ഡോ. മാര്ട്ടിന് എന്‍ ആന്റണി ഒ. ഡി എം
സ്വാതന്ത്ര്യത്തോടുള്ള സ്നേഹത്തെ ആരും ചോദ്യം ചെയ്യില്ല. അതൊരു ടേക്കണ്‍ ഫോര്‍ ഗ്രാന്‍ഡഡ് യാഥാര്‍ത്ഥ്യമാണ്. ആ സ്നേഹത്തെ പ്രശംസിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ വാസ്തവത്തില്‍ ഇന്ന് ആ സ്നേഹം കൂടുതല്‍ അപകടങ്ങളിലേക്കാണ് കാര്യങ്ങളെ കൊണ്ടുപോകുന്നത്. കാരണം, സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഉത്തരവാദിത്വത്തില്‍ നിന്നും, അതിന്റെ മൂല്യത്തില്‍ നിന്നും പലരും ഒഴിഞ്ഞുമാറുകയാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം എന്ന സങ്കല്പം അതിന്റെ വിപരീത ഫലമാണ് ഉളവാക്കുന്നത്. അതായത് സ്വാതന്ത്ര്യം എന്നു കരുതി ഇറങ്ങിത്തിരിക്കുന്നവരില്‍ പലരും അടിമത്തത്തിന്റെ ചങ്ങലകളിലേക്കാണ് എത്തിപ്പെടുന്നത്.
എറിക് ഫ്രോമിന്റെ ഒരു പുസ്തകമുണ്ട്; പേര് എസ്കേപ്പ് ഫ്രം ഫ്രീഡം എന്നാണ്. സ്വാതന്ത്ര്യത്തില്‍ നിന്നും രക്ഷപ്പെടുക എന്ന കൈപ്പേറിയ നാമമാണത്. 1941 ലാണ് അദ്ദേഹം ഈ പുസ്തകം എഴുതിയത്. എങ്ങനെയാണ് നാസി ഭരണകൂടത്തിന് കീഴടങ്ങാന്‍ ജര്‍മ്മന്‍ ജനത സമ്മതിച്ചതെന്ന ചോദ്യത്തിനുള്ള മനഃശാസ്ത്രപരമായ ഉത്തരം തേടല്‍ കൂടിയാണത്. കോണ്‍ഗ്രസ് കാലയളവിലെ ആഗോളവല്ക്കരണത്തിനു ശേഷം, നരേന്ദ്രമോദി എന്ന ബിംബത്തിന്റെ വരവിന് ശേഷം, എല്ലാവരുടെയും സ്വാതന്ത്ര്യം പരിധികളില്ലാതെ വളരുമെന്നാണ് കരുതിയത്. എന്നാല്‍ അത് താഴേക്ക് നീങ്ങുകയാണ്. എല്ലാ വ്യത്യാസങ്ങള്ക്കുമപ്പുറത്തും നിന്നുകൊണ്ട് നിരീക്ഷിച്ചാല്‍ ഒരു കാര്യം മനസ്സിലാവും; ഭാരത മണ്ണില്‍ മിക്കവാറും എല്ലായിടത്തും സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
സ്വാതന്ത്ര്യം എങ്ങനെ അടിമത്തമായി മാറുന്നു എന്നതിന്റെ ചരിത്രം പുരാതനമാണ്. ബൈബിള്‍ പോലും അതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അമിതസ്വാതന്ത്ര്യം നേര്‍വിപരീതമായ ഫലം കൊണ്ടുവരും. അത് അസന്തുലിതാവസ്ഥ സൃഷ്ടിക്കും. അസന്തുലിതാവസ്ഥ ഭയത്തെ ജനിപ്പിക്കും. ഭയം നമ്മെക്കൊണ്ട് ഒരു സ്വേച്ഛാധിപതിയിലൊ അല്ലെങ്കില്‍ ഒരു സ്വര്‍ണ്ണ കാളക്കുട്ടിയിലൊ ആശ്രയിക്കാന്‍ പ്രേരിപ്പിക്കും. അങ്ങനെ നമ്മള് അടിമത്വത്തിലേക്ക് ആത്മസമര്‍പ്പണം ചെയ്യുന്നവരായി തീരും.
ഒരു സാമ്പത്തിക ശക്തി എന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ച അത്ഭുതാവഹമാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. അപ്പോഴും ഒരു കാര്യം മനസ്സിലാക്കണം, നീതിയുടെയും നിയമസാധുതയുടെയും സംസ്കാരം സൃഷ്ടിക്കാന്‍ സാമ്പത്തിക വളര്‍ച്ച പര്യാപ്തമല്ല. സാമ്പത്തിക വളര്‍ച്ചയെയും സാമൂഹിക ഉത്തരവാദിത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഒന്നിച്ചു കൊണ്ടുവന്ന് ഒരു നിയമസമ്പ്രദായമാക്കി മാറ്റുക എന്ന കളി ചരിത്രത്തില്‍ പല സ്വേച്ഛാധിപതികളും കളിച്ചു നോക്കിയിട്ടുണ്ട്. അതിന് എതിര്പക്ഷത്തിരിക്കുന്നവര് എല്ലാവരും ശത്രുകളാണ് എന്ന ചീട്ട് ഇറക്കിയാല്‍ മാത്രം മതി. അങ്ങനെയുള്ള ചീട്ടുകള്‍ ഇറക്കിയാണ് പല സ്വേച്ഛാധിപതികളും ആഭ്യന്തര തലങ്ങളിലുള്ള പ്രശ്നങ്ങളില്‍ നിന്നും അസമത്വങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത്. ദേശീയതയുടെ പതാകയ്ക്ക് പിന്നില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായിരിക്കണം എന്ന അലിഖിത നിയമമാണ് അവരുടെ ആശ്രയം. ഒപ്പംചേരാത്തവന് രാജ്യദ്രോഹിയാണ്. അങ്ങനെ വരുമ്പോള്‍ ചെറുത്തുനില്‍ക്കുന്നവരുടെ എണ്ണം ചുരുങ്ങും. വഴങ്ങാത്ത വീരന്മാരുടെ ശബ്ദങ്ങള്‍ ഒറ്റപ്പെടും. ആ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ സ്വേച്ഛാധിപതിയുടെ പക്ഷത്തുള്ളവര്‍ക്ക് അസഹനീയമാകും. വിചാരണ കൂടാതെ ജയില്‍വാസം അനുഭവിക്കുന്നവരുടെ എണ്ണം അനുദിനം എന്നപോലെ വര്‍ദ്ധിക്കും.
2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് ഉത്തരാധുനികലോകം വലതുപക്ഷ തീവ്രവാദ ചിന്തകളിലേക്ക് തിരിയാന്‍ തുടങ്ങിയത്. എന്തുകൊണ്ട് യുവാക്കള്‍ തീവ്രവാദ-വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് തിരിയുന്നുവെന്നു ചോദിച്ചാല്‍, ഉത്തരം രാജ്യം അവര്‍ക്കായി നല്‍കിയത് സാമ്പത്തികമായ അസംതൃപ്തിയായിരുന്നു എന്നേ പറയാന്‍ സാധിക്കു. അതുകൊണ്ടുതന്നെ ജീവിതത്തോടുള്ള ആദരവും സാമൂഹികമായ ഐക്യദാര്‍ഢ്യവും ഇല്ലാതായി. അരക്ഷിതാവസ്ഥയും നീരസവും വ്യക്തികളുടെ ഇടയില്‍ വര്‍ദ്ധിച്ചു. സമൂഹങ്ങള്‍ ധ്രുവീകരിക്കപ്പെട്ടു. പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായി യുദ്ധത്തെ പലരും സ്വീകരിച്ചു. എന്നിട്ട് മുദ്രാവാക്യം എന്നപോലെ എല്ലാവരും വിളിച്ചുപറയുന്നു; ‘സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം’. ഇതിനേക്കാള്‍ വലിയ വിരോധാഭാസം ഇനി വേറെയുണ്ടോ!
ഫെബ്രുവരി ഒന്നാം തീയതിയാണ് ധനകാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന് ലോകസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ചത്. കോര്‍പ്പറേറ്റുകള്‍ ബഡ്ജറ്റിനെ വാനോളം പുകഴ്ത്തുന്നുണ്ട്. കൃഷി, മധ്യവര്‍ഗ്ഗം, കയറ്റുമതി, സ്റ്റാര്‍ട്ടപ്പുകള്‍, ബിസിനസുകള്‍, നവീകരണം, നിക്ഷേപം തുടങ്ങിയ മേഖലകള്‍ക്കാണ് ബജറ്റ് ഊന്നല്‍ നല്കിയിരിക്കുന്നതത്രേ. ‘. പത്തുവര്‍ഷമായി എല്ലാ ബഡ്ജറ്റിന് ശേഷവും പാവപ്പെട്ടവര്‍ക്കാണ് പ്രാധാന്യം കൊടുത്തത് എന്ന വീരവാദം കേള്‍ക്കുന്നുണ്ട്. അത് ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രി നടത്തുന്നുമുണ്ട്. അപ്പോഴും ഒരു കാര്യം നമ്മള് തിരിച്ചറിയണം. അടിത്തട്ടില്‍ നിന്നുള്ള സാമ്പത്തിക വളര്‍ച്ചയുടെയും എല്ലാവര്ക്കും സ്വാതന്ത്ര്യത്തിന്റെയും ഉജ്ജ്വലവും നിഷ്കളങ്കവുമായ ആഗോളവല്‍ക്കരണം ഇനിയില്ല. കൂടുതല്‍ ഇരുണ്ടതും ആശങ്കാജനകവുമായ ഒരു സംഘര്‍ഷത്തിലേക്കാണ് ക്രമാനുഗതമായി ഇത് നമ്മെ കൊണ്ടെത്തിക്കുക. ഈ അവസ്ഥയെ ഒരു വ്യക്തിഗത യുക്തിയിലേക്ക് വിവര്‍ത്തനം ചെയ്താല്‍ അവിടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭയവും അതിന്റെ പൊട്ടിത്തെറിയും സംഭവിക്കും. കാരണം സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നതാണ് സത്യം. സംരംഭങ്ങള്‍ ചൂഷണമാകുന്നിടത്ത്, അപരിചിതന് ശത്രുവാകുന്നിടത്ത്, സ്വാതന്ത്ര്യം ഒരിക്കലും നമുക്ക് ചിറകുകള് നല്‍കില്ല. അങ്ങനെ വരുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം തന്നെ നമുക്ക് അടിമത്തമായി മാറും. ആ അടിമത്തത്തില്‍ നിന്നും നമുക്ക് പിന്നീട് ഒരിക്കലും പുറത്ത് കടക്കാന്‍ സാധിക്കില്ല. അവിടെ നമ്മുടെ സ്വരങ്ങള്‍ അടക്കിപ്പിടിച്ച നെടുവീര്‍പ്പുകളാകും. വെറുതെയല്ല യുവാക്കള്‍ നാടുവിടുന്നത്. അതിനെക്കുറിച്ച് ഒരു ബഡ്ജറ്റും ഒന്നും പറയുന്നില്ല.
പിന് കുറിപ്പ്: ‘മോദി കൊടുക്കുന്നതല്ലാതെ എന്താണ് കേരളത്തിലുള്ളത്?’ ചോദിക്കുന്നത് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് ആണ്. ശരിയാണ്. പുതിയൊരു ഭക്തഗാനം സംഘപുത്രന്മാര് പാടി നടക്കുന്നുണ്ട്.
‘മോദി തന്നതല്ലാതൊന്നും
ഇല്ലയെന്റെ കേരളത്തില്‍;
മോദിജീടെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍.’