റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഒരുമാസമായി ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ കഴിയുന്ന എണ്‍പത്തെട്ടുകാരനായ ഫ്രാന്‍സിസ് പാപ്പാ, പരിശുദ്ധ സിംഹാസനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചത് ആശുപത്രി സ്റ്റാഫിനൊപ്പമാണ്. മാര്‍ച്ച് 13ന് ഉച്ചതിരിഞ്ഞ് ജെമെല്ലിയില്‍ പാപ്പായെ പരിചരിക്കുന്നവരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും 12 മെഴുകുതിരികളും ഒരു കേക്കുമായി പരിശുദ്ധ പിതാവിനെ ‘അതിശയിപ്പിക്കുകയായിരുന്നു.’
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയില്‍ തുടരുന്ന സാഹചര്യത്തില്‍, റോമിലെ ജെമെല്ലി ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിക്കുന്ന വിദഗ്ധ സംഘം ഇനി ദിവസവും മെഡിക്കല്‍ ബുള്ളറ്റിന് നല്കുകയില്ല. തത്കാലം ആശങ്കകള്‍ വിട്ടൊഴിഞ്ഞ് പരിശുദ്ധ പിതാവ് രോഗമുക്തിയുടെ പാതയിലാണെന്നതിന്റെ സൂചനയാണിതെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം കരുതുന്നു.
വത്തിക്കാന്‍ പ്രസ് ഓഫിസില്‍ നിന്ന് ദിവസവും രണ്ടുനേരം പാപ്പായുടെ ക്ലിനിക്കല്‍ അവസ്ഥയെക്കുറിച്ചും പ്രത്യേക ചികിത്സാമുറകളെക്കുറിച്ചും നല്‍കിവന്ന വാര്‍ത്താക്കുറിപ്പുകളും ഇതോടെ വെട്ടിച്ചുരുക്കുകയാണ്. ആവശ്യമെങ്കില്‍ വൈകുന്നേരങ്ങളില്‍ മാധ്യമപ്രവര്‍ത്തര്‍ക്ക് വിവരങ്ങള്‍ കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.
റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഒരുമാസമായി ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ കഴിയുന്ന എണ്‍പത്തെട്ടുകാരനായ പാപ്പാ, പരിശുദ്ധ സിംഹാസനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചത് ആശുപത്രി സ്റ്റാഫിനൊപ്പമാണ്. മാര്‍ച്ച് 13ന് ഉച്ചതിരിഞ്ഞ് ജെമെല്ലിയില്‍ പാപ്പായെ പരിചരിക്കുന്നവരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും 12 മെഴുകുതിരികളും ഒരു കേക്കുമായി പരിശുദ്ധ പിതാവിനെ ‘അതിശയിപ്പിക്കുകയായിരുന്നു.’
ഫ്രാന്‍സിസ് പാപ്പായുടെ പൊന്തിഫിക്കല്‍ ശുശ്രൂഷയുടെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച്, റോമന്‍ കൂരിയാ അംഗങ്ങള്‍ക്കും പരിശുദ്ധ സിംഹാസനത്തിലേക്ക് അക്രെഡിറ്റ് ചെയ്തിട്ടുള്ള നയതന്ത്ര പ്രതിനിധികളോടുമൊപ്പം വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രൊ പരോളിന് വത്തിക്കാന്‍ അപ്പസ്തോലിക അരമനയിലെ പൗളിന് ചാപ്പലില്‍ ദിവ്യബലി അര്‍പ്പിച്ചു.
കഴിഞ്ഞ 12 വര്‍ഷത്തെ ഫ്രാന്‍സിസ് പാപ്പായുടെ പൊന്തിഫിക്കേറ്റില്‍ നിന്ന് സഭയ്ക്കും ലോകത്തിനും ലഭിച്ചിട്ടുള്ള എല്ലാ ദാനങ്ങളെയും അനുഗ്രഹങ്ങളെയും അനുസ്മരിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് വത്തിക്കാനില്‍ തിരിച്ചെത്തുന്നതിനുവേണ്ടി പ്രാര്‍ഥിക്കാം എന്ന് കര്‍ദിനാള്‍ പരോളിന് സുവിശേഷ സന്ദേശത്തില്‍ പറഞ്ഞു.
വത്തിക്കാനില്‍ നോമ്പുകാല ധ്യാനത്തില്‍ ആയിരുന്ന റോമന്‍ കൂരിയ അംഗങ്ങളും പേപ്പല്‍ ശുശ്രൂഷാ വാര്‍ഷികത്തിന്റെ അനുമോദനങ്ങള്‍ പാപ്പായെ അറിയിച്ചു. പാപ്പായുടെ ജീവിതത്തിലൂടെ സഭയ്ക്കും സമൂഹത്തിനും ലഭിച്ച എല്ലാ ദൈവാനുഗ്രഹങ്ങള്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട്, ദൈവികാരാധനയ്ക്കും കൂദാശകളുടെ ക്രമങ്ങള്‍ക്കുമായുള്ള ഡികാസ്റ്ററിയുടെ സെക്രട്ടറി ഇറ്റാലിയന്‍ കപ്പുച്ചിന്‍ ആര്‍ച്ച്ബിഷപ് വിത്തോറിയോ ഫ്രാഞ്ചെസ്കോ വിയോള അഭിനന്ദന സന്ദേശം വായിച്ചു.
പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍, റോമിന്റെ മെത്രാന് എന്ന നിലയിലും സാര്‍വത്രിക സഭയുടെ ഇടയന് എന്ന നിലയിലും പരിശുദ്ധ പിതാവ് നല്കിയ ആദ്യ ആശീര്‍വാദം ഇപ്പോഴും ഓര്‍മ്മിക്കുന്നുവെന്ന് സന്ദേശത്തിന്റെ ആമുഖത്തില്‍ എടുത്തുപറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ രോഗശയ്യയില്‍ ആയിരിക്കുന്ന പരിശുദ്ധ പിതാവിന്, ലോകമെമ്പാടുമുള്ള ദൈവജനം പ്രാര്‍ത്ഥനകളോടെ ആശംസകള്‍ നേരുമ്പോള്‍, തങ്ങളും ആ സന്തോഷത്തില്‍ പങ്കുചേരുന്നു. ”ഈ ജൂബിലി വര്‍ഷത്തില്‍, പരിശുദ്ധ പിതാവ് നല്കുന്ന ഉദ്ബോധനങ്ങള്‍, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം, സകലരിലും എത്തുന്നതിന് ഇടയാക്കുമെന്ന് പ്രത്യാശിക്കുന്നു. അങ്ങനെ, കര്‍ത്താവിന്റെ ശിഷ്യന്മാരും സുവിശേഷത്തിന്റെ സാക്ഷികളും ദൈവരാജ്യത്തിന്റെ നിര്‍മ്മാതാക്കളും ആകാനുള്ള ആഗ്രഹം എല്ലാവരിലും വളരട്ടെ. അപ്പസ്തോലനായ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയിലൂടെ, വിശ്വാസത്തില്‍ നമ്മെ ഉറപ്പിക്കുകയും ഐക്യത്തില്‍ നയിക്കുകയും ചെയ്തതിന് നമുക്ക് കര്ത്താവിന് നന്ദി പറയാം.” പരിശുദ്ധ അമ്മയ്ക്ക് പാപ്പായെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് സന്ദേശം ഉപസംഹരിക്കുന്നത്.
വത്തിക്കാനിലെ പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹാളില്‍ മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച റോമന്‍ കൂരിയായുടെ നോമ്പുകാല ധ്യാനം, വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് പൊന്തിഫിക്കല്‍ ഭവനത്തിന്റെ ധ്യാനപ്രഭാഷകനായ കപ്പുച്ചിന്‍ സന്ന്യാസി റോബെര്‍ത്തോ പസോലിനിയുടെ ധ്യാനചിന്തകളോടെ പര്യവസാനിച്ചു. ‘നിത്യജീവന്റെ പ്രത്യാശ’ എന്ന ശീര്‍ഷകത്തില്‍ നടത്തിവന്ന ധ്യാനത്തില്‍ ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പാ ഓണ്‍ലൈനായി സംബന്ധിച്ചിരുന്നു.
പാപ്പായുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചും, പാപ്പായുടെ ഉദ്ബോധനങ്ങള്‍ക്കും സാക്ഷ്യത്തിനും നന്ദി പറഞ്ഞും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് രാഷ്ട്രീയ, സാമൂഹ്യനേതൃത്വങ്ങളും, പ്രാദേശികസഭാനേതൃത്വങ്ങളും മെത്രാന്‍സമിതികളും, കത്തോലിക്കാ, ക്രൈസ്തവസഭാനേതൃത്വങ്ങളും, മറ്റു മതവിശ്വാസികളും പാപ്പായ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.
ഫ്രാന്‍സിസ് പാപ്പാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരില്‍ വരുന്ന കത്തുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി ഇറ്റാലിയില്‍ പോസ്റ്റല്‍ വകുപ്പ് വെളിപ്പെടുത്തി. റോമിലെ ഒരു സോര്‍ട്ടിങ് സെന്ററില്‍ വത്തിക്കാനിലേക്കുള്ള പ്രതിദിന തപാല്‍ ഉരുപ്പടികളില്‍ 330 പൗണ്ടിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ജെമെല്ലി ആശുപത്രിയുടെ വിലാസത്തില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് നൂറുകണക്കിന് കത്തുകളാണ് ആഴ്ചതോറും വന്നുകൊണ്ടിരിക്കുന്നതെന്ന് മറ്റൊരു സോര്‍ട്ടിങ് കേന്ദ്രം വെളിപ്പെടുത്തി.
പാപ്പാ മെത്രാനായിരിക്കുന്ന റോമാ രൂപത, പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ ഈ വാര്‍ഷികദിനത്തിലും തങ്ങളുടെ ഇടയന് സാമീപ്യമറിയിച്ചുകൊണ്ടുള്ള സന്ദേശം അയച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പാപ്പാ കടന്നുപോകുന്ന വിഷമാവസ്ഥയെക്കുറിച്ച് പരാമര്‍ശിച്ച രൂപതാനേതൃത്വവും വിശ്വാസികളും, ഈയവസ്ഥ പാപ്പായ്ക്കുവേണ്ടിയുള്ള തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും, സ്നേഹത്താല്‍ പിന്തുണ നല്‍കാനും പ്രേരണ നല്‍കിയെന്ന് എഴുതി. പാപ്പായുടെ ഉദ്ബോധനങ്ങള്‍ക്ക് റോം രൂപത നന്ദി പറഞ്ഞു. പ്രത്യാശയോടെയും ശക്തിയോടെയും മുന്നോട്ടുപോകാനാണ് പാപ്പാ ഇപ്പോഴും തങ്ങളോട് ആവശ്യപ്പെടുന്നതെന്ന് തങ്ങള്‍ തിരിച്ചറിയുന്നുവെന്ന് റോമിലെ വിശ്വാസികള്‍ക്ക് വേണ്ടി എഴുതിയ കര്‍ദിനാള്‍ വികാരിയും എപ്പിസ്കോപ്പല്‍ കൗണ്‍സിലും പാപ്പായുടെ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിനായി തങ്ങള്‍ കാത്തിരിക്കുന്നുവെന്ന് എഴുതി.
പത്രോസിന്റെ പിന്‍ഗാമിയായി പന്ത്രണ്ടുവര്ഷങ്ങള് പൂര്‍ത്തിയാക്കുന്ന പാപ്പായ്ക്ക് ഇറ്റലിയിലെ മെത്രാന്‍സമിതിയുടെ സ്ഥിരം കൗണ്‍സില്‍ എഴുതിയ കത്തില്‍, പഴയനിയമത്തിലെ പുറപ്പാട് പുസ്തകത്തില്‍, അമലേക്യരുമായുള്ള യുദ്ധത്തിലേര്‍പ്പെടുന്ന ജോഷ്വയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന മോശയുടെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട്, രോഗാവസ്ഥയിലും, പാപ്പാ ഐക്യത്തിന്റേതും കാരുണ്യത്തിന്റേതുമായ തന്റെ സുവ്യക്തമായ ഉദ്ബോധനങ്ങളുമായി മുന്നോട്ടുപോകുന്നതിനെക്കുറിച്ച് അനുസ്മരിച്ചു. പാപ്പാ നല്കുന്ന സാക്ഷ്യത്തിനും പകരുന്ന ശക്തിക്കും നന്ദി പറഞ്ഞ മെത്രാന്‍സമിതി, തങ്ങള്‍ പാപ്പായ്ക്കൊപ്പവും പാപ്പായ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്ന് എഴുതി.
പാപ്പായുടെ ജന്മനാടായ അര്‍ജന്റീനയിലെ മെത്രാന്‍സമിതി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മര്‍സെല്ലോ കൊളോമ്പോ, പരിശുദ്ധ പിതാവിന്റെ ഇടയസേവനത്തെയും ഔദാര്യമനോഭാവത്തെയും ഓര്‍ത്ത് ദൈവത്തിന് നന്ദി പറയുവാനായി വിശുദ്ധബലിയര്‍പ്പണം നടത്താന്‍ അര്‍ജന്റീനയിലെ സഭയോട് ആവശ്യപ്പെട്ടു. പാപ്പായുടെ ഉദ്ബോധനങ്ങളുടെ കൂടെ അടിസ്ഥാനത്തില്‍, ലോകത്ത് പ്രത്യാശയുടെ അടയാളങ്ങളായിത്തീരാനും, മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും, നീതിയും സഹകരണവും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
പോളണ്ട്, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളിലെ മെത്രാന്‍സമിതികളും, തെക്കേ അമേരിക്കയിലെ വിവിധ മെത്രാന്‍സമിതികളും, അര്‍മേനിയയുടെ പ്രസിഡന്റ് ഉള്‍പ്പെടെ വിവിധ രാഷ്ട്രനേതൃത്വങ്ങളും പാപ്പായ്ക്ക് ആശംസകളേകി.
ഒരാഴ്ചയോളം ബ്രോങ്കൈറ്റിസിന്റെ ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ട് വത്തിക്കാനില്‍, മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകളും മറ്റു ചില പരിപാടികളും പൂര്‍ത്തിയാക്കിയ പാപ്പായെ ഫെബ്രുവരി 14നാണ് ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ ഉള്‍പ്പെടെയുള്ള പോളിമൈക്രോബിയല്‍ അണുബാധ ആശുപത്രിയില്‍ വച്ച് നാലാം നാളിലും, ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി അഞ്ചാം ദിനത്തിലും, വൃക്കയുടെ പ്രവര്‍ത്തനത്തില്‍ നേരിയ പ്രശ്നമുള്ളതായി പത്താം ദിവസവും സ്ഥിരീകരിക്കപ്പെട്ടു. ഒന്‍പതാം ദിവസവും 18-ാം ദിവസവും ശ്വസന പ്രതിസന്ധിയും, 15-ാം ദിവസം കൂടുതല്‍ സമയം നീണ്ടുനിന്ന കടുത്ത ചുമയും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു.
ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും നീണ്ട ആശുപത്രിവാസമാണിത്. ജെമെല്ലിയിലെ പേപ്പല്‍ അപ്പാര്‍ട്ടുമെന്റില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ 1981-ല്‍ 55 ദിവസം ചെലവഴിച്ചതാണ് ആധുനിക കാലത്തെ പേപ്പല്‍ ചരിത്രത്തിലെ ഏറ്റവും നീണ്ട ആശുപത്രിവാസം.
വന്‍കുടലിന്റെ 13 ഇഞ്ച് മുറിച്ചുമാറ്റിയ 2021 ജൂലൈയിലെ ഉദരശസ്ത്രക്രിയയ്ക്ക് 10 ദിവസവും, ന്യൂമോണിയ ബാധിച്ച് 2023 മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ ഒന്നുവരെയും, ഉദരത്തിലെ പഴയ ശസ്ത്രക്രിയയുടെ സ്കാര്‍ ടിഷ്യു നീക്കം ചെയ്യാനും ഉദരത്തിലെ ഹെര്‍ണിയ കേടുപാടു തീര്‍ക്കാനുമായി 2023 ജൂണ്‍ ഏഴു മുതല്‍ 16 വരെയുമാണ് ഇതിനു മുന്‍പ് ഫ്രാന്‍സിസ് പാപ്പാ ജെമെല്ലിയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുള്ളത്.
സാധാരണ പേപ്പല്‍ രേഖകള്‍ റോമിലെ മെത്രാന്റെ കത്തീഡ്രലായ സെന്റ് ജോണ്‍ ലാറ്ററന്‍ മേജര്‍ ബസിലിക്കയുടെ പേരുവച്ചാണ് ഫ്രാന്‍സിസ് പാപ്പാ ഒപ്പുചാര്ത്താറുള്ളതെങ്കിലും, ‘ജെമെല്ലി പോളിക്ലിനിക്കില്‍ നിന്ന്’ എന്നു രേഖപ്പെടുത്തി ചില ഡിക്രികളില്‍ അദ്ദേഹം ഈയിടെ ഒപ്പുവച്ചിട്ടുണ്ട്.
ഫെബ്രുവരി 12ന് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പൊതുദര്‍ശനം നല്കിയതിനുശേഷം ഫ്രാന്‍സിസ് പാപ്പായെ പൊതുവേദിയില്‍ ആരും കണ്ടിട്ടില്ല. റോമിലെ ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലെ പേപ്പല്‍ സ്വീറ്റിലെ വിരിയിട്ട ജനാലകളിലേക്ക് ക്യാമറകള്‍ ഫോക്കസ് ചെയ്തുവച്ചിട്ടുണ്ട്, എന്നാല്‍ പാപ്പാ ഇതുവരെ ജനാലയ്ക്കല്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
മാര്‍ച്ച് ആറിന് പാപ്പായുടെ ക്ഷീണിച്ച, വീര്‍പ്പുമുട്ടലിന്റെ ഇടര്‍ച്ചയുള്ള ശബ്ദം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് അങ്കണത്തില്‍ പരിശുദ്ധ പിതാവിനുവേണ്ടിയുള്ള ജപമാല പ്രാര്‍ഥനയ്ക്കു തൊട്ടുമുന്‍പ് സംപ്രേഷണം ചെയ്യുകയുണ്ടായി. തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്കെല്ലാം നന്ദിയര്‍പ്പിച്ചുകൊണ്ടും എല്ലാവരെയും പരിശുദ്ധ മാതാവിന് സമര്‍പ്പിച്ചു പ്രാര്‍ഥിച്ചുകൊണ്ടും ആശുപത്രിയില്‍ നിന്ന് പാപ്പാ തന്റെ മാതൃഭാഷയായ സ്പാനിഷില്‍ റെക്കോര്‍ഡ് ചെയ്ത രണ്ടുവരി സന്ദേശമായിരുന്നു അത്.
പാപ്പായ്ക്കുവേണ്ടി വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ അര്‍പ്പിച്ചുവരുന്ന ജപമാല പ്രാര്‍ഥനകള്‍ ഇന്നലെ നയിച്ചത് വത്തിക്കാന്‍ കമ്യൂണിക്കേഷന്‍ ഡികാസ്റ്ററി സെക്രട്ടറി അര്‍ജന്റീനക്കാരനായ മോണ്‍. ലൂസിയോ ഏഡ്രിയാന്‍ ഡ്രൂയിസ് ആണ്.
റോമില്‍ പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ പങ്കുചേരാനെത്തുന്ന തീര്‍ഥാടകരും ഇറ്റലിയിലെ വിശ്വാസികളും വത്തിക്കാനില്‍ നിന്ന് 15 മിനിറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് എത്താവുന്ന ജെമെല്ലി പോളിക്ലിനിക്കിലേക്കും ഇപ്പോള്‍ കൂട്ടത്തോടെ തീര്‍ഥാടനം നടത്തിക്കൊണ്ടിരിക്കയാണ്. ആശുപത്രി അങ്കണത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെ വലിയ സ്വരൂപത്തിനു ചുറ്റും മുട്ടുകുത്തിനിന്ന് ഫ്രാന്‍സിസ് പാപ്പായുടെ രോഗമുക്തിക്കായി ജപമാലയര്‍പ്പിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയും പാപ്പായ്ക്ക് ആശംസാസന്ദേശങ്ങള്‍ കുറിച്ചും അവര്‍ ജൂബിലിയുടെ പ്രത്യാശ സാക്ഷാത്കരിക്കുന്നു.