പ്രഫ. ഷാജി ജോസഫ്
The Seed of the Sacred Fig (France-Germany/167 minutes/2024)
Director: Mohammad Rasoulof
തന്റെ സിനിമകളിലൂടെ ഇറാനിലെ യാഥാസ്ഥിതിക മതഭരണകൂടത്തിനെതിരായി കടുത്ത നിലപാടുകള്‍ പ്രഖ്യാപിച്ചതിന്റെ പേരില്‍ സംവിധായകന് മുഹമ്മദ് റസൂലോഫ് ഇസ്ലാമിക് റിപ്പബ്ലിക് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി. ഇറാനിയന്‍ സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിന്റെ പേരില്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിട്ട ആളാണ് മുഹമ്മദ് റസൂലോഫ്. മുന്‍ചിത്രങ്ങളുടെ പേരില്‍ രണ്ടുതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട് ഇദ്ദേഹം. അദ്ദേഹത്തിന്റെ പല സിനിമകളും ഇറാനിലെ ഭരണകൂടസെന്സര്ഷിപ്പ്, സാമൂഹിക അനീതി, അടിച്ചമര്‍ത്തല്‍ എന്നിവ മൂലമുള്ള സംഘര്‍ഷത്തെ ആഴത്തില്‍ പരിശോധിക്കുന്നു.
2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സരത്തിലേക്ക് അദ്ദേഹത്തിന്റെ ചിത്രം ‘ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ തിരഞ്ഞെടുക്കപ്പെട്ടു എന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന്, സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും രാജ്യം വിടുന്നത് വിലക്കുകയുണ്ടായി ഇറാന് സര്‍ക്കാര്‍. കൂടാതെ ഫെസ്റ്റിവലില്‍ നിന്നും സിനിമ പിന്‍വലിക്കാന്‍ റസൂലോഫിനെ പ്രേരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിനെ അനുസരിക്കാത്തതിനെത്തുടര്‍ന്ന് റസൂലോഫിനെ എട്ട് വര്‍ഷത്തെ തടവിനും ചാട്ടവാറടിക്കും പിഴയ്ക്കും സ്വത്ത് കണ്ടു കെട്ടുന്നതിനും ശിക്ഷിച്ചു. വിധി പ്രസ്താവന വക വെയ്ക്കാതെ റസൂലോഫ് ഇറാന് അതിര്‍ത്തിയിലെ അപകടകരമായ പര്വതമേഖലകളിലൂടെ കാല്‍നടയായി സഞ്ചരിച്ച്, ദിവസങ്ങളെടുത്ത യാത്രയുടെ അവസാനം ജര്‍മനിയില്‍ അഭയം തേടി.
ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള സമരങ്ങളുടെ പശ്ചാത്തലത്തില്‍, ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിന്റെ ജീവിതത്തിലുണ്ടാകുന്ന രാഷ്ട്രീയവും വ്യക്തിഗതവും തമ്മിലുള്ള സംഘര്‍ഷങ്ങളെ ഈ ചിത്രം ആഴത്തില്‍ അവതരിപ്പിക്കുന്നു. 2022 സെപ്റ്റംബറില്‍ ശരീഅത്ത് നിയമം പ്രകാരം ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചു എന്ന കുറ്റം ചാര്‍ത്തി ‘മഹ്സ അമിനി’ എന്ന പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലിരിക്കെ അവള് മരണപ്പെടുകയും ചെയ്തു. ഇറാനിലെ സദാചാര പൊലീസ് സേനയായ ‘ഗൈഡന്‍സ് പട്രോള്‍’ ആയിരുന്നു ഇതിനുപിന്നില്‍. അമിനിയുടെ കസ്റ്റഡി കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍, സ്വേച്ഛാധിപത്യത്തിനെതിരെ പ്രതികരിക്കുന്ന യുവതയുടെ സമരമാണ് ചിത്രത്തിന്റെ കാതല്‍.
ശക്തമായ സെന്‍സറിങ്ങില്‍ നിന്നും രക്ഷപ്പെടാന്‍ ഇറാന് സിനിമകള്‍ പതിവ് പോലെ പുറംതോടില്‍ കുടുംബ കഥകള്‍ പറയുമ്പോള്‍ തന്നെ ഉള്ളില്‍ ശക്തമായ രാഷ്ട്രീയം ഒളിച്ചു വയ്ക്കുന്നുണ്ട്. ഒട്ടും വിഭിന്നമല്ല ഈ സിനിമയും. മത ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധമായ നിയമങ്ങള്‍ക്കെതിരെയുള്ള ഇറാനിലെ സ്ത്രീകളുടെ പോരാട്ടങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന സോഷ്യല്‍ മീഡിയയുടെ ഇടപെടലുകള്‍ ചിത്രത്തില്‍ ഊന്നി പറയുന്നുണ്ട്. മതവും രാഷ്ട്രീയവും കൂട്ടുചേരുന്ന അധികാരത്തെയും, അവിടെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും സിനിമ ചര്‍ച്ച ചെയ്യുന്നു.
ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമായ ഇമാന് (മിസാഗ് സാരെ) ടെഹ്റാനിലെ വിപ്ലവ കോടതിയിലെ അന്വേഷണ ജഡ്ജിയാണ്. സഹന്യായധിപന്മാരെപ്പോലെ അയാളെയും റബര്‍ സ്റ്റാമ്പാക്കി പ്രവര്‍ത്തിപ്പിക്കാനാണ് ഭരണകൂട ശ്രമം. വിപ്ലവ കോടതിയിലെ ഏറ്റവും സീനിയര്‍ ആയുള്ള അടുത്ത പടിയിലേക്കാണ് അയാളുടെ നോട്ടം. രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെ, ഇമാന്റെ ജീവിതവും മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. ഭാര്യ നജ്മെ (സോഹെയ്ല ഗോളെസ്താനി) മക്കളായ 21 വയസ്സുള്ള റിസ്വാന് (മഹ്സാ റൊസ്താമി) അവളുടെ കൗമാരക്കാരിയായ സഹോദരി സന (സെതാരെ മാലേകി) എന്നിവരടങ്ങുന്ന കുടുംബം ആശങ്കയിലാണ്. ജഡ്ജി എന്ന നിലയില്‍ ഇമാന്റെ ജോലി, കുടുംബത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യ ആഗ്രഹങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ തമ്മിലുള്ള സംഘര്‍ഷം ആണ് ചിത്രത്തിന്റെ മുഖ്യ വിഷയം.
ടെലിവിഷനിലും പത്രങ്ങളിലും പതിവുപോലെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വാര്‍ത്തകളും സോപ്പ് പ്രോഗ്രാമുകളും മാത്രം വരുമ്പോള്‍, നവമാധ്യമങ്ങളിലൂടെ പ്രതിഷേധ സമരം പുറത്തുവരുന്നു. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ജനങ്ങളെ തെരുവിലിട്ടു കശാപ്പ് ചെയ്യുന്ന ഭരണകൂടഭീകരതയെ തിരിച്ചറിയാത്തതെന്താണെന്നാണ് ഇമാനോടുള്ള പെണ്മക്കളുടെ ചോദ്യം.
മഹ്സ അമിനിയുടെ മരണവാര്‍ത്ത ടെലിവിഷനില്‍ കാണുന്ന കുടുംബം. പിതാവായ ഇമാന് മക്കളോട് പറയുന്നത് അത് സ്ട്രോക്കിനെത്തുടര്ന്നുള്ള മരണമാണെന്നാണ്, എന്നാല്‍ റെസ്വാനും സനയും ഇത് വിശ്വസിക്കുന്നില്ല. ‘നുണകള്‍, എല്ലാം നുണകള്‍’ എന്ന് പെണ്‍കുട്ടികള്‍ മുറുമുറുക്കുന്നു. രാജ്യത്തെ നിയമങ്ങള്‍ ദൈവത്തിന്റെ നിയമങ്ങളാണെന്നും പ്രോസിക്യൂട്ടര്‍മാരുടെ ശുപാര്‍ശകള്‍ മറികടക്കുന്നത് തന്റെ ധാര്‍മ്മിക ഉത്തരവാദിത്വമല്ലെന്നുമാണ് അയാളും ഭാര്യയും ഉറച്ചു വിശ്വസിക്കുന്നത്. കൂടാതെ, കുടുംബത്തിന്റെ സുരക്ഷിതത്വം, സ്ഥിരത, സമൃദ്ധി എന്നിവയും അവര്‍ ആഗ്രഹിക്കുന്നു.
റസൂലോഫിന്റെ സംവിധാന മികവ് ചിത്രത്തിന്റെ ഓരോ രംഗത്തും പ്രകടമാണ്. കഥയുടെ ഗാഢതയും കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളും അദ്ദേഹം നന്നായി അവതരിപ്പിക്കുന്നു. ഇറാനിയന്‍ സിനിമയെ ലോക വേദികളിലെത്തിച്ച ജാഫര്‍ പനാഹിയുടെ ശക്തമായ സ്പര്ശങ്ങള് സൂലോഫിന്റെ സിനിമകളില്‍ ധാരാളമായി കാണാം. റസൂലോഫിന്റെ സംവിധാന മികവും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. മിസാഗ് സാരെ, ഇമാന്റെ കഥാപാത്രത്തെ ഗാഢമായും വിശ്വാസ്യതയോടെയും അവതരിപ്പിക്കുന്നു. സോഹെയ്ല ഗോളെസ്താനിയുടെ നജ്മെ, ഒരു ഭാര്യയും മാതാവുമായുള്ള സംഘര്‍ഷങ്ങളെ ഭാവപൂര്‍ണ്ണമായി പ്രകടിപ്പിക്കുന്നു. മഹ്സാ റൊസ്താമിയും, സെതാരെ മാലെക്കിയും യുവതികളുടെ സ്വാതന്ത്ര്യ ആഗ്രഹങ്ങളെയും അവരുടെ ആന്തരിക സംഘര്‍ഷങ്ങളെയും അനായാസമായി അവതരിപ്പിക്കുന്നു.
‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള സമരങ്ങളുടെ പശ്ചാത്തലത്തില്‍, വ്യക്തിഗത സ്വാതന്ത്ര്യവും രാഷ്ട്രീയ നിയന്ത്രണവും തമ്മിലുള്ള സംഘര്‍ഷത്തെ ആഴത്തില്‍ പരിശോധിക്കുന്നു. ചിത്രം പ്രേക്ഷകരെ ആന്തരികമായി ചിന്തിപ്പിക്കുകയും സമൂഹത്തിലെ പാരമ്പര്യങ്ങളെയും നിയമങ്ങളെയും ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സമകാലീന രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ ഈ ചിത്രം നിര്‍ബന്ധമായും കാണേണ്ടതാണ്. ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ ഒരു ശക്തമായ, നിര്‍ഭയമായ, മനോഹരമായ സിനിമാനുഭവം നല്കുന്നു. 167 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ ചിലപ്പോള്‍ പ്രേക്ഷകരെ ചെറുതായി മടുപ്പിക്കുമെങ്കിലും ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം അത് മറികടക്കുന്നു. ഇറാനിയന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി സംസാരിക്കുന്ന ഈ സിനിമ ഐഎഫ്എഫ്കെ 2024 ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.