ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി ബിജെപി. പത്ത് വർഷമായി ഡൽഹി ഭരിക്കുന്ന എഎപിയെ തൂത്തെറിഞ്ഞാണ് ബിജെപിയുടെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും വോട്ടെണ്ണി തീര്‍ന്നു. 70ല്‍ 48 സീറ്റുകള്‍ സ്വന്തമാക്കി ബിജെപിയുടെ വമ്പന്‍ തിരിച്ചു വരവാണ് അന്തിമ ഫലം വരുമ്പോള്‍ ഉറപ്പാകുന്നത്. ശേഷിക്കുന്ന 22 സീറ്റുകള്‍ എഎപിയും ജയിച്ചു. കോണ്‍ഗ്രസ് ഇത്തവണയും പൂജ്യം സീറ്റില്‍ തന്നെ.
കാല് നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനു ശേഷം ഡല്‍ഹി ബിജെപി ഭരിക്കും. 45.91 ശതമാനം വോട്ട് വിഹിതവുമായാണ് ബിജെപി ഇടവേളയ്ക്ക് ശേഷം ഡല്‍ഹി പിടിച്ചത്. വന്‍ പരാജയം സംഭവിച്ചെങ്കിലും എഎപിയുടെ വോട്ട് വിഹിതം 43.56 ശതമാനമുണ്ട്. ബിജെപിയുമായി 2.35 ശതമാനം മാത്രമാണ് വ്യത്യാസം.
വിജയത്തിനൊപ്പം വോട്ട് വിഹിതത്തില്‍ ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്കായി. 38.51 ശതമാനം വോട്ട് വിഹിതമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായിരുന്നത്. ഇത്തവണ 7.4 ശതമാനം വോട്ട് വിഹിതം വര്‍ധിച്ചു.