കൊച്ചി: വക്കഫ് ഭേദഗതി ബില്ലിന് തത്വത്തിൽ അംഗീകാരമേകിയ ലോകസഭ , രാജ്യസഭകളുടെ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പ്രസ്താവിച്ചു. ഇത് യാഥാർത്ഥ്യമാക്കുവാൻ കേരള സർക്കാരിന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു.
അതേസമയം ഭേദഗതിയിലെ ചില വകുപ്പുകൾ മൂലം ബന്ധപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാകുന്ന ആശങ്കകൾക്ക് പരിഹാരമുണ്ടാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങൾ ആരും കവർന്നെടുക്കാത്ത രീതിയിൽ സർക്കാരിൻറെ ഇടപെടലുകൾ ഈ മേഖലയിൽ ഉണ്ടാകണം. മുനമ്പം വിഷയം പരിഹരിക്കുന്നതിന് വേണ്ടി വഖഫിന്റെ ഭേദഗതികൾ ഉപയോഗിക്കണം. വ്യക്തികൾക്ക് നിയമാനുസൃതം തീറ് വാങ്ങിയ സ്വത്ത് സംരക്ഷിക്കുവാനുള്ള നടപടികൾ ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി ഉണ്ടാകണം. പൊതുവിൽ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കണം.
നാളിതുവരെ മുനമ്പം ജനതയ്ക്ക് ഒപ്പം സമരമുഖത്ത് ആത്മീയമായും ഭൗതികവുമായും സഹകരിച്ച എല്ലാവർക്കും ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി.
ഒപ്പം ജബൽപൂരിൽ ക്രൈസ്തവ സഭാധികാരികൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ആർച്ച് ബിഷപ്പ് അഗാധ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. നോർത്ത് ഇന്ത്യയിൽ ക്രൈസ്തവർ നേരിടുന്ന എല്ലാ അക്രമങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന മത വർഗീയ ശക്തികൾ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നും ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.