ജെയിംസ് അഗസ്റ്റിന്
ജീവിതാര്ച്ചനാ വേളയായിതാ
മാനസങ്ങളില്‍ പൂജയായ്
സ്നേഹനായകാ ജീവദായകാ
സ്വീകരിക്കുകീ പൂവുകള്‍
നാല്‍പ്പതു വര്‍ഷങ്ങളായി നമ്മുടെ ദേവാലയങ്ങളില്‍ റീത്തുവ്യത്യാസമില്ലാതെ കാഴ്ചസമര്പ്പണത്തിനു ആലപിക്കപ്പെടുന്ന ഗാനം. 1986 ല്‍ വിശുദ്ധ ജോണ്‍പോള്‍ പാപ്പാ കളമശ്ശേരിയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ രണ്ടു കാഴ്ചവയ്പ്പ് ഗാനങ്ങളാണ് ആലപിച്ചത്. ഒരു ഗാനത്തെക്കുറിച്ചു ഇവിടെ നേരത്തെ എഴുതിയിട്ടുണ്ട്.
ഇപ്പോഴത്തെ കലാഭവന്‍ പ്രസിഡന്റും എഴുത്തുകാരനുമായ റവ. ഡോ. ചെറിയാന് കുനിയന്തോടത്താണ് ഈ ഗാനം രചിച്ചത്. മലയാളത്തില്‍ ഏറ്റവുമധികം ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുള്ളതിന്റെ റെക്കോര്‍ഡ് ചെറിയാനച്ചന് അവകാശപ്പെട്ടതാകാം. ആരും ആവശ്യപ്പെട്ടില്ലെങ്കിലും അച്ചന് എന്നും പാട്ടുകള്‍ എഴുതും. ചില ദിവസങ്ങളില്‍ പത്തു പാട്ടുകള്‍ വരെ എഴുതും. റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ ശേഖരത്തിലുമുണ്ട്.
1980കളില്‍ സിനിമാസംഗീതത്തിന്റെ തിരക്കുകളില്‍ ചെന്നൈയില്‍ നിറഞ്ഞു നില്ക്കുന്ന നാളുകളിലാണ് ജെറി അമല്‍ദേവ് ഈ വരികള്‍ക്കു സംഗീതം നല്‍കുന്നത്.
ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ചും കളമശ്ശേരിയിലെ ദിവ്യബലിയിലെ ഗാനാലാപനത്തെക്കുറിച്ചും ജെറി അമല്‍ദേവ് പറയുന്നു.
‘സിനിമാത്തിരക്കുകള്ക്കിടയിലാണ് എനിക്ക് മൈക്കിള്‍ പനക്കലച്ചന്റെ കത്ത് കിട്ടുന്നത്. അന്ന് മൊബൈല്‍ ഫോണില്ലാത്ത കാലം. ലാന്‍ഡ് ഫോണുകള്‍ പോലും എല്ലായിടത്തും എത്തിയിട്ടില്ല. പോപ്പ് ജോണ്‍ പോളിന്റെ ദിവ്യബലിക്കായി ഗായകസംഘത്തെ ഒരുക്കാനും നയിക്കാനും ജെറി വന്നു സഹായിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നാട്ടിലെത്തിയപ്പോള്‍ എന്റെ കയ്യില്‍ ഫാ. ചെറിയാന് എഴുതിയ വരികള്‍ ഫാ. മൈക്കിള്‍ തന്നു. ദിവ്യബലിയില്‍ പങ്കുചേരുന്ന എല്ലാവര്ക്കും, അവര്‍ക്കു പാടാനുള്ള കഴിവില്ലെങ്കിലും പാടാന്‍ സാധിക്കണം എന്ന ചിന്തയോടെയാണ് ഈ കാഴ്ചവയ്പ്പു ഗാനത്തിനു ഞാന്‍ സംഗീതം നല്‍കിയത്.
ആരാധനാക്രമത്തിനായി നാം സൃഷ്ടിക്കുന്ന ഗാനങ്ങള്‍ സങ്കീര്‍ണ്ണമാകാതെ അതീവ ലളിതമാകണം എന്നു നാം പലപ്പോഴും മറന്നു പോകുന്നു. അര്‍ത്ഥമില്ലാത്ത വരികള്‍ക്ക് അടിപൊളി ഈണം നല്കി ഗാനമേളക്കാര് പാടുന്നതു പോലെ ഒരാള്‍ മൈക്കിലൂടെ കാതുതുളയ്ക്കുന്ന ശബ്ദത്തില്‍ അലറുന്നതല്ല ദേവാലയസംഗീതം എന്ന പ്രാഥമികപാഠം അറിയാമെങ്കിലും അറിയാത്തവരെപ്പോലെയാണ് നമ്മുടെ അധികാരികളും ലിറ്റര്‍ജി കമ്മീഷനുകളും നിലകൊള്ളുന്നത്.
1986-ല്‍ കളമശ്ശേരിയിലെ ദിവ്യബലിയിലെ എല്ലാ ഗാനങ്ങളും സംഘം ഒരുമിച്ചു പാടുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയത്. എറണാകുളം സെന്റ്. തെരേസാസ് കോളജിലായിരുന്നു അവസാനഘട്ടപരിശീലനം. 100 ഗായകരും 40 പേരടങ്ങുന്ന ഓര്‍ക്കസ്ട്രയും. പരിശീലനമൊക്കെ നന്നായി നടന്നു. കളമശ്ശേരിയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ വേദിയും മറ്റും നല്കാന് സുരക്ഷാകാരണങ്ങളാല്‍ സംഘടകസമിതിക്കു കഴിഞ്ഞില്ല. എങ്കിലും എല്ലാം ഭംഗിയായി നടന്നു. ദിവ്യബലി കഴിഞ്ഞപ്പോള്‍ പോപ്പ് ഗായകസംഘത്തെ ആശീര്‍വദിച്ചതും വത്തിക്കാനില്‍ നിന്നും കൊണ്ടുവന്ന പ്രത്യക കാര്‍ഡ് ഗായകസംഘത്തിനു നല്കിയതും സന്തോഷമുള്ളൊരു ഓര്‍മയാണ്.
ലിറ്റര്‍ജിക്കല്‍ ഗാനങ്ങള്‍ പുതിയതും പഴയതും എന്നൊന്നുമില്ല. ആരാധനാക്രമത്തിനായി ഒന്നാം നൂറ്റാണ്ടില്‍ ഒരുക്കിയ ഗാനം ഇന്നും പുതുമയോടെ നാം പാടുന്നില്ലേ? വിശ്വാസരഹസ്യങ്ങള്‍ അടങ്ങിയ പാട്ടുകള്‍ എന്നും പഴയതും അതേസമയം പുതുമയും ഉള്ളതായിരിക്കും. ആരാധനാക്രമഗാനങ്ങള്ക്കു ഹിറ്റ്, പോപ്പുലര്‍ വിശേഷണങ്ങള്‍ ചേരുകയില്ല. ആരാധനാക്രമത്തിനു ചേര്‍ന്നതും ചേരാത്തതും എന്നു തരം തിരിക്കാം.
നിര്‍ഭാഗ്യവശാല്‍ ആരാധനാക്രമത്തിനു ചേര്‍ന്ന പാട്ടുകള്‍ ഒരുക്കാനോ ഗായകസംഘത്തെ പരിശീലിപ്പിക്കാനോ അനാവശ്യപ്രവണതകള്ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനോ കേരളസഭയ്ക്കു കഴിയുന്നില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയില്‍ ദേവാലയ ഗായകസംഘത്തെക്കുറിച്ചു എഴുതിയിരിക്കുന്നത് പഠിക്കുകയും പഠിപ്പിക്കുകയും വേണം. സംഘമായി പാടുന്ന പാരമ്പര്യമാണ് ലോകമെങ്ങും കത്തോലിക്കാ സഭയ്ക്കുള്ളത്. നമുക്കും ഉണ്ടായിരുന്നു മൈക്കില്ലാതെയും എല്ലാവര്ക്കും വേണ്ടി നടുവില്‍ വയ്ക്കുന്ന മൈക്കും ഉള്ളൊരു പാരമ്പര്യം. തിരിച്ചു പോകാം നമ്മുടെ പാരമ്പര്യങ്ങളിലേക്ക്’
ജെറി മാസ്റ്റര്‍ പറഞ്ഞു നിര്‍ത്തുന്നത് നമ്മുടെ ഗായകസംഘങ്ങള്‍ക്ക് പരിശീലനം നല്‍കാനും നിയന്ത്രിക്കാനും നമുക്ക് കടമയുണ്ടെന്നാണ്. ‘ജീവിതാര്ച്ചനാവേളയായിതാ’എന്ന മാതൃകാ ദിവ്യബലിഗീതം വീണ്ടും കേള്‍ക്കുമ്പോള്‍ അറിയാതെ നമുക്കും തോന്നും. ‘ഇതുപോലുള്ള പാട്ടുകളല്ലേ പള്ളികളില്‍ പാടേണ്ടത്?’