അനുഭവിക്കുന്നു. ക്യാമറ ഒരു അദൃശ്യ സാന്നിധ്യം പോലെ അസ്വസ്ഥമായും കണ്ണുചിമ്മാതെയും നീങ്ങുന്നു. ഇന്റര്‍നെറ്റിന്റെ അപകടങ്ങളെക്കുറിച്ചോ വിഷലിപ്തമായ സംസ്കാരങ്ങളുടെ വരവിനെക്കുറിച്ചോ ഉള്ള ഗംഭീരമായ സംവാദങ്ങളിലോ സംഭാഷണങ്ങളിലോ സീരിയല്‍ ശ്രദ്ധിക്കുന്നതേയില്ല. ധാര്‍മ്മിക തീരുമാനങ്ങള്‍ പ്രേക്ഷകനു മുന്നില്‍ വക്കുന്നുമില്ല. പകരം, അത് കാഴ്ചക്കാരെ അസ്വസ്ഥതയിലാഴ്ത്തുന്നു. നമ്മള് കടന്നുപോകുന്ന ലോകം അസ്വസ്ഥമാണെന്ന് അംഗീകരിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു.
പിന്കുറിപ്പ്:
ഈ തലമുറയെ കുറ്റം പറയുന്നതിനു മുമ്പ് 13 വയസുള്ളപ്പോള്‍ നമ്മള് എന്തുചെയ്തുവെന്ന് ചിന്തിച്ചു നോക്കണം. ഡിവൈസുകളുടെ അതിപ്രസരണമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ തികച്ചും പരിശുദ്ധരും നിഷ്കളങ്കരുമായിരുന്നോ നമ്മളെന്ന ഇന്നത്തെ മുതിര്‍ന്ന തലമുറ? കുമ്പസാരിക്കാത്ത ഒരുപാട് രഹസ്യങ്ങള്‍ പലര്ക്കുണ്ടായിരുന്നില്ലേ? ഭീകരമായ അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ ധാരാളമില്ലേ? നമ്മള് അവരെ മനസ്സിലാക്കാന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കില്‍, ‘കൗമാരം’ പ്രതീക്ഷയില്ലാത്തതല്ല.