പ്രഫ. ഷാജി ജോസഫ്
Even the Rain (Spain/103 minutes/2010)
Director: Icíar Bollaín
2010-ല്‍ പുറത്തിറങ്ങിയ ഒരു സ്പാനിഷ് സിനിമയാണ് ഈവണ്‍ ദി റെയ്ന്‍ . ഇസിയര്‍ ബൊല്ലന് സംവിധാനം ചെയ്ത ഈ ചിത്രം കൊളോണിയലിസം, അതിനുമപ്പുറത്തെ ആധുനിക കാലത്തെ ചൂഷണം എന്നിവ തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന ശ്രദ്ധേയമായ സിനിമ കൂടിയാണ്. 2000 ലെ ബൊളീവിയയിലെ ജല സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ നടക്കുന്നത്. കൊളംബസ് കാലഘട്ടത്തെക്കുറിച്ചുള്ള സിനിമാ ചിത്രീകരണത്തിന്റെ പശ്ചാത്തലത്തില്‍, ലാറ്റിനമേരിക്കയിലെ ദാരിദ്ര്യവും കൊളോണിയല്‍ അടിച്ചമര്‍ത്തലും അതിന്റെ പ്രതിഫലനങ്ങളും ആഴത്തില്‍ ചിത്രീകരിക്കുന്നു സിനിമയില്‍.
ഒരു സ്പാനിഷ് സിനിമാ സംഘം കൊളോണിയല്‍ കാലഘട്ടത്തെ (കൊളംബസ് കാലഘട്ടം) ആസ്പദമാക്കി സിനിമ ചിത്രീകരിക്കാന്‍ ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ദരിദ്ര രാജ്യമായ ബൊളീവിയയില്‍ എത്തുന്നു. സിനിമയ്ക്കായി തദ്ദേശീയരായ ജനങ്ങളെ ഏറ്റവും കുറവ് (ദിവസം 2 ഡോളര്‍) പ്രതിഫലത്തില്‍ അഭിനയിപ്പിക്കാന്‍ സാധിക്കും എന്നതുകൊണ്ടാണ് സംവിധായകന് സെബാസ്റ്റ്യനും (ഗയേല്‍ ഗാര്‍ഷ്യ ബെര്‍ണല്‍) നിര്‍മ്മാതാവ് കോസ്റ്റയും (ലൂയീസ് ടൊസാര്) ബൊളീവിയ തെരഞ്ഞെടുക്കുന്നത്. കൊച്ചബാംബയില്‍ ജലത്തിന്റെ സ്വകാര്യവല്ക്കരണത്തെച്ചൊല്ലിയുള്ള വലിയ സാമൂഹിക പ്രക്ഷോഭത്തിനിടയിലാണ് (2000ലെ ബൊളീവിയയിലെ കൊച്ചബാംബ വാട്ടര്‍ വാര് എന്ന ചരിത്രപ്രസിദ്ധമായ കുടിവെള്ള സമരം) അവര്‍ തങ്ങളുടെ സിനിമാ സംഘത്തോടൊപ്പം എത്തുന്നത്. അഭിനേതാക്കള്‍ക്കായുള്ള ഓപ്പണ്‍ കാസ്റ്റിംഗ് ലഘുലേഖയ്ക്ക് മറുപടിയായി നൂറുകണക്കിന് ബൊളീവിയന്‍ ആദിവാസികള്‍ നീണ്ട വരികളില്‍ കാത്തിരിക്കുന്നു. കുറഞ്ഞ വേതനത്തില്‍ ആളുകളെ ലഭ്യമായതുകൊണ്ട് ആയിരക്കണക്കിന് ഡോളര്‍ ലാഭിക്കുന്നതില്‍ നിര്‍മ്മാതാവ് കോസ്റ്റ ഉത്സുകനാണ്.
യുഎസും, യൂറോപ്പും ആസ്ഥാനമായുള്ള കോര്‍പ്പറേഷനുകള്‍ ലാറ്റിന്‍ അമേരിക്കയുടെ സമ്പന്നമായ പ്രകൃതിവിഭവങ്ങളും മനുഷ്യവിഭവശേഷിയും ചൂഷണം ചെയ്യുന്നു. ബൊളീവിയന്‍ നഗരമായ കൊച്ചബാംബയില്‍, അധികാരികള്‍ അതിരുകടന്നിരിക്കുന്നു, കര്‍ഷകരുടെ കിണറുകള്‍ വിദേശ കൂട്ടായ്മയ്ക്ക് വില്‍ക്കുന്നു. ആവശ്യക്കാര്‍ പണം നല്കി അവരില്‍നിന്നും വെള്ളം വാങ്ങിക്കേണ്ട അവസ്ഥ. പരമാവധി ലാഭം കൊയ്യാനുള്ള ശ്രമത്തില്‍ മഴവെള്ളം ശേഖരിക്കുന്നത് പോലും നിരോധിച്ച പുതിയ ജല മേധാവികളില്‍ നിന്നാണ് ഈ സിനിമയുടെ പേര് സ്വീകരിച്ചിരിക്കുന്നത്.
കൊളംബസിനെതിരെ കലാപം നയിച്ച തദ്ദേശീയരില്‍ പ്രമുഖനാണ് മഹാനായ ടൈനോ നായകന് ഹാറ്റുയി. ഈ റോള്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഡാനിയേല്‍ ആണ് (ജുവാന്‍ കാര്‍ലോസ് അഡുവിരി) ജല സ്വകാര്യ വല്‍ക്കരണത്തിനെതിരായ പ്രാദേശിക പ്രതിഷേധത്തിനും നേതൃത്വം നല്‍കുന്നതും. അവകാശങ്ങള്‍ക്കായി പോരാടുന്ന ഡാനിയേല്‍, ആദിവാസി നേതാവായും സിനിമയിലുമൊരു കഥാപാത്രമായും ഇരട്ട ജീവിതം നയിക്കുന്നു. സാമ്രാജ്യത്വം അവരുടെ മുന്ഗാമികളില് നിന്ന് വ്യത്യസ്തമല്ല.
ക്യാമറയിലും പുറത്തും ഡാനിയേലിന്റെ കണ്ണുകളിലെ നോട്ടം ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കുന്നു. എന്നാല്‍, സിനിമാ സംഘത്തിന് അദ്ദേഹം ഒരു പ്രധാന കഥാപാത്രമാണ്, അതിനാല്‍ അവനെ ഈ സമരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു. ഒടുവില്‍, സിനിമ നിര്‍മ്മാണവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍ത്തികള്‍ മായുകയും പുതിയ തിരിച്ചറിവുകള്‍ അവരുടെ സമീപനം മാറ്റുകയും ചെയ്യുന്നു. സമരത്തില്‍ ആദിവാസികളായ സ്ത്രീ-പുരുഷന്മാര് സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉണര്‍ന്നു നില്ക്കുമ്പോള്, സെബാസ്റ്റ്യനും കോസ്റ്റയും തിരിച്ചറിവ് നേടുന്നു, അവര്‍ തന്നെയാണ് ഇന്നും ഈ ജനതയെ ഉപഭോഗം ചെയ്യുന്നവരെന്ന്. ജല സമരത്തിനൊടുവില്‍ കൊച്ചബാംബയിലെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോള്‍, നഗരത്തിനുണ്ടായ നാശനഷ്ടങ്ങള്‍ കോസ്റ്റ കാണുന്നു, നിലവിലെ അവസ്ഥയുടെ ഗൗരവം മനസ്സിലാക്കുന്നു. തുടര്‍ന്ന് ഡാനിയേല്‍ ഒരു കുപ്പി ബൊളീവിയന്‍ വെള്ളം അദ്ദേഹത്തിന് സമ്മാനിക്കുന്നു.
ചരിത്രത്തിന്റെ ആവര്‍ത്തനമാണ് സിനിമയുടെ കഥയും. 1500-ല്‍ സ്പാനിഷ് ആധിപത്യം തദ്ദേശീയരെ അടിമകളാക്കി ഉപയോഗിച്ചപ്പോഴുള്ള സാഹചര്യവും 2000-ലെ ജല സമരവുമൊത്തിണങ്ങുന്നു. കൊളംബസിന്റെ അധിനിവേശത്തിന്റെ കാലഘട്ടത്തിലെ ശോഷണവും ഇപ്പോഴും തുടരുന്ന ആധുനിക സാമ്പത്തിക കൊളോണിയലിസവും തമ്മില്‍ ഒരു ബന്ധം സൃഷ്ടിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ കൊളംബസ്സിന്റെ നേതൃത്വത്തില്‍ തുടങ്ങി വച്ച സ്പാനിഷ് സാമ്രാജ്യത്വത്തിന്റെ ചൂഷണത്തെക്കുറിച്ചുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍, ഇരുപതാം നൂറ്റാണ്ടില്‍ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെ ഉപയോഗിക്കുന്നതിലെ നഗ്നമായ വൈരുദ്ധ്യത്തിന്റെ നേര്‍ക്കാഴ്ചയാണീ ചിത്രം. ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ നടക്കുന്ന സംഭവങ്ങളിലൂടെ സിനിമ നമ്മെ കൊണ്ടുപോകുന്നു. ബൊളീവിയയുടെ സമീപകാല ചരിത്രത്തിലെ ഒരു യഥാര്‍ത്ഥ ചരിത്ര പ്രതിസന്ധിയെ, സിനിമയ്ക്കുള്ളിലെ സിനിമ എന്ന നിലയില്‍ ഫലപ്രദമായി ചേര്‍ത്ത് വയ്ക്കുന്നു ഈ ചിത്രം.
കൊളോണിയലിസം എന്നതു വെറും ചരിത്രഘട്ടമല്ല, ഇന്നും വ്യത്യസ്ത രൂപങ്ങളിലായി നിലനില്‍ക്കുന്ന അടിച്ചമര്‍ത്തലാണ് എന്ന സന്ദേശമാണ് സിനിമ നല്‍കുന്നത്. ജലവിതരണത്തെ സ്വകാര്യവല്‍ക്കരിക്കുകയും ദരിദ്രജനതയെ ദുരിതത്തിലാക്കുകയും ചെയ്യുന്നത് ആധുനിക കൊളോണിയലിസത്തിന്റെ ഉദാഹരണമാണ്. സംവിധായകന് വളരെ നിഷ്കളങ്കവും ഗൗരവതരവുമായ ദൃശ്യഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍, പ്രകൃതിയുടെ അതിജീവനത്തിനായി പൊരുതുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ കാഴ്ച്ചയിലൂടെയും കഥയിലൂടെയും അതിന്റെ യാഥാര്‍ത്ഥ്യം പ്രകടമാക്കുന്നു.
ഗെയില്‍ ഗാര്‍സിയ ബെര്‍ണാല്‍, ലൂയിസ് ടോസാര്‍, ഹുവാന്‍ കാര്‍ലോസ് അദുവിരി എന്നിവര്‍ അവരുടെ കഥാപാത്രങ്ങളെ തികച്ചും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കോളനിയലിസം, ആഗോളവത്കരണം, വംശീയ ചൂഷണം എന്നിവയെക്കുറിച്ചുള്ള അവലോകനം ഇന്നും പ്രസക്തമാണ്. മികച്ച സംഭാഷണങ്ങളും മനോഹരമായ ദൃശ്യാവിഷ്കാരവും ചേര്‍ന്ന ഈ സിനിമ, ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഇടയിലുള്ള സംവാദമാണ്. ഒരു ചിത്രീകരണത്തിന്റെ പരിമിതികളില്‍ ഒതുങ്ങാതെ, സാമൂഹ്യപരമായ ഉണര്‍വ്വും രാഷ്ട്രീയവുമായ അവബോധവും നല്കുന്ന കൃത്യമായ സിനിമ.
മികച്ച ചിത്രത്തിനുള്ള ഏരിയല്‍ അവാര്‍ഡും മൂന്ന് ഗോയ അവാര്‍ഡുകളും ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ ഈ ചിത്രത്തിന് നിരവധി നോമിനേഷനുകളും അവാര്‍ഡുകളും ലഭിച്ചു. 83-ാമത് അക്കാദമി അവാര്‍ഡിനുള്ള മികച്ച വിദേശ ഭാഷാ ഓസ്കറിനുള്ള സ്പാനിഷ് എന്‍ട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തെയും ആധുനിക സാഹചര്യങ്ങളെയും കൂട്ടി യോജിപ്പിച്ചു, യാഥാര്‍ത്ഥ്യത്തെ അതിവിശദമായി അനാവരണം ചെയ്യുന്ന ഈ സിനിമ ഒരു ഗൗരവമേറിയ ചിന്തക്ക് അവസരം നല്കുന്നു.