ശ്വാസകോശത്തിലേക്കു പോകുന്ന ബ്രോങ്കി ട്യൂബുകളില്‍ കഫം കൂടുതലായി അടിഞ്ഞുകൂടിയാണ് തിങ്കളാഴ്ച രണ്ടു പ്രാവശ്യവും അതിതീവ്രമായ ശ്വസന ‘ന്യൂനത’ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. ബ്രോങ്കോസ്കോപ്പിയിലൂടെ ശ്വാസകോശത്തിന്റെ വായുമാര്‍ഗങ്ങള്‍ പരിശോധിച്ച്, അമിതമായി അടിഞ്ഞുകൂടിയിരുന്ന കഫവും സ്രവങ്ങളും വലിച്ചെടുത്തുകളഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്റര്‍ (എന്‍ഐവി) സംവിധാനത്തിലൂടെ ഉയര്‍ന്ന അളവില്‍ ഓക്സിജന്‍ നല്കി വായുസഞ്ചാരം ക്രമീകരിക്കുകയായിരുന്നു.
വത്തിക്കാന്‍ സിറ്റി: രണ്ടുവട്ടം അതിതീവ്രമായ ശ്വാസതടസ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പായ്ക്ക് തിങ്കളാഴ്ച വീണ്ടും ശ്വസനയന്ത്രത്തിന്റെ സഹായം തേടേണ്ടിവന്നു.
ശ്വാസകോശത്തെ ശ്വാസനാളിയുമായി ബന്ധിപ്പിക്കുന്ന ബ്രോങ്കി ട്യൂബുകളില്‍ കഫം കൂടുതലായി അടിഞ്ഞുകൂടിയാണ് രണ്ടു പ്രാവശ്യവും കഠിനമായ ശ്വസന ‘ന്യൂനത’ ഉണ്ടായതെന്ന് വത്തിക്കാന്‍ തിങ്കളാഴ്ച വൈകീട്ട് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ശ്വാസകോശത്തിലെ ചെറിയ വായുസഞ്ചികളില്‍ സ്രവം അടിഞ്ഞുകൂടുകയും ശ്വസനനാളികളുടെ പേശികള്‍ വലിഞ്ഞുമുറുകുകയും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശ്വസന പ്രതിസന്ധി രൂക്ഷമാകുന്നത്. ബ്രോങ്കോസ്കോപ്പിയിലൂടെ ശ്വാസകോശത്തിന്റെ വായുമാര്‍ഗങ്ങള്‍ പരിശോധിച്ച്, അമിതമായി അടിഞ്ഞുകൂടിയിരുന്ന കഫവും സ്രവങ്ങളും വലിച്ചെടുത്തുകളഞ്ഞു. ലൈറ്റും ക്യാമറയുമുള്ള നേര്‍ത്ത ട്യൂബ് ശ്വാസനാളത്തിലേക്കും ശ്വാസകോശത്തിലേക്കും കടത്തി ഉള്‍ഭാഗം ദൃശ്യവത്കരിക്കുന്ന എന്‍ഡോസ്കോപിക് പരിശോധനയാണ് ബ്രോങ്കോസ്കോപ്പി. പാപ്പാ രണ്ടു തവണ ബ്രോങ്കോസ്കോപ്പിക്കു വിധേയനായി.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്റര്‍ (എന്‍ഐവി) സംവിധാനത്തിലൂടെ ഉയര്‍ന്ന അളവില്‍ ഓക്സിജന്‍ നല്കി വായുസഞ്ചാരം ക്രമീകരിക്കുകയായിരുന്നു. ശ്വാസനാളിയിലേക്ക് ട്യൂബ് ഇറക്കാതെതന്നെ, വായും മൂക്കും മുഴുവനായി കവര്‍ ചെയ്തുകൊണ്ട് മുഖം സീല്‍ ചെയ്യുന്ന മട്ടിലുള്ള ഓക്സിജന്‍ മാസ്ക്കിലൂടെ കൂടുതല്‍ സമ്മര്‍ദത്തില്‍ പ്രാണവായു ലഭ്യമാക്കി ശ്വസനപ്രക്രിയയെ സഹായിക്കുന്നതാണ് എന്‍ഐവി.
അതിസങ്കീര്‍ണമായ അവസ്ഥയില്‍ തങ്ങള്‍ കൈക്കൊണ്ട നടപടികള്‍ ഉള്‍ക്കൊണ്ട് പാപ്പാ ഉണര്‍വോടെയും സുബോധത്തോടെയും എല്ലാത്തിനോടും സഹകരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കലശലായ ചുമയും ഛര്‍ദിയുമുണ്ടായി വമനാംശങ്ങള്‍ ശ്വാസനാളത്തിലേക്കു കടന്ന് കഠിനമായ ശ്വാസതടസം നേരിട്ട് സ്ഥിതിഗതികള്‍ മോശമായതിനെ ‘ഒറ്റപ്പെട്ട’ ശ്വസന പ്രതിസന്ധി എന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചത്. ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച എണ്‍പത്തെട്ടുകാരനായ പാപ്പായുടെ ആരോഗ്യനില ഏതു നിമിഷവും മാറിമറിയാവുന്ന സങ്കീര്‍ണാവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് പിന്നീട് രണ്ടു ദിവസവും ലേശം ഭേദപ്പെട്ട നില തുടരുന്നു എന്ന മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തുവന്നത്.
ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ബ്രോങ്കൈറ്റിസിനും ബഹുതല ശ്വാസകോശ അണുബാധയ്ക്കും ചികിത്സയ്ക്കു വിധേയനായ പാപ്പായ്ക്ക് പിന്നീട് ഡബിള്‍ ന്യൂമോണിയ സ്ഥിരീകരിക്കുകയായിരുന്നു. പുതുക്കിയ ചികിത്സാവിധികള്‍ കൊണ്ട് ന്യൂമോണിയ കൂടുതല്‍ മൂര്‍ച്ഛിക്കാതെയും രക്തപ്രവാഹത്തിലൂടെ അണുബാധ പടരാതെയും നിയന്ത്രണവിധേയമാകുന്ന നിലയിലെത്തിയിരുന്നു. ഇതിനിടെ നാലു തവണ ശ്വസന സംബന്ധമായ പ്രതിസന്ധിയുണ്ടായത് കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ബ്രോങ്കോസ്പാസം രൂക്ഷമായി അനുഭവപ്പെട്ടതിനു ശേഷം രണ്ടു ദിവസം സ്ഥിതിഗതികള്‍ പൊതുവെ ശാന്തമായി തുടരുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച രണ്ടുവട്ടം പ്രതിസന്ധി മൂര്‍ച്ഛിച്ചത്.
ചെറുപ്പത്തില്‍ ഒരു ശ്വാസകോശത്തിന്റെ ഒരു ഭാഗം പള്‍മണറി രോഗബാധയുടെ പശ്ചാത്തലത്തില്‍ മുറിച്ചുമാറ്റേണ്ടിവന്നതിനെ തുടര്‍ന്ന് പാപ്പായ്ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഇടയ്ക്കിടെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്രോങ്കൈറ്റിസും ശ്വാസതടസവും കൂടുതലായി അലട്ടുന്ന അവസ്ഥയുണ്ടായി.
പാപ്പായ്ക്കുവേണ്ടി ജെമെല്ലി ആശുപത്രി ചാപ്പലില്‍ ദിവസവും ഒരു മണിക്കൂര്‍ ആരാധനയും രണ്ട് കുര്‍ബാനയും അര്‍പ്പിക്കുന്നുണ്ട്. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ പാപ്പായുടെ രോഗശാന്തിക്കായി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് രാത്രി ഒന്‍പതിന് അര്‍പ്പിച്ചുവരുന്ന ജപമാല പ്രാര്‍ഥന തിങ്കളാഴ്ച മെത്രാന്മാര്ക്കുവേണ്ടിയുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്രീഫെക്ട് അമേരിക്കന്‍ കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് നയിച്ചു. ലോകമെമ്പാടും പാപ്പായ്ക്കു വേണ്ടി ജനങ്ങള്‍ ദിവ്യകാരുണ്യ ആരാധനയിലും ദിവ്യബലിയിലും ജപമാലയര്പ്പണത്തിലും മൗനപ്രാര്ഥനകളിലും പങ്കുചേര്‍ന്ന് അവിരാമം അര്‍ച്ചനകള്‍ തുടര്‍ന്നുകൊണ്ടിരിക്കയാണ്.