തിരുവനന്തപുരം: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടാനുള്ള ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് – 2025’മായി വിജിലൻസ് മുന്നോട്ട്.
കേരളത്തിൽ കഴിഞ്ഞ മാസം കൈക്കൂലി വാങ്ങി പിടിയിലായത് ഒൻപത് പേർ. ഓപ്പറേഷൻ ഊർജസ്വലമായി നടപ്പിലാക്കാൻ മുഴുവൻ വിജിലൻസ് യൂണിറ്റുകൾക്കും വിജിലൻസ് ഡയറക്ടർ നിർദേശം നൽകി.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ സമഗ്രമായ ഒരു ലിസ്റ്റും വിശദ വിവരങ്ങളും ഇതിന്റെ ഭാഗമായി വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ യഥാസമയം വിജിലൻസ് യൂണിറ്റുകളെ അറിയിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ ഇതിന്റെ ഭാഗമായി വിജിലൻസ് നടപ്പിലാക്കി വരുന്നുണ്ട്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി വിപുലമായി നടത്തികൊണ്ടിരുക്കുന്ന ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് – 2025ൽ ജനുവരി മാസം മാത്രം എട്ട് ട്രാപ്പ് കേസുകളിലായി ഒൻപത് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ വിജിലൻസ് കൈയോടെ പിടികൂടി. വിജിലൻസിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ ഒരൊറ്റ മാസം മാത്രം അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും, വിജയകരമായ ട്രാപ്പ് കേസുകളുടെ എണ്ണത്തിലും ഏറ്റവും ഉയർന്ന കണക്കാണ് ജനുവരി മാസത്തിലേത്.