പ്രഫ. ഷാജി ജോസഫ്
No Man’s Land (Bosnia and Herzegovina/98 minutes/2001)
Director: Danis Tanovic
ബോസ്നിയന്‍ എഴുത്തുകാരനും സംവിധായകനുമായ ഡാനിസ് താനോവിച്ച് രചനയും സംവിധാനവും നിര്‍വഹിച്ച ‘നോ മാന്‍സ് ലാന്‍ഡ്’ ഒരു ശക്തിയേറിയ യുദ്ധചിത്രമാണ്. തനോവിച്ചിന്റെ അരങ്ങേറ്റ ചിത്രമാണിത്. ബോസ്നിയന്‍ യുദ്ധം പശ്ചാത്തലമാക്കി എടുത്ത തീവ്രമായ രാഷ്ട്രീയവും മാനവികതയും അടങ്ങിയിരിക്കുന്ന ഈ ചിത്രം യുദ്ധത്തിന്റെ വ്യാജസ്വഭാവവും അര്‍ത്ഥശൂന്യതയും സുതാര്യമായി അവതരിപ്പിക്കുന്നു.
1993-ല്‍ ബോസ്നിയയില്‍ നടന്ന തീവ്ര യുദ്ധത്തിന്റെ കാഴ്ചപ്പാടില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. ബോസ്നിയന്‍, സെര്‍ബിയന്‍ സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ നടുവില്‍ സൈനികരായ ‘സിക്കി’യും ‘നിനോയും’ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോകുന്നു. അവിടേക്ക് സെര്‍ബിയന്‍ സൈനികരും എത്തുന്നു, ഇതോടെ ആ സ്ഥലത്ത് അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുന്നു. യുദ്ധമുഖത്ത് പരിക്കേറ്റ രണ്ട് സൈനികര്‍, ബോസ്നിയന്‍ വംശജനായ സിക്കിയും (ബ്രാങ്കോ ഡ്യൂറിക്) ബോസ്നിയന്‍-സെര്‍ബിയന്‍ വംശജനായ നിനോയും(റെനെ ബിറ്റോരജാക്) ട്രഞ്ചില്‍ കുടുങ്ങിപ്പോകുന്നു. വംശീയമായി ഇരുചേരികളിലുള്ള രണ്ട് സൈനികരും പരസ്പരം ഏറ്റുമുട്ടുന്നു.
അവര്ക്കകലെയല്ലാതെ പരിക്കേറ്റ മറ്റൊരു ബോസ്നിയന്‍ പട്ടാളക്കാരനായ ‘സെറ’ (ഫിലിപ് സോവാഗോവിച്ച്) അബോധാവസ്ഥയില്‍ നിന്ന് ഉണരുമ്പോള്‍ അറിയുന്നത് അയാള്‍ക്കു കീഴെ ശത്രുക്കളായ സെര്‍ബുകള്‍ ഒരു കുഴിബോംബ് സ്ഥാപിച്ചിരിക്കുന്നു എന്നതാണ്. അതിനു മുകളില്‍നിന്നും മാറിയാല്‍ മൈന്‍ പൊട്ടിത്തെറിക്കും. വംശീയതയും വെറുപ്പും മുന്നോട്ട് വെക്കുന്ന സകല വിഭജന ബോധത്തെയും അപ്രസക്തമാക്കുന്ന നിമിഷങ്ങളിലാണ് അവര്‍. മൂന്ന് പേരും മരണ മുഖത്തുനിന്നും ഏറെ അകലെയല്ല. അതേസമയം, ഭിന്നത വളരെ ശക്തമാണ്, മൂവര്‍ക്കുമിടയില്‍ ഉടലെടുത്ത അനശ്ചിതത്ത്വത്തില് സിനിമ മുന്നോട്ട് നീങ്ങുന്നു.
ഐക്യരാഷ്ട്രസഭയുടെ മേല്‍ നോട്ടത്തിലുള്ള സംരക്ഷണ സേനയുടെ റോള്‍ യുദ്ധ മുന്നണിയില്‍ മാനുഷിക സഹായ വാഹന വ്യൂഹങ്ങളെ സംരക്ഷിക്കുക, നിഷ്പക്ഷത പാലിക്കുക എന്നിവക്കപ്പുറം വെറും കാഴ്ചക്കാരായി പ്രവര്‍ത്തിക്കുക എന്നതാണ്. നിഷ്പക്ഷ നിലപാട് സ്വീകരിക്കാനും നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഐക്യരാഷ്ട്ര സംരക്ഷണ സേനയ്ക്ക് മുകളില്‍നിന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫ്രഞ്ച് ആര്‍മി സര്‍ജന്റ്, ഹൈക്കമാന്‍ഡിന്റെ ഉത്തരവുകള്‍ അവഗണിച്ച്, കുടുങ്ങിക്കിടക്കുന്ന മൂന്ന് സൈനികരെ സഹായിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുന്നു. ഭാഗ്യവശാല്‍, ഒരു ബ്രിട്ടീഷ് റിപ്പോര്‍ട്ടറും സ്ഥലത്തെത്തുന്നു. അയാള്‍ തത്സമയ വാര്‍ത്ത ലോകത്തെ അറിയിച്ച് മാധ്യമ സമ്മര്‍ദ്ദം ചെലുത്തുന്നു. രണ്ട് സൈനികര്‍ കുഴിയില്‍ കുടുങ്ങിയതിന്റെയും, കുഴിബോംബിന് മുകളില്‍ കിടക്കുന്ന മറ്റൊരു സൈനികന്റെയും കഥ മാധ്യമങ്ങളില്‍ വലിയ വാര്‍ത്താ കഥകളായി മാറുമ്പോള്‍ അവര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. നിഷ്പക്ഷമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സൈന്യവും പാശ്ചാത്യ മാധ്യമങ്ങളും ഈ പ്രതിസന്ധിയിലേക്ക് ഇടപെടുമ്പോള്‍, യുദ്ധത്തിന്റെ ഉഗ്രതയും അതിലെ രാഷ്ട്രീയ കളികളും വെളിപ്പെടുന്നു. യുദ്ധമുഖത്ത് വീണു കിടക്കുന്ന സൈനികന് ഒരു മൈനിന് മുകളിലാണെന്ന് മനസ്സിലാകുമ്പോള്‍ സംഭവങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നു. ഇത് സൈനികരെ രക്ഷിക്കാനുള്ള നടപടിയിലേക്ക് യുഎന്‍ ഹൈക്കമാന്‍ഡിനെ തള്ളിവിടുന്നു. പക്ഷേ, സെറയ്ക്ക് താഴെ കുഴിച്ചിട്ടിരിക്കുന്ന മൈന്‍ നിര്‍വീര്യമാക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയ യുഎന്‍ സേന മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നു. സെറയെ രക്ഷപ്പെടുത്തിയെന്ന് അവര്‍ കള്ളം പറയുന്നു, റിപ്പോര്‍ട്ടര്‍മാരെയും മറ്റുള്ളവരെയും കൂട്ടി അവര്‍ പ്രദേശം വിട്ടുപോകുന്നു.
ഈ സിനിമ യുദ്ധത്തെ ഒരു സാഹസിക കഥയായി അല്ല, മറിച്ച് അതിന്റെ അസഹ്യമായ നിരര്‍ത്ഥകത അവതരിപ്പിക്കുന്നു. പ്രധാന കഥാപാത്രങ്ങള്‍ ആയ സിക്കി, നിനോ, സെറ എന്നിവരുടെ വികാരങ്ങളിലൂടെ യുദ്ധത്തിന്റെ അനിശ്ചിതത്വം ആഴത്തില്‍ നമുക്ക് അനുഭവപ്പെടുന്നു. യുഎന്‍, യുദ്ധമുഖങ്ങളില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ ഇടപെടുന്ന രീതിയെയും പാശ്ചാത്യ മാധ്യമങ്ങളുടെ സമീപനത്തെയും സിനിമ ശക്തമായി വിമര്‍ശിക്കുന്നു.
നോ മാന്‍സ് ലാന്‍ഡ് ഒരു യുദ്ധ ചിത്രമെന്നതിനപ്പുറം, യുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയും അതിന്റെ അനിവാര്യമായ ദുര്ഗ്ഗതിയും സൂക്ഷ്മമായി അനാവരണം ചെയ്യുന്നു. സാധാരണ യുദ്ധ ചിത്രങ്ങളിലേതുപോലെ അതിരൂക്ഷമായ രംഗങ്ങളോ സംഘട്ടനങ്ങളോ ഇല്ലാതെ തന്നെ യുദ്ധത്തെ, അതിന്റെ ഭീകരാവസ്ഥയെ, ഹിംസ നിറഞ്ഞ മുഖത്തെ തുറന്നു കാണിക്കുന്ന ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചിരിക്കുന്നു.
2001ലെ കാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പാമോറിന് നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രത്തിന് ഏറ്റവും മികച്ച തിരക്കഥക്കുള്ള പുരസ്കാരം ലഭിച്ചു. 2001-ലെ അക്കാദമി അവാര്‍ഡില്‍ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കര് ലഭിച്ചതും ഈ സിനിമയുടെ തിളക്കം വ്യക്തമാക്കുന്നു. റോട്ടര്‍ ഡാം, സാന്‍ സെബാസ്റ്റ്യന്‍ ചലച്ചിത്രമേളകളിലുള്‍പ്പെടെ 30 പുരസ്കാരങ്ങളും 25 നോമിനേഷനുകളും ചിത്രത്തിനു ലഭിച്ചു. ഏത് യുദ്ധത്തിലായാലും ആരാണ് ശരി, ആരാണ് തെറ്റ് എന്നതിനെക്കുറിച്ച് വാദിക്കുന്നുണ്ടെങ്കിലും, സംഘര്‍ഷം അസംബന്ധത്തിന്റെ മേഖലയിലേക്ക് വളര്‍ന്നിരിക്കുന്നു എന്നതാണ് സംവിധായകന്റെ നിലപാട്. ഇരുണ്ടതും നര്‍മ്മം നിറഞ്ഞതുമായ ‘നോ മാന്‍സ് ലാന്‍ഡ്’ യുദ്ധമെന്ന അസംബന്ധത്തെ വ്യക്തമായി ചിത്രീകരിക്കുന്നു.
ഈ സിനിമയെ ഒരു സാധാരണ യുദ്ധചിത്രമായോ ത്രില്ലറായോ കാണാനാകില്ല. മനുഷ്യന്റെ യുദ്ധഭ്രാന്തിന്റെ സങ്കടകരമായ സാക്ഷ്യമാണ് ഇത്. യുദ്ധം എന്നത് ഏതു വശത്തും ദു:ഖം മാത്രമേ ഉണ്ടാക്കൂ എന്ന ദൃഢമായ സന്ദേശം നല്കുന്ന ‘നോ മാന്‍സ് ലാന്‍ഡ്’ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്.
സിനിമ സാര്‍വത്രികമായ ഒരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. തെക്ക് കിഴക്കന്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും, കിഴക്കന്‍ യൂറോപ്പിലും, ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലുമൊക്കെ വര്‍ഗ്ഗീയതയും വംശീയതയും അതിര്ത്തികളുമൊക്കെ പുതിയ യുദ്ധങ്ങള്‍ക്ക് കാരണമുണ്ടാക്കികൊണ്ടിരിക്കുന്ന വര്‍ത്തമാന അവസ്ഥയില്‍ എല്ലാ യുദ്ധങ്ങളും അശ്ലീലങ്ങളാണ് എന്ന് ഈ ചിത്രം കൂടെ കൂടെ നമ്മെ ഓര്‍മ്മിപ്പിക്കും.