കൊച്ചി: കേരളത്തിൻ്റെ വ്യാവസായിക വികസനത്തിന് കുതിപ്പേകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. ആദ്യഘട്ടത്തിൽ സർക്കാരിനോട് പുറം തിരിഞ്ഞുനിന്ന പ്രതിപക്ഷം ഉത്ഘാടനവേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു .
ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിക്ഷേപകരുമായി ഇന്നും ചർച്ചകൾ നടത്തും. അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികൾ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ നിക്ഷേപം നടത്താൻ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഉച്ചകോടിയുടെ വേദിയിൽ പ്രഖ്യാപിച്ചതും ആശാവഹമാണ് . ടൂറിസം മേഖലയിലും നിർമ്മാണ മേഖലയിലും കേരളം മുന്നോട്ട് കുതിക്കുകയാണെന്നും പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ റോഡ് വികസനമുൾപ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതികൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിനായി മന്ത്രി 896 കിലോമീറ്റർ ദൈർഘ്യമുളള 31 പദ്ധതികളായിരുന്നു പ്രഖ്യാപിച്ചത്. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ലോകത്താകെയുള്ള നിക്ഷേപകരെ ഒരുമിച്ച് ചേർക്കാനാണ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ എത്തുന്ന നിക്ഷേപകർക്ക് സാങ്കേതികമായ പ്രതിസന്ധികൾ ഉണ്ടാകില്ലെന്നും നിക്ഷേപകർ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിക്ഷേപക സൗഹൃദം ഒരുക്കുന്നതിൽ സർക്കാറിന് വലിയ പങ്കുണ്ടെന്നും കേരള ആഗോള നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കേരള ആഗോള നിക്ഷേപ ഉച്ചകോടിയിലൂടെ കേരളത്തിൽ വരാൻ പോകുന്ന മാറ്റത്തിനായി പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു. നിരവധി ട്രേഡ് യൂണിയനുകൾക്ക് മന്ത്രിയും താനും നേതൃത്വം നൽകിയിട്ടുണ്ട്. ട്രേഡ് യൂണിയനുകൾ കമ്പനികളുമായ് സഹകരിച്ചാണ് പോകുന്നത്. സമരത്തിലേക്ക് പോയിട്ടില്ലെന്നും വി ഡി സതീശൻ ഉച്ചകോടിയിൽ പറഞ്ഞു.